'കൊവിഡ് പോരാളികളെ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ല'; ബാബാ രാംദേവിനെതിരെ റസൂല്‍ പൂക്കുട്ടി
ഡോക്ടര്‍മാരെയും ആധുനിക വൈദ്യശാസ്ത്രത്തെയും അപമാനിച്ച രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തിയത്.
ഡോക്ടര്‍മാര്‍ക്കെതിരെ പരാമര്‍ശം നടത്തിയ ബാബാ രാംദേവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
‘മഹാമാരിക്കാലത്ത് ഒന്നും നോക്കാതെ നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ച നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും യാതൊരു യോഗ്യതയുമില്ലാത്ത ഒരാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ല. യുക്തി, ശാസ്ത്രം ഇന്ത്യയില്‍ വളരാന്‍ അനുവദിക്കൂ,’ എന്നാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.
ഡോക്ടര്‍മാരെയും ആധുനിക വൈദ്യശാസ്ത്രത്തെയും അപമാനിച്ച രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തിയത്. അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. നേരത്തെ കൊവിഡിനെതിരെ ബാബാ രാംദേവിന്റെ പതഞ്ജലി കൊറോണില്‍ എന്ന മരുന്ന് പുറത്തിറക്കിയതും വിവാദമായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona