ആദായനികുതി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുമെന്ന് ധനമന്ത്രാലയം, വിശദമായ അറിയിപ്പ് ഈ മാസം അവസാനത്തോടെ
ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് പുറത്തിറക്കും.
ദില്ലി: കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം നികുതിദായകർക്ക് സർക്കാർ നൽകുന്ന ദുരിതാശ്വാസ നടപടികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ആദായനികുതി വകുപ്പ് ആദായനികുതി റിട്ടേൺ (ഐടിആർ) ഫോമുകൾ പരിഷ്കരിക്കുന്നു.
കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അനുവദിച്ച വിവിധ ടൈംലൈൻ എക്സ്റ്റൻഷനുകളുടെ മുഴുവൻ ആനുകൂല്യങ്ങളും ആദായനികുതിദായകർക്ക് പ്രാപ്തമാക്കുന്നതിന്, സിബിഡിടി 2019 -20 സാമ്പത്തിക വർഷത്തെ (അസസ്മെന്റ് ഇയർ 2020-21) റിട്ടേൺ ഫോമുകളാണ് പരിഷ്കരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് പുറത്തിറക്കും” ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
പുതുക്കിയ ഐടിആർ ഫോമുകൾ നികുതിദായകർക്ക് 2020 ഏപ്രിൽ ഒന്ന് മുതൽ 2020 ജൂൺ 30 വരെ നടത്തിയ ഇടപാടുകളിൽ ഇളവുകൾ അനുവദിക്കും. ഈ വർഷം ഐടിആർ ഫയൽ ചെയ്യുന്നതിനായി ആദായനികുതി വകുപ്പ് ജൂലൈ 31 വരെ നീട്ടാൻ സാധ്യതയുണ്ട്. ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി റിട്ടേൺ ഫയലിംഗ് യൂട്ടിലിറ്റി മെയ് 31 നകം ലഭ്യമാക്കും.