Bheemla Nayak Song | 'സൗണ്ട് ഓഫ് ഭീംല'; തെലുങ്കിലെ 'അയ്യപ്പന്‍ നായരു'ടെ അവതരണ ഗാനം
സാഗര്‍ കെ ചന്ദ്രയാണ് തെലുങ്ക് റീമേക്കിന്‍റെ സംവിധാനം
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് (Ayyappanum Koshiyum Telugu Remake) ആണ് പവന്‍ കല്യാണും (Pawan Kalyan) റാണ ദഗുബാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഭീംല നായക്' (Bheemla Nayak). അയ്യപ്പനും കോശിയും നേടിയിട്ടുള്ള അനിതരസാധാരണമായ ജനപ്രീതി കൊണ്ടുതന്നെ തെലുങ്ക് റീമേക്ക് പ്രഖ്യാപനസമയം മുതല്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും ചര്‍ച്ചയാണ്. പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരാണ് സിനിമയ്ക്കും. കഥാപാത്രത്തിന്‍റെ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിന്‍റെ വരികള്‍ ത്രിവിക്രം ശ്രീനിവാസിന്‍റേതാണ്. ആലപിച്ചിരിക്കുന്നത് അരുണ്‍ കൗണ്ഡിന്യ.
ബിജു മേനോന്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് പവന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്‍റെ കോശി കുര്യന്‍ തെലുങ്കില്‍ റാണ അവതരിപ്പിക്കുന്ന ഡാനിയല്‍ ശേഖര്‍ ആണ്. മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച കഥാപാത്രത്തെ റീമേക്കില്‍ അവതരിപ്പിക്കുന്നത് നിത്യ മേനന്‍ ആണ്.
സാഗര്‍ കെ ചന്ദ്രയാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയവും. എന്നാല്‍ തെലുങ്ക് പ്രേക്ഷകരുടെ അഭിരുചി വ്യത്യാസമനുസരിച്ച് മാറ്റങ്ങളോടെയാണ് റീമേക്ക് എത്തുന്നത്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ ഭീംല നായകിനാവും പ്രാധാന്യം കൂടുതല്‍. 2022 ജനുവരി 12നാണ് റിലീസ്.