ബെംഗളുരു സ്ട്രീറ്റിൽ സര്‍പ്രൈസ് പാട്ട്, മൈക്ക് ഊരിമാറ്റി ഓടിച്ച് പൊലീസ്; ആളാരെന്നോ? ഇതിഹാസ ഗായകൻ എഡ് ഷീരാൻ
ആളറിയാതെ മൈക്കിന്‍റെ കണക്ഷൻ ഊരി സ്ഥലം വിടാനായിരുന്നു ബെംഗളുരു പൊലീസ് പറഞ്ഞത്
![Legendary singer Ed Sheeran came to sing as a surprise sent away by the police without recognizing him Legendary singer Ed Sheeran came to sing as a surprise sent away by the police without recognizing him](https://static-gi.asianetnews.com/images/01jkn53h8k035k2r25qywr374e/ed-sheeran_363x203xt.jpg)
ബെംഗളുരു: ചർച്ച് സ്ട്രീറ്റിൽ സർപ്രൈസായി പാടാനെത്തിയ ഇതിഹാസ ഗായകൻ എഡ് ഷീരാനെ തിരിച്ചറിയാതെ പറഞ്ഞയച്ച് പൊലീസ്. ആളറിയാതെ മൈക്കിന്‍റെ കണക്ഷൻ ഊരി സ്ഥലം വിടാനായിരുന്നു ബെംഗളുരു പൊലീസ് പറഞ്ഞത്. രാവിലെ 11 മണിയോടെയാണ് പ്രമുഖ ബ്രിട്ടീഷ് ഗായകൻ എഡ് ഷീരാൻ ചർച്ച് സ്ട്രീറ്റിൽ പാടാനെത്തിയത്. നേരത്തേ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് ഗായകന്‍റെ പാട്ട് ബെംഗളുരു പൊലീസ് തടസപ്പെടുത്തി.
ഇതിനിടയിൽ എഡ് ഷീരാനെ കണ്ട് ആള് കൂടിയിരുന്നു. പലരും അദ്ദേഹം പാടുന്നത് മൊബൈലിൽ പകർത്താനും തുടങ്ങി. പ്രസിദ്ധമായ 'ഷേപ്പ് ഓഫ് യൂ' പാടുന്നതിനിടെയാണ് പൊലീസുകാരൻ വന്ന് പാട്ട് നിർത്താൻ പറഞ്ഞത്. എഡ് ഷീരാനാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും പൊലീസുകാരൻ അതൊന്നും കേട്ടില്ല. വന്നയുടൻ മൈക്കിലേക്കുള്ള കണക്ഷൻ ഊരി സ്ഥലം വിടാനായിരുന്നു പൊലീസിന്റെ നിര്‍ദേശം. തുടർന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരാനും ടീമും മടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വ്യാപക വിമര്‍ശനമാണ് ഇത് സംബന്ധിച്ച് നിരവധി ആളുകൾ ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം എഡ് ഷീരൻ ചെന്നൈയിൽ കണ്‍സേര്‍ട്ട് നടത്തിയിരുന്നു. ഇതിനിടെ ഇതിഹാസ സംഗീത സംവിധായകന്‍ എആർ റഹ്മാന്‍ വേദിയില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ചു. സർപ്രൈസായി നടന്ന അവതരണത്തില്‍ ഷീരാന്‍ ഗ്ലോബൽ ഹിറ്റായ ഷേപ്പ് ഓഫ് യുവും, റഹ്മാന്‍റെ ക്ലാസിക് ഉർവശി ഉർവ്വശിയും മാഷപ്പ് ചെയ്ത് വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ജനുവരി 30-ന് പൂനെയിൽ ആരംഭിച്ച എഡ് ഷീരന്‍റെ ഇന്ത്യന്‍ ടൂര്‍ ആറ് നഗരങ്ങളിലാണ് നടക്കുക. ചെന്നൈയിലെ ഷോയ്ക്ക് മുന്‍പ്. ബ്രിട്ടീഷ് ഗായകൻ പിന്നീട് ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിയിൽ ഫെബ്രുവരി 2-ന് പ്രകടനം നടത്തി. ബെംഗളുരു, ഷില്ലോങ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ അദ്ദേഹം ഷോ നടത്തും. ഗ്രാമി അവാര്‍ഡുകള്‍ അടക്കം നേടിയ ഗായകനാണ് ഷീരൻ.
A police officer pulled the plug when Ed Sheeran surprised everyone on Church Street😂😭😭😭
byu/WolfAffectionatefk inBollyBlindsNGossip
എഡ് ഷീരനും എ.ആർ റഹ്മാനും ഒന്നിച്ച് വേദിയില്‍: ആവേശത്തില്‍ ആരാധകര്‍