'മറന്നിട്ടുമെന്തിനോ..മനസില്‍ തുളുമ്പുന്ന..'; മലയാള മനസിൽ ഭാവഗായകൻ കോറിയിട്ട പ്രണയ ഗാനങ്ങൾ
മലയാള മനസില്‍ ഭാവഗായകന്‍ കോറിയിട്ട പ്രണയഗാനങ്ങള്‍.
പ്രണയം എന്ന വികരാരത്തെ പാട്ടിനോളം വിവരിക്കാൻ മറ്റെന്തിനെങ്കിലും സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. ആ പ്രണയത്തെ മലയാളികളുടെ മനസിൽ കോറിയിട്ട ഭാവഗായകനായിരുന്നു പി ജയചന്ദ്രൻ. 'മറന്നിട്ടുമെന്തിനോ..മനസില്‍ തുളുമ്പുന്ന..' എന്ന് ഗിരീഷ് പുത്തഞ്ചേരി എഴുതിയത് പോലെയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. മറന്നിട്ടും മനസിൽ അങ്ങനെ മായാതെ മറയാതെ കിടക്കും. അത്രയ്ക്കുണ്ട് ജയചന്ദ്രന്റെ ശബ്ദമാധുര്യം.
പ്രണയമായാലും, പ്രണയ വിരഹം ആയാലും പി ജയചന്ദ്രന്റെ കയ്യിൽ ഭദ്രമായിരുന്നു. ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനമില്ലാതെ അദ്ദേഹത്തിന്റെ പ്രണയഗാനങ്ങളുടെ പട്ടിക പൂർത്തിയാകില്ല. ഈ ഗാനമായിരുന്നു അദ്ദേഹത്തിന്റെ സംഗീത യാത്രയ്ക്ക് തുടക്കമിട്ടതും. 'ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ' എന്ന പാട്ടു കേള്‍ക്കുമ്പോള്‍, കണ്ണും നട്ട് കാത്തിരുന്നിട്ടും എന്റെ കരളിലെ കരിമ്പ് തോട്ടം..' എന്ന് ഹൃദയം തകര്‍ന്ന് നില്‍ക്കുമ്പോഴും ശബ്ദം, ജയചന്ദ്രന്റേത് ആയിരുന്നു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിൽ രണ്ട് ഗാനങ്ങളായിരുന്നു ജയചന്ദ്രൻ പാടിയത്. അതിൽ ‘ഒന്നു തൊടനുള്ളിൽ തീരാ മോഹം’ എന്ന ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. അതും ജനറേഷൻ ഗ്യാപ്പുകൾ ഇല്ലാതെ. ജയചന്ദ്രൻ എന്ന ഭാവഗായകന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നും ഇതാണ്. നഷ്ടപ്രണയത്തിന്റെ നീറ്റലായി ആസ്വാദകരിൽ നിറയുന്ന ഗാനമാണ് 'മറന്നിട്ടുമെന്തിനോ..മനസില്‍ തുളുമ്പുന്ന..' എന്ന പാട്ട്. ഇന്നും രാത്രികളിൽ പലരുടെയും ഫോണുകളിൽ ആ ഗാനം മുഴങ്ങി കേൾക്കുന്നുണ്ട്.
മഞ്ഞലയിൽ മുങ്ങിത്തോർത്തി വന്ന ധനു മാസ ചന്ദ്രിക...; ഓര്‍മയായത് മലയാളിയുടെ പ്രണയനാദം
തിളക്കത്തിലെ 'നീയൊരു പുഴയായി തഴുകുമ്പോൾ', പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭാവങ്ങൾ മിന്നി മറഞ്ഞ ‘പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ സൗന്ദര്യ തീർഥക്കടവിൽ’, വെള്ളിത്തിരയിലെ 'നീ മണിമുകിലാടകൾ', ഗ്രാമഫോണിലെ ‘എന്തേ ഇന്നും വന്നീലാ‘, രാവണപ്രഭുവിലെ ‘അറിയാതെ അറിയാതെ‘, പ്രണയത്തിലെ ‘പാട്ടിൽ ഈ പാട്ടിൽ‘, പെരുമഴക്കാലത്തിലെ 'കല്ലായിക്കടവത്ത് കാറ്റൊന്നും', ക്രോണിക് ബാച്ചിലറിലെ 'സ്വയംവര ചന്ദ്രികേ', ‘വിരൽ തൊട്ടൽ വിരിയുന്ന പെൺപൂവേ എന്ന ഗാനം’, 'പൊടിമീശമുളയ്ക്കണ കാലം', 'നീയൊരു പുഴയായ് തഴുകുമ്പോൾ', 'ശിശിര കാല മേഘ', തുടങ്ങി എത്രയോ എത്രയോ പ്രണയ ഗാനങ്ങൾ പി ജയചന്ദ്രന്റെ മാധുര്യമൂറുന്ന ശബ്ദത്തിൽ മലയാളികൾക്ക് ലഭിച്ചു. ഇന്നും അവ കാലാനുവർത്തിയായി നില കൊള്ളകയും ചെയ്യുന്നു. ഇനിയും അങ്ങനെ തന്നെ നിലനിൽക്കും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..