Lata Mangeshkar : ലതാ മങ്കേഷ്കർക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
2019ൽ ന്യൂമോണിയ ബാധയെ തുടർന്ന് ലതാ മങ്കേഷ്കർ ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
കൊവിഡ് ബാധയെ തുടർന്ന് ഗായിക ലതാ മങ്കേഷ്കറിനെ(Lata Mangeshkar) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്കർ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. പ്രായം കണക്കിലെടുത്താണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ എന്നും കുടുബം പറയുന്നു.
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാർത്ഥനയിൽ ലതാ മങ്കേഷ്കറെ ഓർക്കണമെന്നും
മരുമകൾ രചന ആവശ്യപ്പെട്ടു. 2019ൽ ന്യൂമോണിയ ബാധയെ തുടർന്ന് ലതാ മങ്കേഷ്കർ ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതേ തുടർന്ന് പൂർണ വിശ്രമത്തിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്.
കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ തന്റെ 92മത്തെ പിറന്നാൾ ആഘോഷിച്ചത്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‍കറുടെയും ശേവന്തിയുടെയും ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു ആദ്യ പേര്. ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേരിലേക്ക് എത്തിയത്. സഹോദരി ആശാ ഭോസ്‌ലേയും ഇന്ത്യയുടെ പ്രിയ ഗായികയാണ്.