'തളിരിട്ട കിനാക്കളും ഒരു പുഷ്പവും ഒരു കൊട്ട പൊന്നും'; എം എസ് ബാബുരാജിന്റെ ഓർമ്മകൾക്ക് 45 വയസ്സ്
കോഴിക്കോട്ടെ തെരുവുകൾക്ക് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയമുണ്ടായിരുന്ന അക്കാലത്ത് പൊലീസുകാരൻ കുഞ്ഞുമുഹമ്മദാണ് തെരുവിൽ പാടി നടക്കുന്ന ബാലനെ ആദ്യം ശ്രദ്ധിച്ചത്.
കോഴിക്കോട്: സംഗീത സംവിധായകൻ ബാബുരാജ് വിടവാങ്ങിയിട്ട് 45 വർഷം. ഈണത്തിന്റെയും രചനയുടെയും സൗന്ദര്യം കൊണ്ട് മലയാള സിനിമാ സംഗീതത്തിൽ ഇത്ര കണ്ട് മുദ്ര ചാർത്തിയ മറ്റൊരു സംഗീത സംവിധായകനുണ്ടാകില്ല. ഹൃദയത്തെ തൊടുന്ന ഈണമെന്നാൽ പുതുതലമുറയ്ക്ക് പോലും അത് ബാബുരാജാണ്.
മുഹമ്മദ് സാബിർ ബാബുരാജെന്ന ബാബുരാജിന് ജനിതകനാരിലേ സംഗീതമുണ്ടായിരുന്നു. കോഴിക്കോട്ടെ തെരുവുകൾക്ക് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയമുണ്ടായിരുന്ന അക്കാലത്ത് പൊലീസുകാരൻ കുഞ്ഞുമുഹമ്മദാണ് തെരുവിൽ പാടി നടക്കുന്ന ബാലനെ ആദ്യം ശ്രദ്ധിച്ചത്. പൊലീസ് ക്വാട്ടേഴ്സിലെ ആ സ്നേഹവായ്പിന്റെ ബലത്തിൽ ബാബുരാജ് കല്യാണവീടുകളിലും മെഹ്ഫിലുകളിലും പിന്നെ നാടക വേദികളിലുമെത്തി.
ശരീരത്തിലെ ഒരു അവയവമെന്ന വണ്ണം ഹാർമോണിയത്തെ തലോടി പാടിയ ബാബുരാജിനെകുറിച്ച് സംവിധായകനും കവിയുമായ പിഭാസ്കരനും കേട്ടു. അങ്ങനെ അദ്ദേഹത്തിന്റെ തിരമാല എന്ന ചിത്രത്തിൽ സംഗീതസഹായിയായി. പിന്നെ രാമുകാര്യാട്ടിനൊപ്പം മിന്നാമിനുങ്ങിൽ സ്വന്തമായി ഈണമിട്ടു. ജാസും ഡ്രമ്മും അനാവശ്യ ഉപകരണങ്ങളും വായിച്ച് ബഹളമയമായ സിനിമാപാട്ടുകളെ ബാബുരാജ് ഹൃദയത്തിൽ തൊടുന്ന സംഗിതവും വരികളുമാക്കി.
6 പതിറ്റാണ്ട് കഴിഞ്ഞിട്ടും മലയാളി തളിരിട്ട കിനാക്കളും ഒരു പുഷ്പവും പാടി നടക്കുന്നു. താമസമെന്തേ പാടാത്ത ഒരു കാമുക ഹൃദയവും ഇന്നാട്ടിലുണ്ടാകില്ല. സുറുമ എഴുതിയ മിഴികളെ പാടാത്ത ഒരു കാല്പനികനും കാണില്ല. താനെ തിരിഞ്ഞും മറിഞ്ഞും പാടി മലയാളി ഇപ്പോഴും വിരഹം അനുഭവിക്കുന്നു. ഗസലും ഖവാലിയും ഹിന്ദുസ്ഥാനിയില എണ്ണം പറഞ്ഞ രാഗങ്ങളും എല്ലാമുണ്ടായിരുന്നു ബാബുരാജിന്റെ സംഗീതത്തിൽ. പി ഭാസ്കരൻ പ്രിയപ്പെട്ടെ പാട്ടെഴുത്തുകാരനും യേശുദാസ് പ്രിയപ്പെട്ട ഗായകനുമായിരുന്നു ബാബുരാജിന്. യേശുദാസിന്റെ എക്കാലത്തെയും മികച്ച പാട്ടുകളിൽ മിക്കവയും ബാബുരാജ് ഗാനങ്ങളായിരിക്കും.
വിഷാദമുള്ള മെലഡികളായിരുന്നു ബാബുരാജിന്റെ മിക്ക പാട്ടുകളും. അതിനിടയിൽ. പാവാടപ്രായത്തിൽ, ഒരു കൊട്ട പൊന്നുണ്ടല്ലോ തുടങ്ങിയ പാട്ടുകൾ ആഘോഷമാക്കി ഉൽസവപ്പറമ്പുകൾ. 80ലേറെ സിനിമകളിലും ഇരുപതിലേറെ നാടകങ്ങൾക്കും ബാബുരാജ് സംഗീതം നൽകി.സിനിമയുടെ വെള്ളിവെളിച്ചം ബാബുരാജിന്റെ ജീവതത്തിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല. 70കളോടെ ബാബുരാജിന്റെ പ്രഭാവം മങ്ങിത്തുടങ്ങി. രോഗവും ദാരിദ്ര്യവും വേട്ടയാടി. ഇക്കാലത്ത് ഈണമിട്ട കടലേ നീലക്കടലേ എന്ന പാട്ടിലുണ്ടായിരുന്നു ബാബുരാജിന്റെ വേദന.
ആശുപത്രി ബില്ലുകളടക്കാൻ പണമില്ലാതെ സർക്കാരാശുപത്രിയിലെ ഇരുട്ടിൽ 59ാം വയസ്സിൽ ബാബുരാജ് മരിച്ചു. ബാബുരാജിന് ശേഷം വന്ന സംഗീത സംവിധായകരാരും ആ പാത പിന്തുടർന്നില്ല. സിനിമാ പാട്ടുകൾ വീണ്ടും അർത്ഥമില്ലാത്ത ഒച്ചയും ബഹളങ്ങളുമായി. ബാബുരാജെന്ന വിസ്മയം ഇപ്പോഴും റീമിക്സായും പാട്ടുകച്ചേരികളിലും പുനർജ്ജനിക്കുന്നു. കാലത്തിന് ചവിട്ടി മെതിക്കാനാകാതെ ആ സംഗീതവും ശബ്ദവും പതിറ്റാണ്ടുകൾക്കിപ്പുറവും മുഴങ്ങുന്നു.
ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ ഈ പ്രണയഗാനം; 'റാഹേല്‍ മകന്‍ കോര'യിലെ വീഡിയോ സോംഗ്