'പ്രാന്തങ്കണ്ടലിന്‍...'; മോഹിപ്പിക്കുന്ന ഈണവുമായി 'തൊട്ടപ്പനി'ലെ ആദ്യഗാനം
ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായക കഥാപാത്രമായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണ് തൊട്ടപ്പന്‍.
രാജീവ് രവിയുടെ 'കമ്മട്ടിപ്പാട'മായിരിക്കും അന്‍വര്‍ അലി എന്ന കവിയ്ക്ക് ചലച്ചിത്രഗാന ശാഖയില്‍ ഏറ്റവും ജനപ്രീതി നേടിക്കൊടുത്തത്. കമ്മട്ടിപ്പാടത്തിലെ 'പുഴുപുലികള്‍' എന്ന ഗാനം അത്രത്തോളം പ്രേക്ഷകപ്രീതി നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ആദ്യ കേള്‍വിയില്‍ത്തന്നെ, ജനപ്രീതി നേടിയേക്കാമെന്ന് തോന്നിപ്പിക്കുന്ന ഒരു ഗാനം അദ്ദേഹത്തിന്റെ രചനയില്‍ പുറത്തെത്തിയിരിക്കുന്നു. 'കിസ്മത്തി'ന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ ആദ്യ ലിറിക്ക് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
'പ്രാന്തന്‍ കണ്ടലില്‍' എന്ന് തുടങ്ങുന്ന അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ലീല എല്‍ ഗിരീഷ് കുട്ടനാണ്. പ്രദീപ് കുമാറും സിതാര കൃഷ്ണകുമാറും ചേര്‍ന്ന് പാടിയിരിക്കുന്നു.
ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായക കഥാപാത്രമായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണ് തൊട്ടപ്പന്‍. കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഛായാഗ്രഹണം സുരേഷ് രാജന്‍. പശ്ചാത്തലസംഗീതം ജസ്റ്റിന്‍. വിനായകനൊപ്പം റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.