‘സ്നേഹമാണ്, സ്വാർത്ഥമല്ല, ചോറിനുള്ള കൂറുമല്ല’; ശ്രദ്ധനേടി ‘ലെയ്‌ക്ക’ സോംഗ്
മിനി സ്ക്രീനിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ലെയ്‌ക്ക’
മിനി സ്ക്രീനിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ലെയ്‌ക്ക’ എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധനേടുന്നു. പി.മുരളീധരന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സതീഷ് രാമചന്ദ്രൻ ആണ്. നായകളുടെ ഗുണവിശേഷങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഗാനം ആലപിച്ചിരിക്കുന്നത് ഷാനി ഭുവൻ ആണ്.
നവാഗതനായ ആഷാദ് ശിവരാമനാണ് ‘ലെയ്‌ക്ക’ എന്ന ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ വർഷം മികച്ച ടെലിഫിലിമിനും സംവിധായകനുമുള്ളത് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങൾ നേടിയ ‘ദേഹാന്തര’ത്തിന്റെ സംവിധായകനാണ് ആഷാദ് ശിവരാമന്‍.
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക് ഷോപ്പ് ജീവനക്കാരനായ രാജുവിന്‍റെ കുടുംബമാണ് സിനിമയിലെ കേന്ദ്ര പശ്ചാത്തലം. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് മേനി നടിക്കുന്ന രാജുവിന്റെ ഭാര്യ വിമലയായി എത്തുന്നത് നിഷയാണ്. ഇരുവർക്കുമിടയിൽ കഥയുടെ രസച്ചരടു മുറുക്കി മറ്റൊരു മുഖ്യ കഥാപാത്രമായി ടിങ്കു എന്ന നായയും എത്തുന്നു. ആദ്യമായി ബഹിരാകാശത്തുപോയ റഷ്യൻ നായയാണ് 'ലെയ്‌ക്ക'. ഇവന്‍റെ പിൻമുറക്കാരനാണ് ഈ ലെയ്‌ക്ക എന്നാണ് അവകാശവാദം.
തമിഴ് നടൻ നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു. പി.മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഏറെ ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള പി.സുകുമാറാണ് ഛായാഗ്രഹണം. ഗാനങ്ങൾ: ബി.ടി.അനിൽകുമാർ, ശാന്തൻ, പി. മുരളീധരൻ, സംഗീതം: സതീഷ് രാമചന്ദ്രൻ, ജെമിനി ഉണ്ണിക്കൃഷ്ണൻ. എഡിറ്റിംഗ്: വിപിൻ മണ്ണൂർ, കലാസംവിധാനം: അനീഷ് കൊല്ലം, അസോസിയേറ്റ് ഡയറക്ടർ: കെ.ജി.ഷൈജു, കോസ്റ്റിയൂം ഡിസൈൻ: രതീഷ്, മേക്കപ്: അനിൽ നേമം, പ്രൊഡക്ഷൻ കൺട്രോളർ: മുരുകൻ എസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: വിജയ് ജി.എസ്. വി.പി.എസ്. ആൻഡ് സൺസ് മീഡിയയുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത് മണി എന്നിവർ ചേർന്നാണ് ലെയ്‌ക്ക നിർമിച്ചിരിക്കുന്നത്.