'നിങ്ങളുടെ ചിരി അരോചകം'; നെഗറ്റീവ് കമന്‍റിന് സിത്താരയുടെ മറുപടി ഇങ്ങനെ
നിങ്ങളുടെ ചിരി അരോചകമാണെന്ന് പറഞ്ഞ ആള്‍ക്ക് കൃത്യമായി മറുപടി നല്‍കി പ്രതികരിക്കുകയാണ് സിത്താര.
തിരുവനന്തപുരം: നെഗറ്റീവ് കമന്‍റുകള്‍ നമ്മുടെ ഒരു ദിവസത്തെ തന്നെ തകര്‍ത്തുകളയും. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഗായിക സിത്താര കൃഷ്ണ കുമാര്‍. ഒരു സംഗീത പരിപാടിക്കിടെ ചിരി അരോചകമാണെന്ന് പറഞ്ഞ ആള്‍ക്ക് കൃത്യമായ മറുപടി നല്‍കി പ്രതികരിക്കുകയാണ് സിത്താര. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിത്താര തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞത്.
സിത്താരയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
സ്ഥലം തലസ്ഥാനനഗരം ! ഒരു സംഗീത പരിപാടിക്കായി എത്തിയതാണ്.
എയർപോർട്ടിൽ കാത്തുനിന്നവർ മുതൽ, വേദിയുടെ പുറകിലും, മുന്നിലും, സദസ്സിലും എല്ലാം കണ്ടവരും പരിചയപ്പെട്ടവരും എല്ലാം നല്ല മുത്തുപോലത്തെ മനുഷ്യരായ സംഘാടകർ, കാണികൾ !
ആദ്യഗാനം പാടിയ ശേഷം ഉള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ് ഇടവേളയിൽ ഉയർന്നു കേട്ട ഒരു ശബ്ദം ! സദസ്സിൽ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നു, നിങ്ങൾ ടീവിയിൽ ഇങ്ങനെ ചിരിക്കരുത് ! ആദ്യം കെട്ടുകെട്ടില്ല എന്ന മട്ടിൽ 'എന്തോ? ' എന്നു ചോദിച്ചു ! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് ! തമാശ പോലെ ഞാൻ ചോദിച്ചു നോക്കി 'ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശെരിയാണോ '' !! ആ സഹോദരൻ വീണ്ടും പറഞ്ഞു, 'ശെരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ!!' !
ആ ഒരു പാട്ട് പാടുമ്പോൾ മുഴുവൻ ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തു ! ശെരിയാണ്, മഹാ അബദ്ധമാണ് എന്റെ ചിരി, ചിലപ്പോൾ അരോചകവും ! പക്ഷെ അന്നും, ഇന്നും, എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓർത്തുനോക്കുമ്പോൾ എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടിൽ മിക്കവാറും എല്ലാവർക്കും ഇതേ അന്തംവിട്ട ചിരിയാണ് ! ഞാൻ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അർത്ഥം ഞാൻ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ് !! അതിനു തത്കാലം തയ്യാറല്ല! ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടൺ തന്നെ ശരണം !
ഇപ്പോൾ ഞാൻ ഓർക്കുന്നത് മറ്റൊന്നാണ്, സ്നേഹോഷ്മളമായ പെരുമാറ്റം കൊണ്ട് ചേർത്ത് പിടിച്ച പലരുടെയും മുഖങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞിട്ടും, വാക്കുകൾ കൊണ്ട് വെറും രസത്തിനും, കാര്യത്തിനും ഒക്കെ വേദനിപ്പിക്കുന്ന പല മുഖങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു. അത്രയ്ക്ക് ശക്തിയുണ്ട് നെഗറ്റിവിറ്റിക്ക് !! ഒരു നിമിഷാർത്ഥം മതി, അര വാക്ക് മതി വർഷങ്ങൾ പഠിച്ചും, കരഞ്ഞും, തളർന്നും, നിവർന്നും, നടന്നും, കിതച്ചും, ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താൻ ! ആരും ആരോടും അങ്ങനെ അരുത് ! പറയാനുള്ളതെന്തും നന്നായി സ്നേഹമായി ചേർത്ത് പിടിച്ചു പറയാം നമുക്ക് !!!
#NoToNegativeVibes