വ്യാജ ഇൻവോയ്സുകൾ തടയാൻ ആധാർ മാതൃകയിൽ രജിസ്ട്രേഷൻ നടപ്പാക്കണം: ജിഎസ്ടി കൗൺസിൽ നിയമ സമിതി
ബാങ്കുകൾ, പോസ്റ്റോഫീസുകൾ, ജിഎസ്ടി സേവാ കേന്ദ്രങ്ങൾ (ജിഎസ്കെ) എന്നിവിടങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കാം.
ദില്ലി: വ്യാജ ഇൻവോയ്സുകൾ നൽകുന്നവരെ ഒഴിവാക്കാൻ രജിസ്ട്രേഷൻ പ്രക്രിയ കർശനമാക്കാൻ ജിഎസ്ടി കൗൺസിലിന്റെ നിയമ സമിതി ശുപാർശ. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
രണ്ട് ദിവസത്തെ യോഗത്തിന് ശേഷം സമർപ്പിച്ച ശുപാർശ റിപ്പോർട്ടിലാണ് വിവരങ്ങളുളളത്. ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിന് കീഴിൽ പുതിയ അപേക്ഷകർക്കായി ആധാറിന് സമാനമായ രജിസ്ട്രേഷൻ പ്രക്രിയ അവതരിപ്പിക്കാനാണ് കമ്മിറ്റി നിർദ്ദേശം. ഫോട്ടോയും മറ്റ് രേഖകളും ബയോമെട്രിക് സംവിധാനവും ഉപയോഗിച്ച് ഓൺലൈനിൽ ഒരു പുതിയ രജിസ്ട്രേഷൻ ഇതും പ്രകാരം നടത്താമെന്ന് റിപ്പോർട്ട് പറയുന്നു. ഇതിലൂടെ വ്യാജന്മാരുടെ ശല്യം ഒഴിവാക്കാനാകുമെന്നാണ് സമിതിയുടെ നിഗമനം.
ബാങ്കുകൾ, പോസ്റ്റോഫീസുകൾ, ജിഎസ്ടി സേവാ കേന്ദ്രങ്ങൾ (ജിഎസ്കെ) എന്നിവിടങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കാം. വ്യാജ രജിസ്ട്രേഷൻ തടയാനായി പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ മാതൃകയിലുളള സംവിധാനം തയ്യാറാക്കുന്നതിലൂടെ ജിഎസ്കെകൾക്ക് കഴിയുമെന്നാണ് സമിതിയുടെ കണ്ടെത്തൽ.