'ആലായാല്‍ തറ വേണോ?'; ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച് സൂരജ് സന്തോഷിന്‍റെ 'പൊളിച്ചെഴുത്ത്' പാട്ട്
'ആലായാല്‍ തറ വേണോ?' എന്നാണ് സൂരജ് ചോദിക്കുന്നത്. പഴയ ഗാനത്തിന്‍റെ ഈണത്തില്‍ തന്നെയാണ് വരികള്‍ക്കൊപ്പം ശൈലിയും മാറ്റിയുള്ള ആവിഷ്കാരം.
'ആലായാല്‍ തറ വേണം' എന്ന പഴയ ഗാനത്തിലെ വരികളെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന സൂരജ് സന്തോഷിന്‍റെ ഗാനാവിഷ്കാരം ആസ്വാദകശ്രദ്ധ നേടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള നാടന്‍ ശീല് കാവാലം നാരായണ പണിക്കരുടെ ഈണത്തില്‍ മകന്‍ കാവാലം ശ്രീകുമാര്‍ പാടിയിട്ടുള്ളത് ഏറെക്കാലമായി ജനപ്രീതിയില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ഗാനത്തിലെ പല വരികളിലെയും 'പ്രസ്താവനകളെ' ചോദ്യം ചെയ്യുകയാണ് സൂരജ് പുതിയ ആവിഷ്കാരത്തിലൂടെ.
'ആലായാല്‍ തറ വേണോ?' എന്നാണ് സൂരജ് ചോദിക്കുന്നത്. 'നാടായാല്‍ നൃപന്‍ വേണ്ട', 'പൂമാനിനി മാര്‍കളായാല്‍ അടക്കം വേണ്ട' എന്നുമൊക്കെ തുടര്‍വരികളെ ചോദ്യംചെയ്യലിന് വിധേയമാക്കുന്നുണ്ട് സൂരജ് സന്തോഷ്. പഴയ ഗാനത്തിന്‍റെ ഈണത്തില്‍ തന്നെയാണ് വരികള്‍ക്കൊപ്പം ശൈലിയും മാറ്റിയുള്ള ആവിഷ്കാരം. ശ്രുതി നമ്പൂതിരിയും സൂരജ് സന്തോഷും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. സ്ലീപ്പ്ലെസ്‍ലി യുവേഴ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം സൂര്യയാണ് ഗാനത്തിന്‍റെ വീഡിയോയുടെ ആശയവും സംവിധാനവും. സൂരജ് സന്തോഷിന്‍റെ യുട്യൂബിലൂടെ ഇന്നലെ പുറത്തുവിട്ട ഗാനത്തിന് ഇതിനകം 95,000ല്‍ ഏറെ കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്.