പാട്ടായി ഒഴുകിയ പുഴകള്‍..!
ജലവും പുഴയും വെറുംവാക്കായും ജീവനാമമായും പ്രത്യക്ഷപ്പെടുന്ന നിരവധി ചലച്ചിത്ര ഗാനങ്ങളുണ്ട് മലയാളത്തില്‍. ലോക ജലദിനത്തില്‍ അത്തരം ചില ഗാനങ്ങളെ പരിചയപ്പെടാം. 'പാട്ടുകഥയില്‍' പ്രശോഭ് പ്രസന്നന്‍ എഴുതുന്നു
വേനല്‍ച്ചൂടില്‍ ഉരുകിയ മണ്ണിലേക്ക് ഇറ്റുന്ന ജലകണികകളെപ്പോലെയാണ് മനുഷ്യന്‍റെ ജീവിതച്ചൂടുകളില്‍ പെയ്തിറങ്ങുന്ന പാട്ടുകളും. എന്നും നനവാര്‍ന്നതാണ് മലയാളികളുടെ സിനിമാപ്പാട്ടുലോകം. ഈ നനവുകളാണ് മലയാള ചലച്ചിത്ര ഗാനങ്ങളെ ജനകീയമാക്കുന്നതും. എല്ലാകാലത്തും നമ്മുടെ ഹൃദയ ഭൂമികയിലൂടെ ഈണങ്ങളുടെ നനവും വഹിച്ച് പുഴകളും കായലുകളുമൊക്കെ ഒഴുകിയിട്ടുണ്ട്. ഗംഗയിലും യമുനയിലും കാവേരിയിലും തുടങ്ങി ജലവും പുഴയും വെറുംവാക്കായും ജീവനാമമായും പ്രത്യക്ഷപ്പെടുന്ന നിരവധി ചലച്ചിത്ര ഗാനങ്ങളുണ്ട് മലയാളത്തില്‍. കോലത്തുനാടിന്‍റെ വണ്ണാത്തിപ്പുഴയും മയ്യഴിയും കടത്തനാട്ടുകാരന്‍റെ കല്ലായിയും ഇരുവഴിഞ്ഞിയും വള്ളുവനാടിന്‍റെ നിളയും പെരിയാറും മധ്യകേരളത്തിന്‍റെ കേച്ചേരിപ്പുഴയും ചാലക്കുടിപ്പുഴയും തെക്കന്‍റെ പല്ലനയാറും അഷ്ടമുടിക്കായലുമൊക്കെ നമുക്ക് ചുറ്റും പാട്ടായി ഒഴുകുന്നുണ്ട്. ഈ ലോക ജലദിനത്തില്‍ അത്തരം ചില ഗാനങ്ങളെ പരിചയപ്പെടാം.
ഗംഗ എന്ന പ്രിയസഖി
പുരാണങ്ങളുടെയും ഉത്തരേന്ത്യന്‍ ഗാനങ്ങളുടെയും സ്വാധീനത്തില്‍ നിന്നായിരുന്നു മലയാള ചലച്ചിത്ര ഗാനശാഖയുടെ തുടക്കം. ഹിന്ദി ഈണങ്ങള്‍ക്ക് അനുസരിച്ച് വരികളുണ്ടാക്കുകയായിരുന്നു നാല്‍പ്പതുകളിലെയും മറ്റും പാട്ടെഴുത്തുകാര്‍. ഇത്തരം സ്വാധീനങ്ങളാലാവണം ഗംഗ കഥാപാത്രമായി വരുന്ന ഗാനങ്ങളെ മലയാളി ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. പ്രിയസഖി ഗംഗേ എന്ന ഗാനം 1969ല്‍ പുറത്തിറങ്ങിയ കുമാരസംഭവം എന്ന ചിത്രത്തിലേതാണ്.
പതിനഞ്ച് ഗാനങ്ങളുള്ള ചിത്രത്തില്‍ വയലാറും ഒഎന്‍വിയുമായിരുന്നു ഗാനരചന. സംഗീതം ജി ദേവരാജന്‍. ഭക്തിയുടെ പാരവശ്യത്തിനുമപ്പുറമുള്ള പ്രണയാനുഭൂതികളുടെ ലോകത്തേക്കു ആസ്വാദകരെ വഴി നടത്തിയ പ്രിയ സഖി ഗംഗേ ഒഎന്‍വിയുടെ തൂലികയിലാണ് പിറന്നത്. ശുദ്ധസന്യാസി രാഗത്തില്‍ പ്രിയമാനസനെ തിരഞ്ഞു നടക്കുന്ന പ്രണയിനിയുടെ ആശങ്കകള്‍ പി മാധുരിയുടെ ശബ്ദത്തില്‍ ഒഴുകിയെത്തി. മലയാള സിനിമാപ്പാട്ടിലെ ഗംഗയുടെ ആ ഒഴുക്ക് പിന്നെയും തുടർന്നു. അഗ്നിസാക്ഷിയിലെ 'ഗംഗേ മഹാമംഗളേ' (കൈതപ്രം), വടക്കുംനാഥനിലെ 'ഗംഗേ തുടിയില്‍' (ഗിരീഷ് പുത്തഞ്ചേരി, രവീന്ദ്രന്‍) തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം.
കല്‍പ്പനയാകും യമുനാ നദി
കാളിന്ദിയെന്നു വിളിപ്പേരുള്ള യമുന ഗാനരചയിതാക്കളുടെ കല്‍പ്പനകളെ ആറാടിച്ചതിനു കണക്കും കൈയ്യുമില്ല. രാധാകൃഷ്‌ണ സങ്കല്‍പ്പത്തിന്റെ ഭാവഭേദങ്ങളിലെല്ലാം പാട്ടെഴുത്തുകാര്‍ യമുനയെ കൂട്ടുപിടിച്ചു. ഡോക്ടര്‍ (1963) എന്ന ചിത്രത്തില്‍ ദേവരാജനും ഭാസ്‌കരന്‍ മാഷും ഒരുമിച്ചാണ് യമുനാ നദിയുടെ അക്കരെയക്കരെയക്കരയിലേക്ക് യാത്രപോയത്. അവിടൊരു കൊട്ടാരം കെട്ടാന്‍ സാക്ഷാല്‍ യേശുദാസും പിന്നെ പി സുശീലയും കൂടെച്ചെന്നപ്പോള്‍ മലയാളിയുടെ ഭാവകല്‍പ്പനകളും വളര്‍ന്നു.
കാളിന്ദീ തീരം തന്നില്‍ നീ വാ വാ.. എ ടി ഉമ്മറെന്ന വടക്കേമലബാറുകാരന്റെ സംഗീതജീവിതത്തിലെ ഹിറ്റുകളിലൊന്നാണ്. ചിത്രം ഏപ്രില്‍ 18 (1984). ഗാനരചന ബിച്ചു തിരുമല. മോഹനകല്യാണി രാഗത്തില്‍ കാളിന്ദീ തീരത്തേക്ക് കായമ്പൂവര്‍ണനെ ക്ഷണിച്ചത് യേശുദാസും ജാനകിയും. രാധയായും മീരയായുമൊക്കെ ജന്മവും മറുജന്മവുമെടുത്ത് പ്രണയിനികള്‍ നെഞ്ചിലേറ്റിയ പുഴപ്പാട്ട്.
കാളിന്ദീ കാളിന്ദീ.. ചിത്രം ചുവന്ന സന്ധ്യകള്‍ (1975). വയലാറും ദേവരാജനും യേശുദാസും ചേര്‍ന്ന് കാളിന്ദിയെ രാസവിലാസവതിയെന്നും രാഗിണിയെന്നുമൊക്കെ പാടിപ്പുകഴ്‌ത്തിയ ഗാനം. ഇടയ്‌ക്കിടെ രാധയെപ്പോലെ ഭാഗ്യവതിയെന്ന് അസൂയപ്പെട്ട ഗാനം. ഗോപാംഗനകളുടെ ഹേമാംഗരാഗങ്ങള്‍ ആപാദചൂഡമണിഞ്ഞ ശേഷവും കൂടുതല്‍ നിര്‍വൃതിക്കായി കാളിന്ദിയലകളെപ്പുല്‍കാന്‍ കൃഷ്‌ണനെത്തുമെന്നും മറ്റും വയലാറിന്റെ ഭാവന വഴിവിട്ടു സഞ്ചരിക്കുന്ന കൗതുകം.
കമലദളത്തിലെ പ്രേമോദാരനായി എന്ന ഗാനത്തിന്റെ ചരണത്തില്‍ കൈതപ്രം ദാമോദരന്‍നമ്പൂതിരിയും കാളിന്ദിയെ ഓര്‍ക്കുന്നുണ്ട്. ദേവലോകമുണരും നീ രാഗമാകുമെങ്കില്‍ കാളിന്ദി പോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും എന്നാണ് രവീന്ദ്രന്റെ കാംബോജിക്കനുസരിച്ച് കവി പാടുന്നത്. സായംസന്ധ്യ എന്ന ജോഷിച്ചിത്രത്തില്‍ കാളിന്ദീതീരമുറങ്ങീ എന്ന ഗാനം ഷിബുചക്രവര്‍ത്തിയും ശ്യാമും ചേര്‍ന്നു സൃഷ്ടിച്ചിരിക്കുന്നു. തീര്‍ന്നില്ല, യമുന പിന്നെയുമൊഴുകുന്നു. യമുനേ നിന്നുടെ നെഞ്ചില്‍ (യാത്ര, ഒഎന്‍വി- ഇളയരാജ), യമുനേ യമുനേ പ്രേമയമുനേ (റെസ്റ്റ് ഹൌസ്, ശ്രീകുമാരന്‍ തമ്പി- എം കെ അര്‍ജ്ജുനന്‍), യമുനേ നീയൊഴുകൂ (തുലാവര്‍ഷം, വയലാര്‍ - സലീല്‍ ചൌധിരി).
ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നായ കാവേരിയും മലയാളത്തിലെ പാട്ടെഴുത്തുകാര്‍ക്ക് അന്യമല്ല. കാവേരി തീരത്തേ (കൈക്കുടന്ന നിലാവ്, ഗിരീഷ് പുത്തഞ്ചേരി- കൈതപ്രം), കാവേരി പാടാമിനി( ഒഎന്‍വി - രവീന്ദ്രന്‍) തുടങ്ങി കാവേരിക്കരയിലെത്തിയ കരിനീലക്കണ്ണഴകി കണ്ണകി (കൈതപ്രം - കൈതപ്രം വിശ്വനാഥ്) വരെയുള്ള ഗാനങ്ങള്‍ ഉദാഹരണം.
മാനുകള്‍ക്കറിയാത്ത മാലിനിയുടെ കഥ
മാലിനി എന്ന നദി മിത്തോ യാതാര്‍ത്ഥ്യമോയെന്ന് പാട്ടുകേള്‍ക്കുന്ന പലരും ഇതുവരെ ചിന്തിച്ചിട്ടുണ്ടാവില്ല. ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയവും ജീവിതവും വഹിച്ചാവണം മലയാളിയുടെ മനസിലേക്ക് മാലിനിപ്പുഴ ആദ്യമായി ഒഴുകിയെത്തുന്നത്. 1965ല്‍ ശകുന്തളയ്‌ക്ക് വേണ്ടി വയലാര്‍ തൂലിക ചലിപ്പിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്നേ ശാകുന്തളത്തിന്‍റെ നൊമ്പരം കാവ്യാസ്വാദകരുടെ നെഞ്ചിലുണ്ട്. മലയാളിയുടെ അബോധത്തില്‍ ഉറങ്ങിക്കിടന്ന ഈ ബിംബകല്‍പ്പനകളെ പൊടിതട്ടിയെടുക്കുകയായിരുന്നു വയലാര്‍. മോഹനരാഗത്തില്‍ ദേവരാജന്റെ ഈണം. ദുഷ്യന്തനും ശകുന്തളയ്‌ക്കും മാനായും മയിലായും ശബ്ദം നല്‍കിയത് യേശുദാസും സുശീലയും.
ദേവദാസില്‍ (1989) സ്വപ്‌നമാലിനീ തീരത്തുള്ള കൊച്ചു കല്യാണ മണ്ഡപത്തെക്കുറിച്ച് പി ഭാസ്‌കരന്‍ എഴുതുന്നുണ്ട്. അത് കല്യാണിയില്‍ ചിട്ടപ്പെടുത്തിയത് കെ രാഘവന്‍. ആലാപനം യേശുദാസും ബി അരുന്ധതിയും. 1993ല്‍ മോഹന്‍ലാല്‍ ചിത്രം ഗാന്ധര്‍വ്വത്തിലും മാലിനിയുടെ തീരത്ത് നായികാനായകന്മാര്‍ നൃത്തംചവിട്ടി. പാട്ടൊരുക്കിയത് കൈതപ്രവും എസ് പി വെങ്കിടേഷും. പാടിയത് എം ജി ശ്രീകുമാറും സുജാതയും. പക്ഷേ അപ്പോഴൊക്കെ മാലിനി വെറും വാക്കായോ കാളിന്ദിയുടെ അപരനാമമായോ ഒതുങ്ങി. മാലിനിയുടെ ഉദ്‌ഭവം മാനുകള്‍ക്കു പോലും അറിയാത്തൊരു കഥയായതാവാം അതിനു കാരണം.
മധ്യപ്രദേശിലെ സിയോണി ജില്ലയില്‍, സത്‌പുരകുന്നുകളുടെ തെക്കന്‍ചെരിവുകളില്‍ നിന്നും ഉദ്‌ഭവിക്കുന്ന പുഴയാണ് വെയിന്‍ഗംഗ. മഹാരാഷ്ട്രയിലൂടെയും തെലുങ്കാനയിലൂടെയുമൊക്കെ ഒഴുകുന്ന വെയിന്‍ ഗംഗയുടെ പോഷക നദികളിലൊന്നാണ് ചന്ദന്‍. ബീഹാറിന്റെ ചില ഭാഗങ്ങളിലൂടെ ഒഴുകുന്ന ചന്ദന്‍ ചന്ദനപ്പുഴയെന്നും മാലിനിയെന്നും അറിയപ്പെടുന്നു. ബുദ്ധ സാഹിത്യത്തില്‍ മാലിനി ചംബയാണ്. സുലക്ഷണിയെന്നും ചന്ദ്രാവതിയെന്നും ആരണ്യവാഹയെന്നുമൊക്കെ മാലിനിയെ മധ്യകാലസാഹിത്യം വിളിക്കുന്നു.
പാട്ടിനെ നീരാട്ടിയ നിളയും പെരിയാറും
ഗാനസാഹിത്യത്തില്‍ നിള ഉറവവറ്റാത്ത മഹാപ്രവാഹമാണ് അന്നുമിന്നും. നഖക്ഷതങ്ങളില്‍ ഒഎന്‍വിയും ബോംബെ രവിയും ചേര്‍ന്നൊരുക്കിയ 'നീരാടുവാന്‍' ശ്രദ്ധേയമായ നിളപ്പാട്ടുകളിലൊന്നാണ്. ചന്ദനക്കുളിരണിഞ്ഞ പുളിനങ്ങളും കാറ്റിലാടിയുലയുന്ന ആറ്റുവഞ്ചികളും ആതിരപ്പൂ ചൂടിയ മണല്‍പ്പരപ്പും മോഹനരാഗത്തിന്റെ ശീലുകള്‍ക്കൊത്ത് മലയാളികളുടെ ചുണ്ടുകളിലും ഹൃദയങ്ങളിലും തത്തിക്കളിക്കുന്നു ഇക്കാലമത്രയും. നിള പലപ്പോഴും പേരാറെന്ന പേരിലും പാട്ടില്‍ പ്രസമൊപ്പിക്കാനെത്തി. വേനല്‍ക്കിനാവുകളില്‍(1991) ഒഎന്‍വി 'പേരാറ്റിന്നക്കരെ നിന്നും നാടുകാണാന്‍ പുറപ്പെട്ട പൂത്തുമ്പി'യെക്കുറിച്ച് പാടുന്നുണ്ട്. പൂത്തുമ്പിയും കൂടെപ്പോയ പൂവാലന്‍ തുമ്പിയും കണ്ട കാഴ്‌ചകള്‍ മധ്യമാവതിയില്‍ വിന്യസിച്ചത് എല്‍ വൈദ്യനാഥന്‍. നഗരമേ നന്ദി (1967)യിലാണ് പ്രശസ്‌തമായ 'മഞ്ഞണിപ്പൂനിലാവ്'. മഞ്ഞളരച്ചു വച്ച പേരാറ്റിന്‍ കടവിങ്കല്‍ ആസ്വാദകരെ കൊണ്ടു നിര്‍ത്തിയത് പി ഭാസ്‌കരനും കെ രാഘവനും എസ് ജാനകിയും.
അശ്വതി (1974) യില്‍ 'പേരാറിന്‍ തീരത്തോ' എന്ന ഗാനം പി ഭാസ്‌കരനും വി ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നൊരുക്കിയതാണ്. ഇതേ പാട്ടിലേക്ക് പെരിയാറും കടന്നു വരുന്നു. പേരാറിന്‍ തീരത്തോ അതോ പെരിയാറിന്‍ തീരത്താണോ ശാരദേന്ദു നട്ടുവളര്‍ത്തിയ പേരമരത്തോട്ടം എന്നാണ് കവിയുടെ സംശയം. പേരാറിന്‍റെ കരയില്‍വച്ച് പേരു ചോദിച്ചപ്പോഴാണ് പണ്ടൊരുത്തി പേരക്ക എന്നു പറഞ്ഞതും.
വയലാര്‍ ആയിരംപാദസരങ്ങള്‍ കിലുക്കിച്ച (നദി-1969, ദര്‍ബാരി കാനഡ), ഓഎന്‍വി കല്ലും മാലയും കൊലുസുമിട്ട (എന്റെ നന്ദിനിക്കുട്ടി-1984, വാസന്തി) ആലുവാപ്പുഴയുടെ തീരത്തേക്കാണ് പുത്തന്‍തലമുറയിലെ പാട്ടെഴുത്തുകാര്‍ ജോര്‍ജ്ജിനെയും മേരിയെയും പ്രേമിക്കാന്‍ പറഞ്ഞയച്ചത് (പ്രേമം-2015).
പെരിയാറേ പെരിയാറേ എന്ന പ്രശസ്‌ത ഗാനം ഭാര്യ(1962)യില്‍. ദേവരാജന്‍- വയലാര്‍ കൂട്ടുകെട്ട്. രാഗം മോഹനം. മയിലാടുംകുന്നില്‍ പിറന്ന് മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്ന് പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു നാടോടിപ്പാട്ടുകളും പാടി കാമുകനെത്തേടുന്ന പെരിയാര്‍ ഇന്നും എ എം രാജയുടെയും സുശീലയുടെയും ശബ്ദത്തില്‍ മലയാളികളുടെ മനസ്സിലൂടൊഴുകുന്നു.
തിങ്കള്‍ കണ്ണാടി നോക്കിയ മലബാര്‍ തീരം
വടക്കേമലബാറിനെ ഗാനപ്രേമികളുടെ ചുണ്ടുകളിലേക്ക് ഒഴുക്കിയ ഒരു പുഴയുണ്ട്. വണ്ണാത്തിപ്പുഴ. കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍പ്രദേശങ്ങളായ പെരിങ്ങോം വയക്കര, ആലക്കോട്, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെ കുന്നിന്‍ചെരിവുകളില്‍ നിന്നും ഉദ്‌ഭവിക്കുന്ന പുഴയെ മാതമംഗലത്തിനടുത്തുള്ള കൈതപ്രം എന്ന കൊച്ചു ഗ്രാമത്തില്‍ വച്ച് മലയാള സിനിമയിലേക്ക് വഴിതിരിച്ചു വിട്ടത് ദാമോദരന്‍ നമ്പൂതിരി എന്ന കവി. തന്റെ ഇല്ലത്തെ വലം വച്ചൊഴുകി, ഏഴിമല കാലൂന്നി നില്‍ക്കുന്ന കടലില്‍ ലയിക്കുന്ന വണ്ണാത്തിപ്പുഴ അഥവാ പാണപ്പുഴയുടെ തീരങ്ങളിലായിരുന്നു ദാമോദരന്‍ നമ്പൂതിരിയുടെ ബാല്യം. അദ്ദേഹത്തിന്റെ ഗാനങ്ങളിലെല്ലാം ഈ പുഴ ഒളിഞ്ഞും തെളിഞ്ഞും ഒഴുകിവരുന്നത് കാണാം.
1991ല്‍ വിഷ്‌ണുലോകത്തിലെ ടൈറ്റില്‍ സോങ്ങിലൂടെയാണ് പാണപ്പുഴയെ കേരളമറിയുന്നത്. പാണപ്പുഴ നന്തുണിയില്‍ പാടിനീര്‍ത്തിയ നാടോടിപ്പാട്ടായിരുന്നു വിഷ്‌ണുലോകത്തിന്റെ കഥ. ചാരുകേശി രാഗത്തില്‍ പാണന്റെ പൊന്നുടുക്കിലെ നാടോടിത്താളവും പുഴ പറഞ്ഞ നാടോടി ശീലുകളും കോര്‍ത്തിണക്കിയത് രവീന്ദ്രന്‍. പാടിയത് മലേഷ്യാ വാസുദേവന്‍. ഉടുക്കും കൊട്ടി കൈതപ്രം തന്നെയായിരുന്നു വെള്ളിത്തിരയിലെന്നത് മറ്റൊരു പ്രത്യേകത.
പിന്നീട് 1997ല്‍ ജയരാജിന്റെ കളിയാട്ടത്തിലൂടെ ഈ പുഴയുടെ അപരനാമവും നാടറിഞ്ഞു; വണ്ണാത്തി. മദ്ധ്യമാവതിയില്‍ സ്വപ്നം കണ്ട് അവളിറങ്ങി വന്നു; ചെമ്മാനപ്പൂമുറ്റം നിറയെ മഞ്ചാടിക്കുരു വാരിയെറിഞ്ഞു; കുങ്കുമവും മഞ്ഞളുമണിഞ്ഞ് നിലാവില്‍ മയങ്ങി നിന്നു. വേളിക്കു വെളുപ്പാന്‍കാലം എന്ന പാട്ടില്‍ പാണപ്പുഴ പനിനീര്‍ത്തൂകിയ കിഴക്കിനിപ്പടവിലൂടെ വലത്തുകാലുവച്ച് അകത്തേക്കു വന്നത് ഒരു വീരാളിക്കാറ്റ്. 2009ല്‍ മധു കൈതപ്രത്തിന്റെ മധ്യവേനലില്‍ സ്വന്തം ബാല്യത്തെയോര്‍ത്ത് തേങ്ങുന്നു കവി. കണ്ണാടിപ്പുഴ കാണുമ്പോള്‍ മദ്ധ്യമാവതിയില്‍ തെളിയുന്നത് കണ്ണീര്‍ കനവുകള്‍. ഉദ്യാനപാലകനില്‍ മയ്യഴിപ്പുഴയിലും പെരുമഴക്കാലത്തില്‍ കല്ലായിക്കടവിലും പാട്ടൊഴുക്കി കൈതപ്രം ദാമോദരന്‍ നമ്പൂതിരി മലബാറിനെയും പുഴകളെയും പ്രണയിച്ചു കൊണ്ടിരുന്നു; കല്ലായിപ്പുഴയെ മണവാട്ടിയാക്കിയ, പതിനാലാം രാവുദിപ്പിച്ച (മരം 1973) യൂസഫലി കേച്ചേരിയെപ്പോലെ.
പല്ലനയാറ്റിലെ വിപ്ലവവും കുളത്തൂപ്പുഴയിലെ ഭക്തിയും
വിപ്ലവഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും പുഴ സാക്ഷി. ചട്ടങ്ങളൊക്കെ മാറ്റുവാനുള്ള ആഹ്വാനം മുഴങ്ങിക്കേട്ടത് പല്ലനയാറിന്റെ തീരത്തെ പത്മപരാഗകുടീരത്തില്‍. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970) ക്കു വേണ്ടി പാട്ടൊരുക്കിയത് വയലാര്‍ - ദേവരാജന്‍. പാടിയത് എം ജി രാധാകൃഷ്‌ണനും പി സുശീലയും. നിരവധി ഭക്തിഗാനങ്ങളും പുഴകളെ കേന്ദ്രീകരിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ പമ്പയായിരിക്കും ഒരുപക്ഷേ ഇതില്‍ ഒന്നാം സ്ഥാനത്ത്. ഗംഗയും ഒട്ടും പിറകിലല്ലെങ്കിലും പുഴപ്പാട്ടുകളില്‍ എടുത്തു പറയേണ്ട ഒരു അയ്യപ്പഭക്തിഗാനമാണ് 'കുളത്തൂപ്പുഴയിലെ ബാലകനേ..' എന്ന ഗാനം. 1980ല്‍ പുറത്തിറങ്ങിയ ദീപം മകരമണിദീപം എന്ന കാസറ്റിലെ പാട്ടാണിത്. രചന ബിച്ചു തിരുമല. സംഗീതം രവീന്ദ്രന്‍. അയ്യപ്പന്റെ ബാലരൂപം ദര്‍ശിച്ച് ഭക്തര്‍ ഹൃദയത്തിലേറ്റിയ ഗാനം. എന്നാല്‍ കൗതുകം അതൊന്നുമല്ല. അടുത്തകാലത്ത് ഒരു അഭിമുഖത്തില്‍ ബിച്ചു പറഞ്ഞു, ഈ ഗാനം എഴുതുമ്പോള്‍ അയ്യപ്പനായിരുന്നില്ല, കുളത്തുപ്പുഴ രവിയെന്ന സാക്ഷാല്‍ രവീന്ദ്രന്റെ ബാല്യമായിരുന്നവത്രെ മനസ്സില്‍. പുഴയുടെ ഓര്‍മ്മകള്‍ മണക്കുന്ന രവിയുടെ അനാഥബാല്യം..!
ഇനിയും പുഴയൊഴുകും..
വെറും നാമമായും സങ്കല്‍പ്പ പദമായുമൊക്കെ പാട്ടിലൂടെ വെറുതെ ഒഴുകുമ്പോഴും ചന്ദ്രകാന്തത്തില്‍ ശ്രീകുമാരന്‍ തമ്പി കുറിച്ചതുപോലെ ഹൃദയവാഹിനിയാണ് പുഴ. പൂന്തേനരുവി (ഒരു പെണ്ണിന്റെ കഥ), പുഴയോരത്ത് (അഥര്‍വ്വം) കരയുന്നൂപുഴ (മുറപ്പെണ്ണ്), നീയൊരു പുഴയായി തഴുകുമ്പോള്‍(തിളക്കം), കൂന്താലിപ്പുഴ (കിളിച്ചുണ്ടന്‍ മാമ്പഴം) മന്നിടം പുഴയൊരു മണിവിളക്ക് (അധ്യാപിക), ഈ പുഴയും സന്ധ്യകളും (ഇന്ത്യന്‍ റുപ്പി), ഈ പുഴയും കുളിര്‍ക്കാറ്റും (മയൂഖം), പോക്കുവെയില്‍ ഉരുകി വീണ പുഴ (ചില്ല്) , പുഴ വക്കില്‍ (കാട്ടുകുതിര), കണ്ണാടിപ്പുഴയുടെ (ഭാര്യ) പട്ടിക നീളും.
ഭൂമിക്കു കിട്ടിയ സ്‌ത്രീധനങ്ങളെന്നാണു നദി എന്ന ചിത്രത്തില്‍ പുഴകളെ വയലാര്‍ വിശേഷിപ്പിക്കുന്നത്. കവിയെ കടമെടുത്താല്‍ മലയാള ചലച്ചിത്ര ഗാനശാഖയ്‌ക്ക് ധനമായി പുഴ നല്‍കിത് എയെത്രയെത്ര പാട്ടുകളാണ്..! അഗ്നിപുത്രിയില്‍ വയലാര്‍ എഴുതി ബാബുരാജ് ഈണമിട്ടു ജയചന്ദ്രന്‍ പാടിയതു പോലെ ഇനിയും പുഴയൊഴുകും ഇതു വഴി ഇനിയും കുളിര്‍കാറ്റോടിവരും...
ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം
പാട്ടുപാടി പാലമുണ്ടാക്കിയ പാട്ടുകാരന്‍..!
അമ്മക്കുയിലിന്‍റെ പാട്ടുകാരന്‍
പിന്നൊരിക്കലും മണിക്ക് കാണാനായില്ല ഈ പാട്ടെഴുതിയ ആ പയ്യനെ..!
കാതരമൊരു പാട്ടായ് ഞാനില്ലേ..?!
"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!
"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!
പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി