2021 ൽ ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങളിൽ വൻ വർധന, കൂടുതൽ വെല്ലുവിളി സാമ്പത്തിക സേവന രം​ഗത്തിന്: ട്രാന്‍സ് യൂണിയൻ

ആഗോള തലത്തില്‍ 40,000 വെബ്‌സൈറ്റുകളിലും ആപ്പുകളിലും നടന്ന കോടിക്കണക്കിന് ഇടപാടുകളില്‍ നടത്തിയ വിശകലനത്തെ തുടര്‍ന്നാണ് ട്രാന്‍സ് യൂണിയന്‍ ഈ നിഗമനത്തിലെത്തിയത്. 

financial services digital fraud attempts increased world widely

ദില്ലി: ഇന്ത്യയില്‍ ഓണ്‍ലൈന്‍ ബാങ്കിം​ഗിലേക്കും മറ്റു സാമ്പത്തിക ഇടപാടുകളിലേക്കും കടക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതനുസരിച്ച് തട്ടിപ്പുകള്‍ക്കുള്ള ശ്രമങ്ങളും വര്‍ധിക്കുന്നതായി ട്രാന്‍സ് യൂണിയന്റെ റിപ്പോർട്ട്. 2020 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള നാല് മാസങ്ങളെ അപേക്ഷിച്ച് 2021 ജനുവരി ഒന്നു മുതല്‍ മെയ് ഒന്നു വരെയുള്ള നാല് മാസകാലത്ത് ഇന്ത്യയില്‍ നിന്നുള്ള സാമ്പത്തിക സേവന ബിസിനസുകളില്‍ ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങളെന്ന് സംശയിക്കപ്പെടുന്നവയുടെ കാര്യത്തില്‍ 89 ശതമാനം വര്‍ധനവുണ്ടായി. ആഗോള തലത്തില്‍ സാമ്പത്തിക സേവന തട്ടിപ്പ് ശ്രമങ്ങളില്‍ 149 ശതമാനമാണ് വര്‍ധനവാണുണ്ടായത്. ഉയർന്ന മൂല്യമുളള ഇടപാടുകളെയാണ് തട്ടിപ്പുകാർ കൂടുതലും ലക്ഷ്യം വയ്ക്കുന്നത്.

ആഗോള തലത്തില്‍ 40,000 വെബ്‌സൈറ്റുകളിലും ആപ്പുകളിലും നടന്ന കോടിക്കണക്കിന് ഇടപാടുകളില്‍ നടത്തിയ വിശകലനത്തെ തുടര്‍ന്നാണ് ട്രാന്‍സ് യൂണിയന്‍ ഈ നിഗമനത്തിലെത്തിയത്. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രാഫിക്കാണ് ഈ വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കും എത്തുന്നത്.

ആഗോള വ്യാപകമായി ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ ഉയരുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും തട്ടിപ്പുകള്‍ തടയുന്നതിനുള്ള വിഭാഗത്തിന്റെ മേധാവിയുമായ ഷലീന്‍ ശ്രീവാസ്തവ പറഞ്ഞു. ഉയര്‍ന്ന മൂല്യമുളള ഇടപാടുകള്‍ കൂടുതലും നടക്കുന്നതിനാല്‍ സാമ്പത്തിക സേവന രംഗത്താണ് തട്ടിപ്പുകള്‍ക്കുള്ള  കൂടുതല്‍ ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ടെലികോം രംഗത്ത്  തട്ടിപ്പ് സംശയിക്കുന്ന സംഭവങ്ങളുടെ കാര്യത്തില്‍ 18.54 ശതമാനവും യാത്രകളുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ 11.57 ശതമാനവും വര്‍ധനവാണുണ്ടായത്.  ഗെയിമിം​ഗുമായും ലോജിസ്റ്റിക്കുമായും ബന്ധപ്പെട്ട തട്ടിപ്പ് ശ്രമങ്ങളെന്ന് സംശയിക്കുന്നവയുടെ കാര്യത്തില്‍ കുറവുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios