'കെഎസ് ചിത്ര, മലയാളികളുടെ സ്വന്തം പാട്ട്'; പ്രിയ ​ഗായികയെ പത്മഭൂഷൺ നൽകി രാജ്യം ആദരിക്കുമ്പോൾ

ഈ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൺ നൽകി ചിത്രയെ ആദരിക്കുമ്പോൾ, ഇന്ത്യയിലെമ്പാടുമുള്ള സം​ഗീതാസ്വാദകർക്കും അഭിമാന നിമിഷമാണ്.

KS Chithra gets Padma Bhushan

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര എന്ന അതുല്യകലാകാരി. സിനിമാ പിന്നണി ​ഗാനരം​ഗത്ത് എത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികള്‍ കെ എസ് ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കുന്നു. 72ാം റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് രാജ്യം പദ്മഭൂഷണ്‍ പുരസ്‌കാരം നൽകി കേരളത്തിന്റെ വനമ്പാടിയെ ആദരിക്കുകയാണ്. പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും അതിലേറെ ഞെട്ടലുമാണെന്നാണ് ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

കെ എസ് ചിത്രയുടെ പഴയ പാട്ടുകള്‍ക്ക് യുവതലമുറയിലും ആരാധകര്‍ ഏറെയാണ്. ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകളാണ് ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി അവർ പാടിയിട്ടുള്ളത്. ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടി. ഈ പാട്ടുകൾ എല്ലാം തന്നെ മലയാളികളുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു, എന്നും എപ്പോഴും. 

കെ എസ് ചിത്ര ആദ്യമായി ഒരു സിനിമയ്‍ക്ക് ഗാനം ആലപിച്ചത് 1979ല്‍ ആണ്. എം ജി രാധാകൃഷ്‍ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഇങ്ങോട്ട് നിരവധി ഹിറ്റ് ​ഗാനങ്ങൾ ചിത്രയുടെ ശബ്ദ മധുരിമയിൽ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിൽ അവർ ​ഗനങ്ങൾ ആലപിച്ചു. നിരവധി സം​ഗീത റിയാലിറ്റി ഷോകളിലും ചിത്രയുടെ സാന്നിധ്യം വളരെ വലുതായിരുന്നു. 

പതിനാറ് തവണ കേരള സംസ്ഥാന അവാര്‍ഡ്  ചിത്രയെ തേടിയെത്തി. ആറ് തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. നാല് തവണ തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മൂന്ന് തവണ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.

കരമന കൃഷ്‍ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് ആണ് കെ എസ് ചിത്രയുടെ ജനനം. അച്ഛൻ തന്നെയായിരുന്നു ആദ്യ ഗുരു. കെ ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചു.എം ജി രാധാകൃഷ്‍ണന്റെ സംഗീതത്തിലൂടെ വെള്ളിത്തിരിയുടെയും ഭാഗമായി. നേരത്തെ  പത്മശ്രീ നല്‍കിയും രാജ്യം ചിത്രയെ ആദരിച്ചിരുന്നു.

കെ എസ് ചിത്രയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ കൃഷ്‍ണ ഡിജിഡിസൈൻ എന്ന റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുണ്ട്. എഞ്ചിനീയറായ വിജയശങ്കര്‍ ആണ് കെ എസ് ചിത്രയുടെ ഭര്‍ത്താവ്. ഈ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൺ നൽകി ചിത്രയെ ആദരിക്കുമ്പോൾ, ഇന്ത്യയിലെമ്പാടുമുള്ള സം​ഗീതാസ്വാദകർക്കും അഭിമാന നിമിഷമാണ്. ഇനിയും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ ചെവികളിൽ വന്നു വീഴാൻ എല്ലാവിധ ആശംസകളും ഓരോരുത്തരും നേരുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios