'പാചകം ചെയ്യണമെന്ന് ആഗ്രഹം, പക്ഷെ അറിയില്ല'; ചിത്രയുടെ ഇഷ്ടങ്ങള്‍
"പാചകം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനായി ചില ശ്രമങ്ങള്‍ ലോക്ഡൌണ്‍ കാലത്ത് അടക്കം നടത്തി. പക്ഷെ.."
മലയാളിയുടെ ശബ്ദസൌകുമാര്യം കെഎസ് ചിത്ര അറുപതാം വയസിലേക്ക്. കേരളത്തിന്റെ വാനമ്പാടിയായ ചിത്ര ഇന്നും പിന്നണിഗാന രംഗത്തും സ്റ്റേജ് പരിപാടികളിലും സജീവമാണ്. പൊന്നിയിൻ സെൽവൻ, നീലവെളിച്ചം എന്നീ സിനിമകളിൽ അടക്കം ചിത്ര പാടിയ ഗാനങ്ങള്‍ അടുത്തിടെ പോലും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
തമിഴിലും തെലുങ്കിലും ഹിന്ദിയിലും അടക്കം വിവിധ ഭാഷകളിലായി 25,000 ഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്. തന്‍റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ചിത്ര ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍. സംഗീതത്തില്‍ നിന്ന് ഒരിക്കലും വിരമിക്കില്ലെന്ന് ചിത്ര പറയുന്നു. ഇഷ്ടപ്പെടുന്നവരുടെ സ്നേഹമാണ് പ്രതിസന്ധി മറികടക്കാനുള്ള ഊര്‍ജ്ജമെന്നും ചിത്ര പറയുന്നു.
എങ്ങനെയുണ്ട് 60 ക്ലബ് എന്ന ചോദ്യത്തിന് തനിക്ക് സന്തോഷമുണ്ടെന്ന് ചിത്ര പറയുന്നു. വയസ് കൂടി എന്നതില്‍ ആശങ്കയില്ല. വയസ് കൂടണമല്ലോ. മാനസികമായി അത്ര പക്വത വന്നോ എന്ന് ചോദിച്ചാല്‍ അറിയില്ല. പിന്നെ സീനിയര്‍ സിറ്റിസണ്‍ ആയിരിക്കുകയാണ്. എവിടെ പോയാലും ഒരു സീറ്റ് കിട്ടുമല്ലോ. ജന്മദിനം പൊതുവേ ആഘോഷിക്കാറില്ല. എന്‍റെ മക്കളെപ്പോലെ കരുതുന്ന ചില ആരാധകരുണ്ട്. അവര്‍ എന്തെങ്കിലും ചെറിയ ആഘോഷവുമായി വന്നാല്‍ അതില്‍ പങ്കെടുക്കും.
പ്രഷറും ഷുഗറും എല്ലാം ഉണ്ട്. എന്നാല്‍ മധുരം വേണ്ടെന്ന് വയ്ക്കില്ല. എന്‍റെ വായയ്ക്ക് ഇഷ്ടമുള്ള രുചി മധുരമാണ്. ഒരാഴ്ച മധുരം കുറയ്ക്കൂ എന്ന് പറഞ്ഞാലും ഞാന്‍ കട്ടിട്ടാണെങ്കിലും തിന്നും. എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. അങ്ങനെ പോകുന്നെങ്കില്‍ അങ്ങ് പോകട്ടെ എന്ന് കരുതും. തനിക്ക് പാചകം അറിയില്ലെന്ന് ചിത്ര പറയുന്നു. പാചകം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനായി ചില ശ്രമങ്ങള്‍ ലോക്ഡൌണ്‍ കാലത്ത് അടക്കം നടത്തി. പക്ഷെ താന്‍ ഉണ്ടാക്കുന്നതിനൊന്നും ഒരു രുചി ഉണ്ടാകില്ലെന്ന് ചിത്ര പറയുന്നു.
പത്ത് കൊല്ലം കഴിഞ്ഞ് ഇവിടെ, ഇരുപത് കൊല്ലം കഴിഞ്ഞ് അവിടെ എന്ന രീതിയില്‍ പ്ലാന്‍ ഒന്നും ഇല്ല. ഒപ്പം നില്‍ക്കുന്നവരുടെ പിന്തുണയും ശബ്ദം സഹകരിക്കുകയും ചെയ്താല്‍ മുന്നോട്ട് പോകുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെഎസ് ചിത്ര പറയുന്നു.
ALSO READ : ദുൽഖറിന്‍റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനമെത്തും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക