എന്താണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സംവിധാനമായ 'ഇ-റുപ്പി', എവിടെ ഉപയോഗിക്കാം?
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്.
രാജ്യത്ത് ഇ-റുപ്പി സേവനം ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുകയാണ്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സർക്കാർ എത്തുന്നത്. ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്.
ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചർ അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
എന്താണ് ഇ-റുപ്പി, സംവിധാനം എങ്ങനെ ഉപയോഗിക്കാം?
ഡിജിറ്റൽ പേയ്‍മെന്റിന്റെ കറൻസി രഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ-റുപ്പി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചർ എത്തുക.
ഇ- റുപ്പി പേയ്‍മെന്റ് സേവനത്തിന്റെ സഹായത്തോടെ, കാർഡ്, ഡിജിറ്റൽ പേയ്‍മെന്റ് അപ്ലിക്കേഷൻ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്സിസ്സ് തുടങ്ങിയവയുടെ സഹായം ഇല്ലെതെ തന്നെ ഉപഭോക്താവിന് വൗച്ചർ റിഡീം ചെയ്യാൻ കഴിയും.
ഇ-റുപ്പി എങ്ങനെ പ്രവർത്തിക്കും?
സ്പോൺസർമാരെയും ഗുണഭോക്താക്കളെയും സേവന ദാതാക്കളെയും ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ഡിജിറ്റൽ രീതിയിൽ ഈ സംവിധാനം ബന്ധിപ്പിക്കുന്നു. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ ആരാണോ സേവനദാതാവ് അയാളിലേക്ക് പേയ്‍മെന്റ് നടത്തുകയുള്ളൂവെന്ന് ഉറപ്പാക്കുന്നു. ഇ-റുപ്പി ഒരു പ്രീ-പെയ്ഡ് സംവിധാനമാണ്, അതിനാൽ ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണം നൽകാൻ സാധിക്കുന്നു.
ഇ-റുപ്പി എവിടെ ഉപയോഗിക്കാം?
മാതൃ-ശിശുക്ഷേമ പദ്ധതികൾ, ടിബി നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ മരുന്നുകളും ഡയഗ്നോസ്റ്റിക്സ് സേവനങ്ങളും ലഭിക്കാൻ, പോഷക പിന്തുണ നൽകുന്നതിനായുളള പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങൾ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാം. വളം സബ്സിഡി തുടങ്ങിയവയ്ക്കും ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം. സ്വകാര്യമേഖലയ്ക്ക് ഈ ഡിജിറ്റൽ വൗച്ചറുകളെ അവരുടെ ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും (സിഎസ്ആർ) ഭാഗമായി പ്രയോജനപ്പെടുത്താൻ സാധിക്കും. ഭാവിയിൽ മറ്റ് സേവനങ്ങളിലേക്കും ഇ-റുപ്പി സംവിധാനം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാരിന് ആലോചനയുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona