'അനിയത്തിപ്രാവി'ലെ പുറത്തിറങ്ങാതെ പോയ ഗാനം; രമേശൻ നായരുടെ ഓർമ്മകൾക്ക് മുന്നിൽ ഔസേപ്പച്ചൻ
തേങ്ങുമീ വീണയിൽ 'എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്.
മലയാളികളുടെ പ്രിയ കവി എസ് രമേശൻ നായര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കവിതയിലെന്ന പോലെ ചലച്ചിത്ര ഗാനരംഗത്തും എസ് രമേശൻ നായര്‍ മികവ് കാട്ടിയിരുന്നു. ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിലൂടെ മലയാള സിനിമക്ക് ലഭിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കുവച്ച കുറിപ്പും പാട്ടുമാണ് ശ്രദ്ധനേടുന്നത്.
അനിയത്തിപ്രാവ് എന്ന ഹിറ്റ് ചിത്രത്തിന് വേണ്ടി ഔസേപ്പച്ചനും രമേശൻ നായരും ചേർന്നൊരുക്കിയ ഗാനമാണ് പങ്കുവച്ചിരിക്കുന്നത്. പുറത്തിറങ്ങാതെപോയ 'തേങ്ങുമീ വീണയിൽ 'എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്.
'ഞാനും പ്രിയപ്പെട്ട എസ് .രമേശൻ നായർ സാറും ചേർന്ന് അനിയത്തിപ്രാവ് എന്ന സിനിമയ്ക്ക് വേണ്ടി ജന്മം നൽകി, പുറത്തിറങ്ങാതെ പോയ 'തേങ്ങുമീ വീണയിൽ ' എന്ന ഗാനം അദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ സമർപ്പിക്കുന്നു.. കാസറ്റിന്റെ പഴക്കവും കേടുപാടുകളും കാരണം റെക്കോർഡിങ് ക്വാളിറ്റിയിൽ അല്ല ആസ്വദിക്കാൻ കഴിയുക', എന്നാണ് ഗാനം പങ്കുവച്ച് ഔസേപ്പച്ചൻ കുറിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona