ഷോക്ക് അടിക്കാതിരിക്കാന്‍ സുരക്ഷ ഉറപ്പാക്കാം...
വൈദ്യുതി സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മരണം പോലും സംഭവിക്കും. അതിനാല്‍ തന്നെ വയറിങ് തുടങ്ങുമ്പോഴെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ നാം പൂർണമായും മനസിലാക്കണം
വീടിന്‍റെ വൈദ്യുതീകരണം നടത്തുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ സുരക്ഷ. പലപ്പോഴും വീടിനുള്ളില്‍ വൈദ്യുതി പ്രവാഹം ഏറ്റ് പലരും മരണപ്പെടുന്ന വാർത്തകൾ വായിക്കുന്നവരാണ് നമ്മൾ. പല തരത്തില്‍ ഷോക്ക് ഏല്‍ക്കാറുണ്ട്. ചിലപ്പോൾ പവർ സോക്കറ്റില്‍ നിന്നോ, മറ്റു ചിലപ്പോള്‍ നനഞ്ഞ കൈ കൊണ്ടു വൈദ്യുതഉപകരണങ്ങളില്‍ തൊടുമ്പോഴോ, അങ്ങനെ പല രീതിയില്‍. വൈദ്യുതി സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മരണം പോലും സംഭവിക്കും. അതിനാല്‍ തന്നെ വയറിങ് തുടങ്ങുമ്പോഴെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ നാം പൂർണമായും മനസിലാക്കണം.
ആദ്യം തന്നെ എല്ലാ പ്ലഗ് പോയിന്‍റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണ്ടേതാണ്. ഈ കാര്യം വീട് വയറിങ് ചെയ്യുന്ന ഇലക്ട്രീഷനോട് ചോദിച്ച് മനസിലാക്കണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്. ഇതാണ് ഇഎല്‍സിബി അഥവാ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍. സുരക്ഷയുടെ കാര്യത്തില്‍ മുൻ പന്തിയിലാണ് ഈ ഉപകരണം. ഇവ സ്ഥാപിക്കുന്നതിലൂടെ എര്‍ത്ത് ലീക്കേജ് ഉണ്ടാവുമ്പോൾ തന്നെ വൈദ്യുതി ബന്ധം പൂർണ്ണമായും വിഛേദിക്കപ്പെടും. പുതിയതായി പണിയുന്ന വീടുകൾക്കൊല്ലാം ഇഎല്‍സിബി വയ്ക്കാറുണ്ട്.
വയറിംഗ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. റൂമുകളുടെ എണ്ണമനുസരിച്ചും വീടിന്റെ വലിപ്പമനുസരിച്ചും ഇവ ക്രമീകരിക്കാം. ഇങ്ങനെ തരം തിരിക്കുന്ന ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ അഥവാ എംസിബി എന്ന ഉപകരണം വയ്ക്കണം. ഇങ്ങനെ ചെയ്തുന്നത് മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ താനേ ഓഫ് ആയിക്കൊള്ളും.
വീടുനുള്ളില്‍ വയറിങ് നടത്തുമ്പോൾ ലൈറ്റ്, പ്ലഗ്, ഫാന്‍, സോക്കറ്റുകൾ തുടങ്ങിയവയുടെ പോയിന്റുകൾ പ്രത്യേകം ശ്രദ്ധിക്കണം. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്‍റുകള്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കൊടുക്കണം. വെളിച്ചം നിർണായകമായതിനാല്‍ അതനുസരിച്ചുള്ള ലൈറ്റിംഗായിരിക്കണം നടത്തേണ്ടത്. ഫാൻ ,ടീവി തുടങ്ങിയവയ്കുള്ള സോക്കറ്റുകൾക്കും പോയിന്റുകളും വയ്ക്കണം. തീന്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്ഡംന്റ് വിളക്കോ ഉപയോഗിക്കുന്നത് നല്ലതാണ്. അടുക്കള വയറിങ്ങിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വെളിച്ചം വേണ്ട സ്ഥലമായതിനാല്‍ തന്നെ പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും ചുമര്‍ ലൈറ്റുകളാണ് അഭികാമ്യം. വെളിച്ചം താഴേക്ക് വീഴുന്ന തരത്തിലുള്ള ലൈറ്റുകളാണ് ഇവ. മിക്‌സി, ഗ്രൈന്റര്‍, മൈക്രോവേവ് ഓവന്‍, വാട്ടര്‍ കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പവർ സോക്കറ്റുകൾ അടുക്കളയിലുണ്ടാവണം.
പാത്രം കഴുകുന്ന സ്ഥലങ്ങളില്‍ നിന്ന് അകലത്തിലായിരിക്കണം പ്ലഗുകളുടെ സ്ഥാനം. വെള്ളം വീണാല്‍ വൈദ്യുത പ്രവാഹം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം വീഴുന്ന സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കരുത്. ഇപ്പോഴത്തെ കാലാവസ്ഥയില്‍ പ്രത്യേകിച്ച് ഇടിമിന്നല്‍ മുഖേനയുള്ള മരണങ്ങളും അപകടങ്ങളും ഇലക്ട്രിക്ക് ഉല്പന്നങ്ങൾ കത്തിപ്പോകലും സ്ഥിരം വാർത്തയാകുമ്പോൾ വളരെയധികം പ്രധാനപ്പെട്ടതാണ് സർജ് പ്രെട്ടക്ഷനും ലൈറ്റിനിംഗ് പ്രെട്ടക്ഷനും.