ആറടി മണ്ണിനായുള്ള പോരാട്ടം; കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ശബ്ദമായി ഊര്
ശവസംസ്കാര ചടങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം, പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ പരീക്ഷണങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്
ആറടി മണ്ണിനായുള്ള ഒരു കർഷകന്‍റെ പോരാട്ടമാണ് തമിഴ് സംഗീത ആൽബം ഊര്. മനുഷ്യത്വം മറന്നുള്ള വികസന പദ്ധതികൾ സാധാരണക്കാർക്കു ഉണ്ടാക്കുന്ന വലിയ നഷ്ടങ്ങളെയാണ് ഊരിൽ അവതരിപ്പിക്കുന്നത്. ശവസംസ്കാര ചടങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം, പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ പരീക്ഷണങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്.
ജീവിച്ചിരുന്ന കാലം വരെ വികസനത്തെ കൈപ്പാട് അകലെ മാത്രം നിർത്തി, സ്വന്തം ഭൂമിക്ക് കാവലിരുന്ന അച്ഛനെ കളിയാക്കിയ മകന്, ആ അച്ഛന്റെ മരണം വേണ്ടി വന്നു അദ്ദേഹം നെഞ്ചോടു ചേർത്ത ആറടി മണ്ണിന്‍റെ വില തിരിച്ചറിയാൻ.
റിച്ചി കെ എസ് ആണ് 'ഊര്' എന്ന 8 മിനിറ്റ് തമിഴ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മരണവും, സംസ്കാരവും ഒക്കെ പ്രമേയമാക്കി ഒരു ആൽബം എത്തിയാൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എന്ന് പറയുന്നു സംവിധായകൻ.
വെല്ലുവിളി ആയിരുന്നു എങ്കിലും പ്രമേയം തന്നെയാണ് പ്രസക്തി എന്നത് കൊണ്ടാണ് ഏറെ നാൾ കാത്തിരുന്നു എങ്കിലും മാറ്റങ്ങൾ ഒന്നും വരുത്താതെ അവതരിപ്പിച്ചത് എന്നും റിച്ചി പറഞ്ഞു വെക്കുന്നു.
വിഷ്ണു ദാസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷാഫി അലിയുടേതാണ് വരികൾ. ക്രൗഡ് ഫണ്ടിംഗിലൂടെ വണ്ടർ വാൾ മീഡിയ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.