ഈ പൊതുമേഖലാ ബാങ്കുകൾ ഏപ്രിൽ ഒന്ന് വരെ മാത്രം; നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
സിൻഡിക്കേറ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അവരുടെ ചെക്ക് ബുക്കുകൾ ജൂൺ 30 വരെ ഉപയോഗിക്കാനാവും. ഉപഭോക്താക്കൾ ബാങ്കുകളിൽ അന്വേഷിച്ച് വിവരങ്ങൾ അറിയാൻ ശ്രമിക്കണം.
ദില്ലി: ഇനി മണിക്കൂറുകൾ മാത്രമേ രാജ്യത്തെ ചില പൊതുമേഖലാ ബാങ്കുകളുടെ സേവനങ്ങൾ ലഭിക്കൂ. പിന്നീടവ ചരിത്രത്തിന്റെ ഭാഗമാകും. ലയന നടപടികളുടെ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന എട്ട് പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളിലൊരാളാണ് നിങ്ങളെങ്കിൽ നിശ്ചയമായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ദേന ബാങ്ക് എന്നിവയാണ് ലയന നടപടികളുടെ അന്തിമ ദിവസങ്ങളിലൂടെ നീങ്ങുന്നത്.
അതുകൊണ്ട് തന്നെ അക്കൗണ്ട് നമ്പർ, ചെക്ക് ബുക്ക്, കാർഡുകൾ, ഐഎഫ്എസ്ഇ കോഡ്, എംഐസിആർ നമ്പർ എന്നിവയിൽ മാറ്റമുണ്ടായേക്കും. ലയിക്കുന്ന ബാങ്കുകളുടെ ചെക്ക് ബുക്ക് ഏപ്രിൽ ഒന്ന് മുതൽ സാധുതയില്ലാതായി മാറും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കുന്നതിനാൽ മാർച്ച് 31 ന് ശേഷം ചെക്ക് ബുക്കുകൾക്ക് സാധുതയില്ലാതാവും.
സിൻഡിക്കേറ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അവരുടെ ചെക്ക് ബുക്കുകൾ ജൂൺ 30 വരെ ഉപയോഗിക്കാനാവും. ഉപഭോക്താക്കൾ ബാങ്കുകളിൽ അന്വേഷിച്ച് വിവരങ്ങൾ അറിയാൻ ശ്രമിക്കണം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഐഎഫ്എസ്ഇ കോഡ് മാറുന്നുണ്ടെങ്കിലും അക്കൗണ്ട് നമ്പറിൽ മാറ്റമുണ്ടാകില്ല. ഓരോ ബാങ്കുകളുടെയും ലയനത്തിൽ വ്യത്യസ്ത നടപടികളായതാണ് ഇതിന് കാരണം.
ഏപ്രിൽ ഒന്നിന് ശേഷം ഇല്ലാതാകുന്ന ബാങ്കുകളിൽ നിന്ന് ലോൺ എടുത്തവർ ഇനി വായ്പ തിരിച്ചടക്കേണ്ടത് തങ്ങളുടെ ബാങ്ക് ലയിക്കുന്ന ബാങ്കിലാണ്. ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കിൽ ഒരിടത്തും മാറ്റമുണ്ടാകില്ല. എന്നാൽ, ഇവ കാലാവധി തീരുന്ന മുറയ്ക്ക് പുതുക്കി വെക്കുകയാണെങ്കിൽ പലിശ നിരക്ക് മാറും.
ലയനം ഉപഭോക്താക്കൾക്ക് ഒരു പ്രയാസം സൃഷ്ടിക്കുമെങ്കിലും സ്വന്തം ഉത്തരവാദിത്തമായി കണ്ട് മാറ്റത്തിന് വിധേയരാവാൻ ശ്രമിക്കണം. ബാങ്ക് ചെയ്യട്ടെയെന്ന് കരുതിയിരിക്കുന്നത് ചിലപ്പോൾ കൂടുതൽ പ്രയാസത്തിന് കാരണമായേക്കും.