പഞ്ചാബി സംഗീതലോകം ഹൃദയത്തിലേറ്റിയ മലയാളി; കേരളത്തിന് പരിചിതമല്ലാത്ത ഫഹീം റഹ്‌മാനെ അറിയാം
ആശയം കൊണ്ടും അവതരണ രീതി കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നതാണ് കാസര്‍കോഡുകാരനായ ഫഹീമിന്റെ ആല്‍ബങ്ങളെല്ലാം. ഇതുകൊണ്ട് തന്നെയാണ് സംഗീത പ്രേമികള്‍ക്കിടയില്‍ ഈ മ്യുസിക്കല്‍ വീഡിയോകള്‍ ഇടം നേടിയതും.
തിരുവനന്തപുരം: ഒരു സംഗീത ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഭാഷ ഒരു വിഷയമേ അല്ല. അതിന് ഉത്തമ ഉദാഹരണം നമ്മള്‍ മലയാളികള്‍ തന്നെയാണ്. അത് ആസ്വാദനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പാടുന്ന കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലായാലും വിവിധ ഭാഷകളില്‍ കഴിവ് തെളിയിച്ച മലയാളികളെ നമ്മുക്ക് അറിയാം. അത്തരത്തില്‍ ആല്‍ബം പാട്ടുകളിലൂടെ പഞ്ചാബികളുടെ ഹൃദയത്തില്‍ ഇടം നേടിയ മലയാളി സാന്നിധ്യമാണ് ഫഹീം റഹ്‌മാന്‍.
ആശയം കൊണ്ടും അവതരണ രീതി കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നതാണ് കാസര്‍കോഡുകാരനായ ഫഹീമിന്റെ ആല്‍ബങ്ങളെല്ലാം. ഇതുകൊണ്ട് തന്നെയാണ് സംഗീത പ്രേമികള്‍ക്കിടയില്‍ ഈ മ്യുസിക്കല്‍ വീഡിയോകള്‍ ഇടം നേടിയതും. ഫഹീമിന്റെ ഒട്ടുമിക്ക മ്യുസിക്കല്‍ വീഡിയോകളും മറ്റും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. തേര്‍ഡ് ഐ ഫിലിംസ് എല്‍എല്‍സി കമ്പിനിയുടെ സ്ഥാപകനായ ഫഹീംമിന്റെ പ്രൊഡക്ഷനില്‍ ഒട്ടേറെ പാട്ടുകളും പരസ്യ ചിത്രങ്ങളും പിറവിയെടുത്തിട്ടുണ്ട്. പഞ്ചാബി മ്യൂസിക് ഇന്‍ഡസ്ട്രിയിലെ പ്രമുഖരായിട്ടുള്ള സുഖേ മ്യുസിക്കല്‍ ഡോക്ടര്‍സ്, ബി പ്രാക്ക്, ദില്‍ജിത് ദോസാഞ്ജ്, ജാനി, ഡിവൈന്‍, ടോണി കാക്കര്‍, ജാസ് മനാക്ക്, ഗുരി , കാംപി, നേഹ ശര്‍മ, ഫാസില്‍പുരിയ, സുനന്ദ ശര്‍മ്മ, കാക്ക, ഹെലി ധ്രുവാല, നേഹ മാലിക്, കരിസ്മ ശര്‍മ്മ, മനീന്ദര്‍ ബത്തര്‍, നീതി ടെയ്‌ലര്‍ തുടങ്ങിയവര്‍ ഫഹീമിനിപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു.
ഈ മേഖലയില്‍ അദ്ദേഹത്തിന് അനുഭവ സമ്പത്തേറയാണ്. ആ അനുഭവസമ്പത്ത് തന്നെയാണ് അദ്ദേഹത്തിന്റെ മുതല്‍ കൂട്ടും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല പ്രായത്തിലുള്ള കലാകാരന്മാരുമായി പ്രവര്‍ത്തിച്ച അദ്ദേഹം ഇന്ന് നിരവധി പുതു മുഖങ്ങള്‍ക്ക് ഈ മേഖലയില്‍ നല്ല വീഡിയോകള്‍ എടുക്കാന്‍ പിന്തുണയ്ക്കുന്നു. പിന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോഴും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമാണ് അദ്ദേഹത്തെ ആസ്വാദകരുടെ ഇടയില്‍ ജനപ്രീയനാക്കിയത്. ബോളിവുഡില്‍ ഹിറ്റ് മൂവിയായ ഗള്ളി ബോയിയിലെ റിയല്‍ ക്യാരക്റ്ററായ ഡിവൈന്റെ നോ കോംപറ്റിഷനും ഇദേഹത്തിന്റെ പ്രൊഡക്ഷനിലായിരുന്നു. അരവിന്ദന്‍ ഖൈറ, സാട്ടി ധില്ലണ്‍, ഡേവിഡ് സെന്നി, യാഡു, ബ്രാര്‍ സുഖ് സഘേര, റോബി സിംഗ് തുടങ്ങി പഞ്ചാബി സംവിധായകരോടോപ്പവും ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള നിരവധി കലാകാരന്മാരുമായി ചേര്‍ന്നും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫഹീമിന്റെ പ്രൊഡക്ഷനില്‍ നിരവധി സംഗീത ആല്‍ബങ്ങള്‍ പിറവിയെടുത്തിട്ടുണ്ടെങ്കിലും മലയാളി കൂടിയായ ഇദേഹം മലയാളികള്‍ക്ക് ഇടയിലത്ര സുപരിചിതനല്ല. സംഗീതമേഖലയോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യവും പ്രരിചയവും ആത്മവിശ്വാസവും പുതു തലമുറയ്ക്കും സംഗീത ലോകം സ്വപ്നം കാണുന്നവര്‍ക്ക് പ്രചോദനമാണ്.