അന്ന് ബാലു പറഞ്ഞു, 'എനിക്ക് മരിക്കണ്ട...'; എസ്‌പിബിയുടെ ജീവിതത്തിലെ ചില അവിസ്മരണീയ മുഹൂർത്തങ്ങൾ
പാട്ടുകൾ പാടുന്നു എന്നുവെച്ച് ഒരു സന്യാസിയെപ്പോലൊന്നും ജീവിക്കാൻ എനിക്ക് ഇഷ്ടമില്ല. മുപ്പത്തഞ്ചു വർഷം തുടർച്ചയായി ചെയിൻ സ്മോക്കർ ആയിരുന്നു. സോഷ്യൽ ഡ്രിങ്കർ ആയിരുന്നു. തണുത്ത വെള്ളവും, പുളിയും എല്ലാം കഴിക്കും.
സാധാരണ പാട്ടുകാരിൽ നിന്ന് വ്യത്യസ്തനായി സ്വന്തം ജീവിതം ആസ്വദിച്ചു തന്നെ കഴിച്ചുകൂട്ടിയ ഒരാളായിരുന്നു എസ്പിബി. "പാട്ടിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, തികഞ്ഞ നിഷ്ഠയോടെ പാട്ടുകൾ പാടുന്നു എന്നുവെച്ച് ഒരു സന്യാസിയെപ്പോലൊന്നും ജീവിക്കാൻ എനിക്ക് ഇഷ്ടമില്ല..." എന്ന് ബാലു ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മുപ്പത്തഞ്ചു വർഷം തുടർച്ചയായി ചെയിൻ സ്മോക്കർ ആയിരുന്നു. പിന്നീട് നിർത്തിയതും പാട്ടിനെപ്പറ്റി ആലോചിച്ചിട്ടല്ല എന്ന് ബാലു തന്നെ പറയുന്നുണ്ട്. സോഷ്യൽ ഡ്രിങ്കർ ആയിരുന്നു. തണുത്ത വെള്ളവും, പുളിയും എല്ലാം കഴിക്കും. "തൊണ്ടയ്ക്ക് പ്രശ്നമുണ്ടാകും എന്നുവെച്ച് ഒരു ഭക്ഷണം കഴിക്കാതിരുന്നാൽ അത് പിന്നെ നിങ്ങൾക്ക് അന്യമാകും. ഐസ്ക്രീമും, തണുത്ത വെള്ളവും, മോരും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി നിർത്തണം. അത് എല്ലാവർക്കും സാധിക്കണം എന്നില്ല. എനിക്ക് സാധിച്ചു. " എന്നും ബാലു പറഞ്ഞിട്ടുണ്ട്.
ഇഷ്ടമുള്ള ഭക്ഷണം കഴിച്ചിരുന്നു എന്നുവെച്ച്, പാട്ടിനോടുള്ള എസ്പിബിയുടെ അർപ്പണമനോഭാവത്തെ കുറച്ചുകാണാനാവില്ല. പാട്ട് സിനിമയിലെ കഥാപാത്രത്തിന് ചേരണം, പരമാവധി ഒറിജിനാലിറ്റി വരണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അദ്ദേഹം ചെയ്തിരുന്ന ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു. പലപ്പോഴും അത് അദ്ദേഹത്തെ ചില കുഴപ്പങ്ങളിലും കൊണ്ട് ചാടിച്ചിട്ടുമുണ്ട്. അത്തരത്തിൽ ഒന്ന് നടന്നത്, 1989 -ൽ, കമലഹാസന്റെ 'ഇന്ദ്രുഡു ചന്ദ്രുഡു' എന്ന തെലുഗു ചിത്രത്തിനുവേണ്ടി പാടുമ്പോഴാണ്. ഒട്ടു വ്യത്യസ്തമായ ഒരു പാട്ടാണ് ചിത്രത്തിൽ എസ്പിബിക്ക്. കുറച്ച് പ്രായമുള്ള ഒരാളായി അതിൽ അഭിനയിച്ചിരുന്ന കമലഹാസന് ആകെ പരുക്കനായ, പാറപ്പുറത്ത് ചിരട്ട ഉറച്ച പോലുള്ള ഒരു വോയ്‌സ് മോഡുലേഷനാണുള്ളത്. അതേ മോഡുലേഷനിൽ പാടാമോ എന്ന് കമൽ ചോദിച്ചപ്പോൾ എസ്പിബി സമ്മതം മൂളി. നിരവധി റിഹേഴ്സലുകൾക്കപ്പുറം ആ പാട്ടു പാടി മുഴുമിച്ച ശേഷമാണ് പിണഞ്ഞ അബദ്ധം മനസ്സിലായത്. ബാലുവിന്റെ തൊണ്ട വല്ലാതെ പ്രശ്നമായിട്ടുണ്ട് പാട്ടിനുവേണ്ടി എടുത്ത സ്‌ട്രെയിൻ കാരണം. ഈ പാട്ടിനു ശേഷം അഞ്ജലി സിനിമക്ക് വേണ്ടി അടുത്ത പാട്ടുപാടാൻ ചെന്നപ്പോഴാണ് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബോധ്യമാകുന്നത്. ഒരു വരി പാടി, അടുത്ത വരിയിലേക്ക് കടക്കുമ്പോഴേക്കും കണ്ഠമിടറുന്നു. ശ്രുതി തെറ്റുന്നു. ആകെ പ്രശ്നം.
ഒരാഴ്ച കഴിഞ്ഞ് 'ഇദയത്തെ തിരുടാതെ' ചിത്രത്തിന്റെ ഡബ്ബിങ് നടക്കുന്നു. അവിടെയും ബാലുവിന്റെ ശബ്ദം രസംകൊല്ലിയാകുന്നു. മൂന്നു മാസം പിന്നിട്ടു. ബാലുവിന്റെ ശബ്ദം തിരികെ വരുന്ന ലക്ഷണമില്ല. ശബ്ദത്തിന്റെ കാരക്ടർ,ആർദ്രത ഒക്കെ നഷ്‌ടമായ പോലെ. വീട്ടിലേക്ക് തിരികെ വന്ന ബാലു പല ആയുർവേദ ഒറ്റമൂലികളും നാട്ടുമരുന്നുകളും ഒക്കെ പയറ്റി നോക്കി. എന്നിട്ടും ഒരു മെച്ചവുമുണ്ടായില്ല തൊണ്ടയ്ക്ക്. എന്നാണെങ്കിൽ മെഡിക്കൽ ടെക്‌നോളജി പോലും ഇന്നത്തെയത്ര വികസിതമല്ല. എൻഡോസ്കോപ്പി പോലും എല്ലാ ആശുപത്രികളിലും ഉണ്ടായിരുന്നില്ല.
ചെന്നൈയിലെ അറിയപ്പെടുന്ന സ്പെഷ്യലിസ്റ്റ് ആയ ഡോ.രാമലിംഗം ആണ് അന്ന് എസ്പിബിയെ പരിശോധിച്ചത്. അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ പോലും അന്ന് എൻഡോസ്കോപ്പി ഇല്ല. ബാലുവിനെ പെരുമ്പൂർ റെയിൽവേ ഹോസ്പിറ്റലിൽ കൂട്ടിക്കൊണ്ടു പോയി അദ്ദേഹം അവിടെ നിന്ന് എൻഡോസ്കോപ്പി എടുപ്പിച്ചു. ബാലുവിന്റെ തൊണ്ട സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോ. രാമലിംഗം, അദ്ദേഹത്തിന് 'സിംഗേഴ്സ് നോഡ്യൂൾ' എന്ന അസുഖമാണ് എന്ന് കണ്ടെത്തി. വോക്കൽ കോർഡിൽ മുഴ വരുന്ന രോഗം. കുഴപ്പമില്ല, ഇച്ചിരി റിസ്കാണ് എങ്കിലും സർജറിയിലൂടെ നോഡ്യൂൾ എടുത്തു കളയാം എന്നായി ഡോക്ടർ.
ഓറഞ്ചിന്റെ അല്ലി പൊളിച്ചാൽ ഉള്ളിൽ കാണുന്നതുപോലെ സൂക്ഷ്മവും സങ്കീർണ്ണവും ആയ ഡിസൈനാണ് വോക്കൽകോർഡിനുള്ളിൽ. അതിനുള്ളിൽ നിന്ന് ഈ കുഞ്ഞൻ മുഴ എടുത്തു കളയുന്നതിൽ ഒരു റിസ്കുണ്ട്. എങ്ങാനും വല്ല പിഴവും സംഭവിച്ചാൽ ബാലുവിന്റെ ശബ്ദം നഷ്ടമാകുക പോലും ചെയ്യാം. ഒരു ടിഷ്യു അധികമായി എടുത്തു കളഞ്ഞാൽ വലിയ ഇഷ്യു ആകും. ആദ്യം ബാലു ഒന്ന് ഭയന്നു. മടിച്ചു നിന്നു. കാരണം, വിവരമറിഞ്ഞ് നേരിൽ വിളിച്ച പലരും, ലതാ മങ്കേഷ്‌കരെപ്പോലെ ഗുരുസ്ഥാനീയരായ പലരും ബാലുവിനോട് പറഞ്ഞു, "അരുത്, ദൈവം നിനക്ക് കനിഞ്ഞനുഗ്രഹിച്ച തന്ന നിന്റെ വോക്കൽ കോർഡ്സിൽ മെറ്റൽ തൊടീക്കരുത്. പിന്നെ ഒരിക്കലും പാടാൻ പറ്റാത്ത അവസ്ഥ വരാം. ചെയ്യരുത്" എന്ന് പറഞ്ഞു വിലക്കി. അത് ചെവിക്കൊണ്ട ബാലു ആറുമാസത്തോളം മരുന്നുകൾ കഴിച്ച് അസുഖം ഭേദമാക്കാൻ ശ്രമിച്ചു. മാറിയില്ല. സംഗീത സംവിധായകർക്ക് ബാലു കൊടുത്തിരുന്ന ഡേറ്റുകൾ തെറ്റാൻ തുടങ്ങിയതോടെ അദ്ദേഹം അസ്വസ്ഥനായി. മരുന്ന് കഴിച്ച് എന്നേക്ക് രോഗം ഭേദമാകും എന്നറിയില്ല.
ആകെ ഒരു വിഷാദാവസ്ഥയിലേക്ക് വഴുതി വീഴും എന്നായതോടെ ബാലു ആ തീരുമാനം എടുക്കാൻ മനസ്സിനെ തയ്യാറെടുപ്പിച്ചു. വരുന്നിടത്തുവെച്ച് കാണാം. എന്തായാലും ഈ സർജറി ചെയ്യുക തന്നെ. അന്ന് ബാലു ഡോ. രാമലിംഗത്തിന്റെ കത്തിക്ക് മുന്നിൽ തൊണ്ട തുറന്നുവെച്ചുകൊടുത്തു. അദ്ദേഹം ഭയന്ന പോലൊന്നും സംഭവിച്ചില്ല. ഒരു പൂനുള്ളുന്ന ലാഘവത്തോടെ ഡോക്ടർ ആ മഹാഗായകന്റെ തൊണ്ടയിലെ മുഴ എടുത്ത് പുറത്തുകളഞ്ഞു. ബാലു പിന്നെയും പരശ്ശതം ഗാനങ്ങൾ പാടുകയും ചെയ്തു.
ബാലുവിന്റെ ജീവിതത്തിലെ മറ്റൊരു മറക്കാനാവാത്ത മുഹൂർത്തമാണ് ഏതോ അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടുപോയ ശ്രീലങ്കക്കാരനായ ഒരാരാധകൻ ഒരു എസ്പിബി ഗാനം ആലപിച്ചുകൊണ്ടിരിക്കെ, അതിന്റെ അടുത്ത വരി അയാളുടെ തൊട്ടു പിന്നിൽ ചെന്നുനിന്ന് പാടിയ സംഭവം. മാരൻ എന്നുപേരായ ഒരു ശ്രീലങ്കൻ പ്രൊഫസറോടാണ് ബാലുവിന്റെ കനിവാർന്ന ഈ പെരുമാറ്റം ഉണ്ടായത്. അവിചാരിതമായുണ്ടായ അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട ശേഷം എങ്ങനെയാണ് താൻ എസ്പിബി സാറിന്റെ പാട്ടുകൾ കേട്ടുകൊണ്ട് ജീവിതം തിരിച്ചു പിടിച്ചത് എന്നൊക്കെ ഈ പ്രൊഫ. മാരൻ വർണം മലേഷ്യ എന്ന ചാനലിലെ ഇന്റർവ്യൂവിൽ ഓർത്തെടുത്തുകൊണ്ടിരികയായിരുന്നു.
അതിനു ശേഷം അദ്ദേഹത്തോട് ചാനൽ അവതാരക ഇഷ്ടമുള്ള ഏതെങ്കിലും എസ്പിബി ഹിറ്റ് പാടാൻ പറഞ്ഞു. അദ്ദേഹം പാടിത്തുടങ്ങി. പെട്ടെന്ന് മാരന്റെ ചെവിക്ക് പിന്നിൽ നിന്ന് അദ്ദേഹത്തിന്റെ ഇഷ്ടഗായകന്റെ സ്വരം നേരിൽ വരുന്ന പോലെ. ആകെ അമ്പരന്ന് പ്രൊഫ. മാരൻ തലവെട്ടിച്ചു. പെട്ടെന്ന് അദ്ദേഹത്തിന്റെ തോളത്ത് ബാലുവിന്റെ കൈ അമർന്നു. "ഞാൻ ഇടക്ക് എസ്പി ബാലസുബ്രഹ്മണ്യത്തെപ്പോലെ പാടാൻ ശ്രമിക്കാറുണ്ട്". മാരനെ തന്റെ വാക്കുകൾ അമ്പരപ്പിച്ചു എന്ന് തോന്നിയ ബാലു വീണ്ടും പറഞ്ഞു,"ഞാൻ ബാലസുബ്രഹ്മണ്യമാണ്, എസ്പി ബാലസുബ്രഹ്മണ്യം. നിങ്ങളെ ഇങ്ങനെ കാണാൻ പറ്റി എന്നത് എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്." ആ നിമിഷം മാരന്റെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു.
ഇങ്ങനെ എത്രയെത്രയോ അവിസ്മരണീയങ്ങളായ മുഹൂർത്തങ്ങളുണ്ട് ബാലുവിന്റെ ജീവിതത്തിൽ ഓർത്തോർത്ത് എടുത്തെഴുതാൻ. ജീവിതത്തെ ആഘോഷമാക്കി മാറ്റിയ, കൂടെ നിന്നവരെയൊക്കെ അനുനിമിഷം രസിപ്പിച്ച ഒരു വലിയ മനുഷ്യനാണ് കളമൊഴിഞ്ഞിരിക്കുന്നത്. "ഐ ലവ് മൈ ലൈഫ്, മുടിഞ്ചാ ഐ ഡോണ്ട് വാണ്ട് റ്റു ഡൈ സർ...' എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ആളാണ് ഇന്നലെ നമ്മളെ വിട്ടുപോയത്.