കേന്ദ്ര പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുളള തീയതി സർക്കാർ നീട്ടി
80 വയസ്സിന് മുകളിൽ പ്രായമുളള പെൻഷൻകാർക്ക് ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ പുതിയ വ്യവസ്ഥ പ്രകാരം ലൈഫ് സർട്ടിഫിക്കറ്റ് നൽകാം.
ദില്ലി: കേന്ദ്ര സർക്കാർ പെൻഷൻ വാങ്ങുന്ന എല്ലാവർക്കും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുളള സമയപരിധി നീട്ടി. കേന്ദ്ര പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ നവംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു.
രാജ്യത്തെ കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലം പരിഗണിച്ചാണ് പുതിയ തീരുമാനം. സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് നവംബർ മാസത്തിലാണ്. 80 വയസ്സിന് മുകളിൽ പ്രായമുളള പെൻഷൻകാർക്ക് ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ പുതിയ വ്യവസ്ഥ പ്രകാരം ലൈഫ് സർട്ടിഫിക്കറ്റ് നൽകാം.
റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശപ്രകാരം പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾക്ക് വിഡിയോ ബേസ്ഡ് കസ്റ്റമർ ഐഡന്റിഫിക്കേഷൻ ഐഡന്റിറ്റി (വി സിഎപി) വഴിയായും പെൻഷൻകാരിൽ നിന്ന് ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.