'വസുധൈവ കുടുംബകം'; രാജ്യത്തിനും മോദിക്കും സംഗീത സമര്‍പ്പണവുമായി എല്‍ സുബ്രഹ്മണ്യം, അഭിനന്ദിച്ച് പ്രധാനമന്ത്രി
ഗായകരായ പണ്ഡിറ്റ് ജസ്‌രാജ്, ബീഗം പര്‍വീണ്‍ സുല്‍ത്താന, കെജെ യേശുദാസ്, എസ്പി ബാലസുബ്രഹ്മണ്യം, കവിത എന്നിവരും എല്‍ സുബ്രഹ്മണ്യത്തിനൊപ്പം സിംഫണിയില്‍ അണിചേരുന്നുണ്ട്.
മുംബൈ: രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഗീത സമർപ്പണവുമായി പ്രശസ്ത വയലിനിസ്റ്റ് എൽ സുബ്രഹ്മണ്യം. 'ഭാരത് സിംഫണി- വസുധൈവ കുടുംബകം' എന്ന് പേരിട്ടിരിക്കുന്ന സിംഫണി രാജ്യത്തിനും നരേന്ദ്രമോദിക്കും സമർപ്പിക്കുകയാണെന്ന് സുബ്രഹ്മണ്യം തന്റെ ട്വിറ്ററിൽ കുറിച്ചു.
ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്രയ്ക്കൊപ്പം ഗായകരായ പണ്ഡിറ്റ് ജസ്‌രാജ്, ബീഗം പര്‍വീണ്‍ സുല്‍ത്താന, കെജെ യേശുദാസ്, എസ്പി ബാലസുബ്രഹ്മണ്യം, കവിത എന്നിവരും എല്‍ സുബ്രഹ്മണ്യത്തിനൊപ്പം സിംഫണിയില്‍ അണിചേരുന്നുണ്ട്. പ്രസിദ്ധ കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജും സിംഫണിയുടെ ഭാഗമാകുന്നുണ്ട്.
അതേസമയം, സുബ്രഹ്മണ്യത്തിനെ അഭിനന്ദിച്ചുകൊണ്ട് നരേന്ദ്രമോദി തന്നെ രംഗത്തെത്തി. 'ഉജ്ജ്വലമായ അവതരണമാണിത്. വസുധൈവ കുടുംബകം എന്ന സന്ദേശം വളരെ മികച്ച രീതിയില്‍ അറിയിക്കാന്‍ സിംഫണിക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായവര്‍ വലിയ ശ്രമമാണ് നടത്തിയത്'- മോദി ട്വിറ്ററിൽ കുറിച്ചു.