പൊതുമേഖലാ ബാങ്കിൽ അക്കൗണ്ടുണ്ടോ? എങ്കിൽ സേവനങ്ങൾ ഇനി വീട്ടുപടിക്കലെത്തും
മൈക്രോ എടിഎം വഴിയാണ് സേവനങ്ങൾ ലഭിക്കുക. ആയിരം രൂപ മുതൽ 10000 രൂപ വരെയുള്ള ഇടപാടുകൾ ഇതിലൂടെ നടത്താനാവും.
ദില്ലി: നിങ്ങൾ രാജ്യത്തെ പൊതുമേഖലാ ബാങ്കിന്റെ ഉപഭോക്താവാണോ? എങ്കിൽ ഇനി മുതൽ സേവനങ്ങൾ വീട്ടുപടിക്കലെത്തും. സാമ്പത്തികവും സാമ്പത്തികേതരവുമായ പ്രധാന സേവനങ്ങൾ ഉപഭോക്താവിന് അനായാസം ലഭ്യമാക്കാവുന്ന തരത്തിലുള്ള ഒരു കൂട്ടായ്മയ്ക്ക് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകൾ രൂപം നൽകി.
അത്യാതി ടെക്നോളജീസ്, ഇന്റഗ്ര മൈക്രോസിസ്റ്റം എന്നിവയുമായി ചേർന്നാണ് വീട്ടുപടിക്കൽ സേവനങ്ങൾ എത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സേവനം ലഭിക്കുക.
ഡിഎസ്പി ആപ്പ് വഴിയോ വെബ് പോർട്ടൽ വഴിയോ ടോൾ ഫ്രീ നമ്പർ വഴിയോ പണം പിൻവലിക്കാൻ ഇതിലൂടെ സാധിക്കും. ഇതിനായി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. മൈക്രോ എടിഎം വഴിയാണ് സേവനങ്ങൾ ലഭിക്കുക. ആയിരം രൂപ മുതൽ 10000 രൂപ വരെയുള്ള ഇടപാടുകൾ ഇതിലൂടെ നടത്താനാവും.
പത്ത് സാമ്പത്തികേതര സേവനങ്ങളും ലഭ്യമാകും. ചെക്ക് പിക്ക്അപ്പ്, പുതിയ ചെക്ക് ബുക്ക് റിക്വസ്റ്റ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഡെലിവറി, പിക്ക് അപ് ഫോം ഓഫ് 15ജി അല്ലെങ്കിൽ 15എച്ച് തുടങ്ങിയ സേവനങ്ങൾ ലഭിക്കും. എല്ലാ സേവനങ്ങൾക്കും ബാങ്ക് നിരക്ക് ഈടാക്കും.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ 12 പൊതുമേഖല ബാങ്കുകൾ സഖ്യത്തിന്റെ ഭാഗമാണ്. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ പുരോഗമിക്കുന്നതായാണ് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona