എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു
മുൻപ് എംജിആർ രോഗബാധിതനായപ്പോൾ എല്ലാവരും പ്രാർഥനയിൽ പങ്കു ചേർന്നതാണ്.എംജിആര്‍ പിന്നീട് ആരോഗ്യവാനായി മടങ്ങിവന്നു. പ്രിയപ്പെട്ട എസ്പിബിയും ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്തുന്നുമെന്നായിരുന്നു ഇളയരാജയുടെ വാക്കുകള്‍.
ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കൂടി ആശുപത്രി തേടിയിട്ടുണ്ട്. എസ്പിബിയുടെ ആരോഗ്യത്തിനായി ഇളയാരജയുടെ നേതൃത്വത്തില്‍ ലോകവ്യാപകമായി കൂട്ടപ്രാര്‍ഥന നടന്നു.
മുൻപ് എംജിആർ രോഗബാധിതനായപ്പോൾ എല്ലാവരും പ്രാർഥനയിൽ പങ്കു ചേർന്നതാണ്.എംജിആര്‍ പിന്നീട് ആരോഗ്യവാനായി മടങ്ങിവന്നു. പ്രിയപ്പെട്ട എസ്പിബിയും ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്തുന്നുമെന്നായിരുന്നു ഇളയരാജയുടെ വാക്കുകള്‍.
രജനീകാന്ത് എആര്‍ റഹ്മാന്‍ ഭാരതീരാജ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് എസ്പിബിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ചെന്നൈ എംജിഎം ആശുപത്രിക്ക് മുന്നിലും ആളുകള്‍ മെഴുകുതിരി വെളിച്ചവുമായി പ്രാര്‍ഥനയോടെ എത്തി. മധുര, സേലം ഈറോഡ് കോയമ്പത്തൂരിലും ജനങ്ങള്‍ പ്രിയഗായകന്‍റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനാ സംഗമത്തില്‍ ഭാഗമായി.
വെന്‍റിലേറ്റര്‍ സഹായത്തിലാണ് എസ്പി ബാലസുബ്രഹ്മണ്യം കഴിയുന്നത്. തമിഴ്നാട് മുന്‍മുഖ്യന്ത്രി ജയലളിതയ്ക്ക് നല്‍കിയ എക്മോ ചികിത്സ നല്‍കുന്നുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയാണ് ചികിത്സ.
നേരത്തേ പ്ലാസ്മ ചികിൽസയും നൽകിയിരുന്നു. പ്രമേഹ സംബന്ധമായ പ്രശ്നങ്ങള്‍ കൂടി അലട്ടുന്നതാണ് നില മോശമാക്കിയത്. എങ്കിലും രക്തസമ്മർദം ഉൾപ്പെടെയുള്ള ആരോഗ്യ സൂചികകൾ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ഉറപ്പ് നല്‍കി.