എന്തുകൊണ്ട് എപ്പോഴും ഈ ചിരി? ചിത്ര ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം
ചിത്രയുടെ ബാല്യകൌമാരങ്ങളില്‍ അമ്മ ശാന്തകുമാരിക്ക് മകളുടെ ചിരിയില്‍ സന്തോഷത്തേക്കാളുപരി അല്‍പം ആശങ്കയായിരുന്നു ഉണ്ടായിരുന്നത്
കെ എസ് ചിത്ര എന്ന പേര് കേട്ടാല്‍ ആ ശബ്ദത്തിനൊപ്പം ഓരോ സംഗീതപ്രേമിയുടെയും മനസിലേക്ക് എത്തുന്ന ഒന്നുണ്ട്. കൊളുത്തിവച്ച വിളക്ക് പോലെ ദീപ്തമായ, മായാത്ത ചിരിയുള്ള ഒരു മുഖം. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല, നേരിട്ടും അല്ലാതെയും ചിത്രയുടെ ആലാപനം കേട്ടിട്ടുള്ള ആസ്വാദകര്‍ക്കും ആ സ്വരം പോലെ മധുരമാണ് ആ ചിരിയും. കത്തിച്ച് വച്ച ഒരു അണയാ പൂത്തിരി പോലെയുള്ള ചിരി കൊണ്ട് ഒരുതരം താനുള്ളിടത്ത് ഒരുതരം പോസിറ്റിവിറ്റി നിറയ്ക്കാറുണ്ട് ചിത്ര. നാല് പതിറ്റാണ്ടിലേറെ നീളുന്ന സംഗീത സപര്യക്കിടെ ചിത്ര ഏറ്റവുമധികം കേട്ടിട്ടുള്ളതും ഈ ചിരിയെക്കുറിച്ച് ആയിരിക്കും.
എന്തുകൊണ്ട് ഈ ചിരി എന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ല എന്നേയുള്ളൂ ചിത്രയുടെ മറുപടി. അത്രയും സ്വാഭാവികമായി വരുന്ന ഒന്നാണ് അത്. ഗായിക എന്ന നിലയില്‍ വേദികളില്‍ തിളങ്ങിത്തുടങ്ങുന്ന കാലത്ത് തെളിഞ്ഞതുമല്ല ആ ചിരി. മറിച്ച് കുട്ടി ആയിരിക്കുമ്പോഴേ ഉള്ളതാണ്. ഒരാള്‍ മുഖത്തേക്ക് നോക്കിയാല്‍ ഒരു സ്വാഭാവിക പ്രതികരണം പോലെ ചിരിയാവും തന്‍റെ മുഖത്ത് വരികയെന്ന് ചിത്ര പറയാറുണ്ട്. പക്ഷേ ചിത്രയുടെ ബാല്യകൌമാരങ്ങളില്‍ അമ്മ ശാന്തകുമാരിക്ക് മകളുടെ ചിരിയില്‍ സന്തോഷത്തേക്കാളുപരി അല്‍പം ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. അപരിചിതര്‍ മുഖത്തേക്ക് നോക്കിയാലും ഇവള്‍ ചിരിക്കുമല്ലോ എന്നായിരുന്നു അത്. അതിന് അമ്മയില്‍ നിന്നും കുറേ വഴക്കും കേട്ടിട്ടുണ്ട് ചിത്ര. എന്നാല്‍ അതുകൊണ്ടൊന്നും അത് മാറ്റാനായില്ലെന്ന് മാത്രം. സാധാരണ സ്വസ്ഥതയോടെയും സന്തോഷത്തോടെയുമൊക്കെ ഇരിക്കുമ്പോഴാണ് മനുഷ്യര്‍ മറ്റുള്ളവരോട് ചിരിക്കാറെങ്കില്‍ തന്‍റെ കാര്യം വ്യത്യസ്തമാണെന്ന് ചിത്ര പറഞ്ഞിട്ടുണ്ട്. ടെന്‍ഷന്‍ വരുന്ന സന്ദര്‍ഭങ്ങളിലും ഈ ചിരി അവിടെ ഉണ്ടാവാറുണ്ട്. അത്രയധികം ബുദ്ധിമുട്ടിക്കുന്ന, ദു:ഖിപ്പിക്കുന്ന നിമിഷങ്ങളിലൊക്കെയേ അത് മായൂ, ചിത്രയുടെ വാക്കുകള്‍.
അതേസമയം പ്രിയഗായികയുടെ ഷഷ്ടിപൂര്‍ത്തി വേളയില്‍ സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ നിറയുന്നുണ്ട്. 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത, പിന്നണി ഗാനാലാപനത്തിന് ആറ് ദേശീയ അവാര്‍ഡുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 36 സംസ്ഥാന അവാര്‍ഡുകളും ലഭിച്ച, രാജ്യം പരമോന്നതബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ച കലാകാരി. പക്ഷേ സാന്നിധ്യം കൊണ്ട് മറ്റുള്ളവരില്‍ ആ പൊക്കം തോന്നിപ്പിക്കാറില്ല എല്ലതാണ് ഈ പ്രതിഭയുടെ വൈശിഷ്ഠ്യം. എല്ലാ ദിവസവും കേട്ട് കേട്ട് ചിത്രയ്ക്ക് അറുപത് വയസ് ആയതുപോലും മലയാളി അറിഞ്ഞിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക