‘മകൻ ഗായകനാകണമെന്ന് ആഗ്രഹമില്ല, അഥവാ ആയാൽ തന്നെ ഇന്ത്യയിൽ വേണ്ട‘; സോനു നിഗം
‘ഈശ്വർ കാ വോ സച്ചാ ബന്ദ’ എന്ന സംഗീത ആൽബത്തെക്കുറിച്ച് നടത്തിയ അഭിമുഖത്തിലായിരുന്നു ഗായകന്റെ വെളിപ്പെടുത്തൽ.
തന്റെ ശബ്ദമാധുരി കൊണ്ട് ഒരുപിടി മികച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് നൽകിയ ബോളിവുഡ് ഗായകനാണ് സോനു നിഗം. സോനുവിനെ പോലെ തന്നെ മകൻ നീവനെയും സംഗീതപ്രേമികൾക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ മകന്റെ സംഗീത ഭാവിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സോനു. മകന്‍ ഒരു ഗായകനായി മാറണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് സോനു നിഗം പറയുന്നു.
‘സത്യത്തിൽ എന്റെ മകൻ നീവൻ ഒരു ഗായകനായി ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അഥവാ അങ്ങനെ ആയാൽ തന്നെ ഇന്ത്യയിൽ അവൻ ഗായകനായി ജീവിക്കരുതെന്നാണ് എന്റെ ആഗ്രഹം. അവൻ ഈ രാജ്യത്തു ജീവിക്കാൻ സാധ്യത വളരെ കുറവാണ്. കാരണം അവൻ ദുബായിലാണ് വളരുന്നത്. ഞാൻ അവനെ ഇന്ത്യയിൽ താമസിപ്പിച്ചിട്ടേയില്ല. ആദ്യം തന്നെ ഈ രാജ്യത്തു നിന്നും അവനെ ഞാൻ മാറ്റിയിരുന്നു‘, സോനു നിഗം പറഞ്ഞു.
’പാട്ട് പാടാൻ കഴിവുള്ള കുട്ടിയാണ് അവൻ. ജന്മസിദ്ധമായി തന്നെ അതിനുള്ള കഴിവും ലഭിച്ചിട്ടുണ്ട്. ഫോർട്ട്നൈറ്റ് എന്ന ഗെയിമില്‍ മികച്ച പ്രകടനം കാഴ്ച വച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) മുൻനിര ഗെയിമർമാരിൽ ഒരാളായി അവൻ വളർന്നിരിക്കുകയാണിപ്പോൾ. നിരവധി കഴിവുകളുള്ള കുട്ടിയാണ് നീവൻ. എന്ത് ചെയ്യണമെന്ന് അവനോട് പറയാന്‍ എനിക്ക് താല്‍പര്യമില്ല. അവനെന്തിലാണ് താല്‍പര്യമെന്ന് നോക്കാം. അതാണു ഞാൻ ആഗ്രഹിക്കുന്നത്’, സോനു നിഗം കൂട്ടിച്ചേർത്തു. ‘ഈശ്വർ കാ വോ സച്ചാ ബന്ദ’ എന്ന സംഗീത ആൽബത്തെക്കുറിച്ച് നടത്തിയ അഭിമുഖത്തിലായിരുന്നു ഗായകന്റെ വെളിപ്പെടുത്തൽ.