KGF 2 Song : പ്രണയനായകനായ 'റോക്കി ഭായ്'; കെജിഎഫ് 2 വീഡിയോ ഗാനം
മലയാളമുള്‍പ്പെടെ ഗാനത്തിന്‍റെ അഞ്ച് ഭാഷാപതിപ്പുകള്‍ പുറത്തെത്തിയിട്ടുണ്ട്
കെജിഎഫ് 2 ലെ (KGF 2) വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നായകനായ റോക്കി ഭായിയുടെ (പ്രശാന്ത് നീല്‍) പ്രണയജീവിതം ദൃശ്യവത്കരിക്കുന്ന ഗാനമാണ് ഇത്. മെഹബൂബ എന്ന ഗാനത്തിന്‍റെ, മലയാളമുള്‍പ്പെടെ അഞ്ച് ഭാഷാപതിപ്പുകള്‍ പുറത്തെത്തിയിട്ടുണ്ട്. സുധാംശുവിന്‍റെ വരികള്‍ക്ക് രവി ബസ്‍രൂര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നത് അനന്യ ഭട്ട്.
അതേസമയം ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 1000 കോടിക്ക് മുകളിലാണ്. ഹിന്ദി പതിപ്പും വന്‍ പ്രതികരണമാണ് നേടിയത്. ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് കെജിഎഫ് 2. 400 കോടിയിലേറെയാണ് കെജിഎഫ് 2ന്‍റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത്. ആമിര്‍ ഖാന്‍റെ ദംഗലിനെയാണ് ചിത്രം പിന്നിലാക്കിയിരിക്കുന്നത്. ദംഗലിന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ ഗ്രോസ് ആണ് വെറും 21 ദിവസങ്ങള്‍ കൊണ്ട് കെജിഎഫ് 2 പിന്നിലാക്കിയത്. അതേസമയം ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ ഗ്രോസില്‍ ഒന്നാമത് ഇപ്പോഴും ബാഹുബലി 2 തന്നെയാണ്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ പ്രശാന്ത് നീല്‍ ചിത്രത്തിന് ആവുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.
അതേസമയം ചിത്രം കേരളത്തിലും മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ 60 കോടിക്കു മുകളിലാണ് ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസിനെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. കേരളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായ പുലിമുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ എന്നിവയ്ക്കു താഴെ നാലാം സ്ഥാനത്താണ് നിലവില്‍ കെജിഎഫ് 2 എന്നും അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പെരുന്നാള്‍ റിലീസുകള്‍ എത്തിയിട്ടും കെജിഎഫ് 2 നേടുന്ന ഈ മികച്ച പ്രതികരണം തിയറ്റര്‍ ഉടമകളെപ്പോലും അമ്പരപ്പിക്കുന്നുണ്ട്. റംസാന്‍ മാസത്തിനു ശേഷം തിയറ്ററുകള്‍ സജീവമായ മലബാര്‍ മേഖലയിലാണ് പോയ വാരാന്ത്യത്തില്‍ കെജിഎഫ് 2 ന് ഏറ്റവും മികച്ച പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.