കരുതലോടെ ഉപയോഗിക്കാം; പണം ലാഭിക്കാം
വൈദ്യുതി ലാഭിക്കാനുള്ള മാർഗം ആദ്യം ബള്‍ബില്‍ നിന്ന് തന്നെ ആരംഭിക്കണം. വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ തന്നെ ഉപയോഗിക്കണം. ഇവ സാധാരണ ബള്‍ബുകളേക്കാള്‍ അഞ്ച് മടങ്ങ് കാര്യക്ഷമമാണ്
"മോനേ നിന്നോട് എത്ര തവണ പറഞ്ഞതാണ് റൂമില്‍ നിന്ന് ഇറങ്ങുമ്പോൾ ലൈറ്റ് അണയ്ക്കണമെന്ന്, ആരും കാണാനില്ലെങ്കില്‍ എന്തിനാണ് ടീവി ഓണാക്കിയിട്ടിരിക്കുന്നത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ എല്ലാ വീടുകളിലും സ്ഥിരം മുഴങ്ങുന്നതാണ്. വൈദ്യുതി അമൂല്യമാണ് പാഴാക്കരുതെന്നൊക്കെ നമ്മൾ ചെറുപ്പം മുതല്‍ കേൾക്കാറുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും അത് പാലിക്കാറില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. എന്നാല്‍ വൈദ്യുതി ബില്ല് വന്നാലോ, അയ്യോ ഇത്രയും പൈസയോ, അതിനുമാത്രം എന്താണ് ഇവിടെയുള്ളത് തുടങ്ങിയ ചോദ്യങ്ങളും ധാരാളമാണ്. ഇത്തരം അവസ്ഥ ഉണ്ടാവാതിരിക്കാൻ കരുതലോടെ വൈദ്യുതി ഉപയോഗിക്കുക എന്നതാണ് മാത്രമാണ് ഏക വഴി. വൈദ്യുതി പാഴാക്കാതെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നത് തന്നെയാണ് ഊര്‍ജസംരക്ഷണത്തിനുള്ള എളുപ്പവഴി. ഊര്‍ജ കാര്യക്ഷമത കൂടിയ ഉത്പ്പന്നങ്ങള്‍ വാങ്ങിയാല്‍ മാത്രമെ ഇത്തരത്തിലുള്ള കാര്യം പൂർണമായും ശ്രദ്ധിക്കാൻ സാധിക്കൂ. ഒരു യൂണിറ്റ് വൈദ്യുതി നമ്മുടെ വീടുകളിലെത്താനായി രണ്ട് യൂണിറ്റ് വരെ ഉല്‍പാദിപ്പിക്കേണ്ടി വരുന്നു. അതിനാല്‍ ഊര്‍ജം ലാഭിക്കുന്നതാണ് ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ മെച്ചം. ഊര്‍ജ കാര്യക്ഷമതയുടെ തോതനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സ്റ്റാര്‍ ലേബലിങ് ഉണ്ട്. കടയില്‍ നിന്ന് ഫ്രിഡ്ജ്, ടീവി, വാഷിംഗ് മിഷൻ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം അഞ്ച് സ്റ്റാര്‍ ലേബലിങ് ഉള്ളവയാണോ എന്നത്. അത്തരത്തിലുള്ള ഗൃഹോപകരണങ്ങൾ വാങ്ങുന്നത് വഴി വൈദ്യുതി ലാഭിക്കാൻ സാധിക്കും.
വൈദ്യുതി ലാഭിക്കാനുള്ള മാർഗം ആദ്യം ബള്‍ബില്‍ നിന്ന് തന്നെ ആരംഭിക്കണം. വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ തന്നെ ഉപയോഗിക്കണം. ഇവ സാധാരണ ബള്‍ബുകളേക്കാള്‍ അഞ്ച് മടങ്ങ് കാര്യക്ഷമമാണ്. 70 ശതമാനത്തോളം വൈദ്യുതി ലാഭിക്കാന്‍ ഇതിലൂടെ സഹായിക്കും. ബള്‍ബുകള്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ 90 ശതമാനവും താപമായാണ് നഷ്ടപ്പെടുന്നത്. വീടിനകത്ത് ഇളം നിറങ്ങള്‍ നല്‍കിയാല്‍ പകല്‍ സമയങ്ങളില്‍ ലൈറ്റുകള്‍ ഉപയോഗിക്കേണ്ട ആവശ്യം കുറഞ്ഞ് കിട്ടും. ഇതുവഴിയും അമിതമായ വൈദ്യുതി ചെലവ് കുറയ്ക്കാൻ സാധിക്കും.
ഫ്രിഡ്ജ് വാങ്ങുമ്പോൾ ഊര്‍ജകാര്യക്ഷമത കൂടിയ മോഡല്‍ തെരഞ്ഞെടുക്കണം. വായുസഞ്ചാരം ഉറപ്പിക്കുന്നതിനായി ഭിത്തിയില്‍ നിന്ന് 15 സെന്റീമീറ്റര്‍ അകലം പാലിക്കണം. ഫ്രിഡ്ജിന്റെ മോട്ടറും കംപ്രസ്സറും കൂടുതല്‍ താപം ഉളവാക്കും. അതിനാല്‍ ഫ്രിഡ്ജിന് ചുറ്റും ധാരാളം എയര്‍ സര്‍ക്യൂലേഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നതും അടയ്ക്കുന്നതും ഒഴിവാക്കുക, അത് ഊര്‍ജ നഷ്ടമുണ്ടാക്കും. ചൂടാറിയശേഷമേ ആഹാര പദാര്‍ഥങ്ങള്‍ വയ്ക്കാവൂ. സാധനങ്ങള്‍ അടച്ചുവയ്ക്കണം. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്നും, ഗ്യാസ് അടുപ്പ് തുടങ്ങിയവയില്‍ നിന്നുമെല്ലാം മാറി വേണം ഫ്രിഡ്ജ് സ്ഥാപിക്കാന്‍. ഫ്രിഡ്ജിനുള്ളില്‍ കണ്ടന്‍സര്‍ കോയിലില്‍ പൊടി അടിഞ്ഞ് കൂടിയാല്‍ മോട്ടോര്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് കാരണമാകും. അതിനാല്‍ അവ ഇടയ്ക്കിടെ വൃത്തിയാക്കണം.
ഫാൻ ഉപയോഗിക്കുമ്പോഴും ഇലക്ട്രോണിക് റഗുലേറ്ററുകളുള്ള ഫാനുകള്‍ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. എല്‍ഇഡി, ടെലിവിഷനുകളാണ് വൈദ്യുതി ലാഭിക്കാന്‍ മെച്ചം. റിമോട്ടില്‍ ടീവി ഓഫാക്കുന്ന ശീലം ഒഴിവാക്കുക. കംപ്യുട്ടര്‍, മോണിറ്റര്‍ തുടങ്ങിയവ സ്ലീപ് മോഡില്‍ ഇടുന്നത് 40 ശതമാനത്തോളം വൈദ്യുതി ചെലവ് കുറയ്ക്കും. ബാറ്ററി, സെല്‍ ഫോണ്‍ ചാര്‍ജറുകളും മറ്റും ആവശ്യമില്ലാത്തപ്പോള്‍ ഓഫാക്കി ഇടാന്‍ ശ്രദ്ധിക്കണം. വെറ്റ് ഗ്രൈന്‍ഡര്‍ ഉപയോഗക്കുമ്പോഴും അരിയും ഉഴുന്നും മറ്റും കുതിര്‍ത്തതിന് ശേഷം ആട്ടുക. ആവശ്യത്തിന് മാത്രം സാധനങ്ങള്‍ നിറച്ച് വെള്ളം പല തവണയായി ചേര്‍ക്കുവാൻ ശ്രമിക്കുക. വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോൾ ഫ്രണ്ട് ലോഡിങ് മെഷിനാണ് നല്ലത്. നിര്‍ദേശിച്ചിരിക്കുന്ന പൂർണ ശേഷിയില്‍ മാത്രമെ അവ ഉപയോഗിക്കാവൂ. അളവ് കൂടുന്നതിനനുസരിച്ച് ലോഡും കൂടും.
വൈദ്യുതി ലാഭിക്കാനുള്ള ചില മാർഗങ്ങൾ ചുവടെ
- സാധാരണ ബൾബുകൾക്കു പകരം എൽഇഡി ലാമ്പുകൾ ഉപയോഗിക്കുക
- കാലപ്പഴക്കം ചെന്ന എ സി,റെഫ്രിജറെറ്റർ,ഫാനുകൾ എന്നിവ മാറ്റുക
- റെഫ്രിജറേറ്റർ ഇടയ്ക്കിടെ തുറക്കുന്നത് വൈദ്യുതി ചെലവ് കൂട്ടുന്നു
- റെഫ്രിജറേറ്ററിൽ ചൂടുള്ള പദാർഥങ്ങള്‍ വെയ്ക്കാതിരിക്കുക
- ഇലക്ട്രിക് വാട്ടർ ഹീറ്റെറിനു പകരം സോളാർ വാട്ടർ ഹീറ്റർ ഉപയോഗിക്കുക
- വയറിംഗ് ചെയ്യുന്നതിന് ഗുണനിലവാരമുള്ള വയർ മാത്രം ഉപയോഗിക്കുക
- ഇൻഡകഷൻ കുക്കറിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക
- കമ്പ്യൂട്ടർ മോണിട്ടർ സി ആർ ട്ടി ആണെങ്കിൽ മാറ്റി എൽഇഡി ആക്കുക
- കാലപ്പഴക്കം ചെന്ന വയറിംഗ് മാറ്റി റീവയറിംഗ് ചെയ്യുക
- വയറിംഗ് ചെയ്യുന്നതിന് ഗുണനിലവാരമുള്ള വയർ മാത്രം ഉപയോഗിക്കുക
- ഇലക്ട്രിക്കൽ വയറിംഗ് ലൈസൻസ് ഉള്ളവരെ കൊണ്ട് മാത്രം വയറിംഗ് ജോലികൾ ചെയ്യിക്കുക
- എർത്ത് ലീക്കേജ് മൂലമുള്ള വൈദ്യുതി നഷ്ടം തടയുന്നതിനായി ഇഎൽസിബി ഉപയോഗിക്കുക
- ഓട്ടോമാറ്റിക് അയണ്‍ബോക്സ് മാത്രം ഉപയോഗിക്കുക
- പരമാവധി ഒന്നിച്ച് ഇസ്തിരിയിടാൻ ശ്രദ്ധിക്കുക
- ടിവിയുടെ ഉപയോഗം കഴിഞ്ഞാൽ റിമോട്ടിൽ മാത്രം ഓഫ് ചെയ്യാതെ പവർ സ്വിച്ച് ഓഫ് ചെയ്യുക
- സീലിംഗ് ഫാൻ പ്രവർത്തിക്കുമ്പോൾ സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമായി ശബ്‍ദം ഉണ്ടെങ്കിൽ ബെയറിംഗ് മാറ്റുക
- ഇൻവെർട്ടർകളിൽ ബാറ്ററി ചാർജിംഗ് കട്ട് ഓഫ് സിസ്റ്റം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക