'മാളികപ്പുറ'ത്തിനു ശേഷം റൊമാന്‍റിക് നായകനായി ഉണ്ണി മുകുന്ദന്‍; 'മിണ്ടിയും പറഞ്ഞും' വീഡിയോ സോംഗ്
'ലൂക്ക' ഒരുക്കിയ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം
ഉണ്ണി മുകുന്ദന്‍റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായ മാളികപ്പുറം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. അതേസമയം അദ്ദേഹം നായകനാവുന്ന അടുത്ത ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയുമാണ്. ലൂക്ക എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിണ്ടിയും പറഞ്ഞും എന്നാണ് പേരിട്ടിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
നീയേ നെഞ്ചില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരിയാണ്. സൂരജ് എസ് കുറുപ്പ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മൃദുല വാര്യര്‍ക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നതും സൂരജ് ആണ്. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിക്കുമൊപ്പം ജാഫര്‍ ഇടുക്കി, ജൂഡ് ആന്‍റണി ജോസഫ്, മാല പാര്‍വ്വതി, ഗീതി സംഗീത, സോഹന്‍ സീനുലാല്‍, ആര്‍ ജെ മുരുകന്‍, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആര്‍ ജെ വിജിത, ശിവ ഹരിഹരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ്. ഛായാഗ്രഹണം മധു അമ്പാട്ട്. സംവിധായകനൊപ്പം മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കിരണ്‍ ദാസ്.
ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്
ലൂക്കയിൽ നിന്നും വ്യത്യസ്തമായ, രൂപം കൊണ്ട് ഏറെ മിനിമൽ ആയ ഒരു ചിത്രമാണ് ഈ പ്രാവശ്യം, പേര് മിണ്ടിയും പറഞ്ഞും. എന്നിരുന്നാലും ഇതിലും വിഷയം 'ആണും പെണ്ണും' തന്നെ. റിലേഷൻഷിപ്പുകളുടെ കോൺഫ്ലിക്റ്റുകളും യാത്രയും അൺപ്രെഡിക്റ്റബിലിറ്റിയും അവയുടെ unique ആയ അവതരണരീതികളും തന്നെയാണ് കലാരൂപങ്ങളിൽ ഏറ്റവും ആസ്വദിക്കാറുള്ളത്. ഒരുപക്ഷെ അതുതന്നെയായിരിക്കും അങ്ങനെയുള്ള ഉള്ളടക്കം സ്വന്തം ചിത്രങ്ങളിൽ പ്രതിഫലിക്കുന്നതും. ലൂക്ക അങ്ങനെ ആയിരുന്നു. മിണ്ടിയും പറഞ്ഞും, രസമുള്ള സമാന ചിന്തകളിൽ നിന്നുമുണ്ടായതുതന്നെ.