ഇപിഎഫ്, ഇഎസ്ഐ വിഹിതം അടയ്ക്കാൻ തൊഴിലുടമകൾക്ക് സാവകാശം ലഭിച്ചേക്കും
വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് ലോക്ക്ഡൗണുകൾ തുടരുന്ന പശ്ചാത്തലത്തിൽ കമ്പനികളുടെ കൈവശം കൂടുതൽ പണം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രിലിലെ ഇപിഎഫ് വിഹിതം അടയ്ക്കാൻ തൊഴിലുടമകൾക്ക് കൂടുതൽ സമയം അനുവദിച്ചേക്കും. ജൂൺ പകുതി വരെ സാവകാശം ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇഎസ്ഐ വിഹിതം അടയ്ക്കുന്നതിന് സാവകാശം അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് ലോക്ക്ഡൗണുകൾ തുടരുന്ന പശ്ചാത്തലത്തിൽ കമ്പനികളുടെ കൈവശം കൂടുതൽ പണം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
ഇഎസ്ഐ വിഹിതം അടയ്ക്കുന്നതിന് സാവകാശം നൽകുന്നത് വഴി 1,400 കോടി രൂപയോളവും ഇപിഎഫ് വിഹിതം അടയ്ക്കുന്നതിന് സാവകാശം നൽകുന്നത് വഴി 12,500 കോടി രൂപയോളവും തൊഴിലുടമകൾക്ക് കൈവശം വയ്ക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. പോയ വർഷം സമാനമായി മൂന്ന് മാസത്തെ ഇളവ് തൊഴിലുടമകൾക്ക് നൽകിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona