നിക്ഷേപകർക്ക് സന്തോഷിക്കാം; ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ ഉയർത്തി
പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളുടെ പലിശയും ഉയർത്തി. ഇതോടെ നിക്ഷേപകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാം
ദില്ലി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. സമ്പദ്‌വ്യവസ്ഥയിലെ ഉയർന്നു വരുന്ന പലിശ നിരക്കുകൾക്ക് അനുസൃതമായി 2023 ഏപ്രിൽ-ജൂൺ പാദത്തിലേക്കുള്ള പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് പലിശ നിരക്ക് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് പ്രഖ്യാപനം. പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളുടെ പലിശ 0.7 ശതമാനം വരെ ഉയർത്തി.
ജനപ്രിയ പദ്ധതിയായ പിപിഎഫിന്റെയും സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെയും പലിശ നിരക്ക് യഥാക്രമം 7.1 ശതമാനത്തിലും 4 ശതമാനത്തിലും നിലനിർത്തിയപ്പോൾ മറ്റ് സേവിംഗ് സ്‌കീമുകളിൽ 0.1 ശതമാനത്തിനും 0.7 ശതമാനത്തിനും ഇടയിൽ വർധിപ്പിച്ചതായി ധനമന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.
2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ (എൻഎസ്‌സി) പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയരും.
പെൺകുട്ടികള്‍ക്കുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധിയുടെ പുതിയ നിരക്ക് 7.6 ശതമാനത്തിൽ നിന്ന് 8 ശതമാനമായി ഉയർത്തി. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെയും കിസാൻ വികാസ് പത്രയുടെയും (കെവിപി) പലിശ നിരക്ക് യഥാക്രമം 8.2 ശതമാനവും 7.6 ശതമാനവുമാക്കി ഉയർത്തി.
കഴിഞ്ഞ പാദത്തിലും പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് പരിഷ്കരിക്കുക.
പരിഷ്കരണത്തോടെ, പോസ്റ്റ് ഓഫീസുകളിലെ ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന് പലിശ 6.6 ശതമാനത്തിൽ 6.8 ശതമാനമായി വർദ്ധിച്ചു. , രണ്ട് വർഷത്തേക്കുള്ള പലിശ 6.8 ശതമാനത്തിൽ നിന്ന് 6.9 ശതമാനമാക്കി, മൂന്ന് വർഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. അഞ്ച് വർഷത്തേക്ക് 7.5 ശതമാനം പലിശ ലഭിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് 7.1 ശതമാനമായും സേവിംഗ്സ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 4 ശതമാനമായും നിലനിർത്തിയിട്ടുണ്ട്.