"ന്‍റോളെ എനിക്കെന്തിഷ്‍ടമെന്നോ.." ഉള്ളുലച്ച് ഉള്ളം!
ഉള്ളുലച്ച് യൂടൂബിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വൈറലായിക്കൊണ്ടിരിക്കുന്നു 'ഉള്ളം' എന്ന ആല്‍ബം
അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്..
പോരണ്ടാ പോരണ്ടാന്ന്..
മലയാളികള്‍ ഇന്നും മൂളി നടക്കുന്ന ഗാനം. മേലേക്കാവിലെ വേല കാണാന്‍ പോയ കോരന്‍ ചെക്കന്‍റെയും പൂതി മൂത്ത് ഒപ്പം ഇറങ്ങിപ്പുറപ്പെട്ട നീലിപ്പെണ്ണിന്‍റെയും കഥപ്പാട്ട്. 1983ല്‍ പി എന്‍ മേനോന്‍റെ കടമ്പ എന്ന ചിത്രത്തിനു വേണ്ടി തിക്കോടിയന്‍ എഴുതി കെ രാഘവന്‍ ഈണണിട്ട നാടന്‍ ശീല് തുളുമ്പുന്ന ഈ പാട്ട് കെ രാഘവനും സി ഒ ആന്‍റോയും സംഘവും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
സിനിമയില്‍ എങ്ങനെയാണ് ഈ പാട്ട് ഉപയോഗിച്ചിരിക്കുന്നത് എന്നറിയില്ല, പക്ഷേ പാട്ടില്‍ തെളിഞ്ഞു കേള്‍ക്കുന്നത് കോരന്‍ എന്ന ദളിതന്‍റെ/ അധകൃത യുവാവിന്‍റെ വിലാപമാണ്. മുടിചീകിവച്ച് കാതില് കൈതോലയും തിരുകി കല്ലുമാല മാറിലണിഞ്ഞ് വേല കാണാനുള്ള കൊതിയോടെ തന്‍റെയൊപ്പം ഇറങ്ങിയ നീലിപ്പെണ്ണിന് വഴിയില്‍ സംഭവിച്ച ദുരന്തത്തില്‍ നെഞ്ചുപൊട്ടി നിലവിളിക്കുകയാണ് കോരന്‍. (വരികളിലെ രാഷ്‍ട്രീയം മറന്ന് തട്ടുപൊളിപ്പനായും പരാജയപ്പെട്ട എതിരാളികളെ പരിഹസിക്കാനുമൊക്കയാണ് നമ്മളില്‍ പലരും ഇന്ന് ഈ പാട്ട് ഉപയോഗിക്കുന്നത് എന്നൊരു വിരോധാഭാസവും ഉണ്ട്). ഇവിടെ പറഞ്ഞു വരുന്നത് മറ്റൊരു ന്യൂജന്‍ പാട്ടിനെക്കുറിച്ചാണ്. കാഴ്‍ചക്കാരുടെ ഉള്ളുലച്ച് യൂടൂബിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വൈറലായിക്കൊണ്ടിരിക്കുന്ന 'ഉള്ളം' എന്ന ആല്‍ബത്തെക്കുറിച്ച്.
പാലപ്പൂവിന്റെ മണമുള്ളോള്
പാതിരക്കാറ്റിന്റെ കുളിരുള്ളോള്...
പാട്ടുകാരന്‍ ആദ്യം ഓര്‍മ്മിപ്പിച്ചത് തെയ്യപ്പറമ്പുകളിലെ തോറ്റംപാട്ടുകളെ. ഈണമാകട്ടെ കെ രാഘവനെപ്പോലുള്ള അതികായന്മാര്‍ അവശേഷിപ്പിച്ചു പോയ നാടന്‍ ശീലുകളെയും. നാട്ടുഭാഷയിലുള്ള വരികളിലൂടെ തിക്കോടിയന്‍റെ കോരനെയും നീലിയെയും ഓര്‍മ്മിപ്പിക്കുന്നു പാട്ടെഴുത്തുകാരന്‍. ഫ്രെയിമില്‍ മയക്കം/ വിഷാദം മുറ്റിയ കണ്ണുകളുമായി ഒരു യുവാവ്. കണ്ടല്‍ക്കാടുകളും കൈപ്പാടും ഉപ്പുവെള്ളത്തിന്‍റെ നനവുമുള്ള കറുപ്പും വെളുപ്പും നിറഞ്ഞ ഫ്രെയിമുകളിലൂടെ പെണ്ണൊരുത്തിയുടെ ദൃശ്യശകലങ്ങള്‍ വരഞ്ഞ് സംവിധായകന്‍, ഒപ്പം പാട്ടും മുന്നേറുന്നു. ഒടുവിലതാ ഞെട്ടിപ്പിച്ചുകൊണ്ട് നോവും ഭീതിയുമായി മിത്തുകളിലെ നീലിപ്പെണ്ണ് നെഞ്ചിലെ നാട്ടകങ്ങളിലേക്ക് കഥയിറങ്ങിവരുന്നു!
'നീലി' എന്ന പേര് കണ്ണീരും ചോരയും പുരണ്ട പല പഴങ്കഥകളിലും നിങ്ങള്‍ കേട്ടിരിക്കാം. അങ്ങ് വടക്ക് മാടായിക്കാവിലെ അടിമലേലക്കാലത്തും ഇങ്ങ് തെക്ക് തിരുവിതാംകൂറിലെ രാജവാഴ്‍ചക്കാലത്തുമൊക്കെ കണ്ണീരുപ്പുപുരണ്ട നീലിപ്പെണ്ണുമാരുടെ നിരന്തര സാനിധ്യമുണ്ട്. കേട്ടുപഴകിയ പഴങ്കകഥകളിലെല്ലാം ഒരേ പേരുതന്നെ ഇങ്ങനെ ഇടംപിടിക്കുന്നതും ആവര്‍ത്തിക്കുന്നതുമൊന്നും വെറുതെയല്ല, ദളിത് സ്‍ത്രീകളുടെ സര്‍വ്വനാമമാണ് നീലി എന്നതുതന്നെ അതിനു കാരണം.
രാവൊന്നിലോളെ ചതിച്ചതോര്...
തൈവച്ചൂരേറ്റ് നടക്കണോര്...
കാട്ടിൽക്കിടന്ന് പിടഞ്ഞാനോള്...
കൂവിവിളിച്ച് കരഞ്ഞാനോള്....
തിക്കോടിയന്‍റെ നീലിയെ കട്ടത് തമ്പ്രാനാണെങ്കില്‍ ഉള്ളത്തിലെ നീലിയെ ചതിച്ചത് 'തൈവച്ചൂരേറ്റ്' നടക്കുന്ന ചിലരാണ്. ദൈവത്തെ മറയാക്കിയുള്ള പല കുതന്ത്രങ്ങള്‍ക്കും വര്‍ത്തമാനകാലം സാക്ഷികളാകുമ്പോള്‍ വാര്‍ത്തകളറിയാതെ എത്രയെത്ര നീലിമാര്‍ ഇരകളാക്കപ്പെടുന്നുണ്ടായിരിക്കാം എന്നും ഉള്ളം ഓര്‍മ്മിപ്പിക്കുന്നു! ഒരു തവണ കണ്ടുകഴിയുമ്പോള്‍ ഭീതിയും ദു:ഖവും മൂലം ഈ പാട്ട് ഇനി കാണരുതെന്നും കേള്‍ക്കരുതെന്നും ഒരുപക്ഷേ തോന്നിയേക്കാം. പക്ഷേ ആ ചിന്തകളെ തോല്‍പ്പിച്ച് വീണ്ടും വീണ്ടും കൊളുത്തിവലിക്കും പാട്ടിന്‍റെ ഈണവും രാഷ്‍ട്രീയവും. കണ്ടുമടുത്ത പ്രണയക്കാഴ്‍ചകളെ ഇനി മറക്കുക, വേറിട്ടൊരു പ്രണയക്കാഴ്‍ചയോടൊപ്പം ഉള്ളു നീറ്റുന്നൊരു കഥ കേള്‍ക്കുക.
മാത്രമല്ല, നോവുണര്‍ത്തുന്ന ഈ ആല്‍ബം ഒരുപക്ഷേ അധികമാരും കേള്‍ക്കാതെപോയ മറ്റൊരു ഗാനശകലത്തിന്‍റെ ഓര്‍മ്മ കൂടി ചിലരിലെങ്കിലും ഉണര്‍ത്തിയേക്കാം. അത് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ പ്രിയനന്ദനന്‍റെ 'പുലിജന്മം' എന്ന ചിത്രത്തിലെ ഒരു ബിറ്റാണ്. വാഴുന്നോരുടെ ചതിയറിയാതെ പുലിപ്പാലും നരിജടയും തേടി പുലിപാതാളത്തിലേക്ക് പുറപ്പെടുന്ന കാരി ഗുരിക്കള്‍ ആദ്യ ചുവട് വയ്ക്കുന്നു. അപ്പോള്‍ കൈതപ്രം വിശ്വനാഥന്‍ ഈണമിട്ട് അദ്ദേഹത്തിന്‍റെ തന്നെ ശബ്‍ദത്തിലുള്ള ആ ഗാനശകലം. 'ഗുരുത്തറയില്‍.. ' എന്നു തുടങ്ങുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ഈ ബിറ്റിന് ഒരു തുടര്‍ച്ചയുണ്ടായിരുന്നെങ്കില്‍ എന്ന് ഈ ഗാനാസ്വാദകന്‍ ഒരുപാടുകാലമായി ആഗ്രഹിച്ചിരുന്നു. ഒടുവിലതാ പയ്യന്നൂരുകാരെക്കൊണ്ടു തന്നെ ആ പാട്ട് പൂരിപ്പിക്കപ്പെട്ടിരിക്കുന്നു!
പയ്യന്നൂര്‍ കോളേജിന്‍റെ പടിയിറങ്ങിയെത്തിയവരും പയ്യന്നൂരും പരിസരപ്രദേശത്തുള്ളവരുമായ ഒരുകൂട്ടം യുവാക്കളാണ് 'ഉള്ള'ത്തിനു പിന്നില്‍. ദീര്‍ഘകാലത്തെ അവരുടെ സ്വപ്‍നമാണ് ഈ സംഗീത ശില്‍പ്പം. ഹരീഷ് മോഹനന്‍റെതാണ് വരികൾ. ഈണമിട്ട് പാടിയത് പ്രണവ് സി പി. തിരക്കഥയും സംവിധാനവും നിപിൻ നാരായണൻ. കറുപ്പിലും വെളുപ്പിലും മനോഹര ദൃശ്യങ്ങൾ പകർത്തിയത് സച്ചിൻ രവി. എഡിറ്റിംഗ് അക്ഷയ് പയ്യന്നൂര്‍. ജിതിൻ കണ്ണനും അഭിരാമി രമേഷും അഭിനേതാക്കള്‍. ഗുൽമോഹർ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച ഈ മ്യൂസിക് വീഡിയോ പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.