മകളുടെ വിയോഗമുണ്ടാക്കിയ ആഘാതം, ഇനി പാടില്ലെന്ന് കരുതിയ നിമിഷം, ഒടുവിൽ തിരിച്ചെത്തിയ ചിത്രാമ്മ
പ്രിയ മകളുടെ അകാല വിയോഗത്തിന്റെ ആഘാതം താങ്ങാൻ ചിത്രയ്ക്ക് സാധിച്ചില്ല.
നുണക്കുഴി കാട്ടിയുള്ള നിഷ്‍ളങ്കമായ ചിരി. ഒറ്റനോട്ടത്തിൽ തന്നെ ഒരു പോസിറ്റീവ് എനർജി. വളർന്നുവരുന്ന പ്രതിഭകളെ ഒരു ഗുരുവിനെ പോലെ, അമ്മയെ പോലെ കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് ഒപ്പം കൂട്ടി. മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലുമെല്ലാം ആ മധുര ശബ്‍ദം കൂട്ടായി. കാലങ്ങൾ എത്ര കഴിഞ്ഞ് പോയാലും ചിത്രയുടെ പാട്ടിന്റെ സ്വരമാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും വന്നിട്ടില്ല. ആ മധുരമൂറുന്ന ശബ്‍ദം കൊണ്ട് ചിത്ര കീഴടക്കിയത് മലയാളികളുടെ മാത്രമല്ല, ഇന്ത്യയിലെ ഓരോ വ്യക്തികളുടെയും മനസിനെയാണ്. എന്നാൽ ഒരുകാലത്ത് ഏവരും നെഞ്ചേറ്റിയ ആ സംഗീതം ഇനി ഒരിക്കലും തന്നിലേക്ക് തിരിച്ച് വരില്ലെന്ന് കരുതിയ ചിത്ര ഉണ്ടായിരുന്നു. തന്റെ പൊന്നോമന മകൾ നന്ദനയുടെ അകാല വിയോഗം ആയിരുന്നു ആ ചിന്തയിലേക്ക് ചിത്രയെ നയിച്ചത്.
പതിറ്റാണ്ടുകൾ നീണ്ട തന്റെ സംഗീത ജീവിതത്തിൽ ഒട്ടനവധി പുരസ്‍കാരങ്ങളും അംഗീകാരങ്ങളും ചിത്രയെ തേടി എത്തിയിട്ടുണ്ട്. അവയേക്കാൾ ഏറെ ചിത്രയ്ക്ക് വിലമതിക്കാനാകാത്ത സ്വത്തായിരുന്നു മകൾ നന്ദന. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച ആ കുഞ്ഞിന്റെ സന്തോഷം പക്ഷേ, അധികനാൾ കാണാൻ ചിത്രയ്ക്ക് സാധിച്ചില്ല. 2011ൽ ദുബായിയിലെ വില്ലയിലുള്ള നീന്തൽക്കുളത്തിൽ വീണായിരുന്നു നന്ദന മരിക്കുന്നത്. അന്ന് ഒൻപത് വയസ് ആയിരുന്നു നന്ദനയുടെ പ്രായം. പ്രിയ മകളുടെ അകാല വിയോഗത്തിന്റെ ആഘാതം താങ്ങാൻ ചിത്രയ്ക്ക് സാധിച്ചില്ല. പിന്നണി ഗാനരംഗത്തേക്കോ തന്റെ സംഗീത ജീവിതത്തിലേക്കോ തിരിച്ചുവരാൻ കഴിയുമെന്ന് ചിത്ര ഒരിക്കലും ചിന്തിച്ചതുമില്ല.
എല്ലാം കഴിഞ്ഞു. പാട്ടും ഇല്ല ഒന്നുമില്ല എന്ന മനസായിരുന്നു അന്ന് ചിത്രയ്ക്ക്. ആ വേദനയിൽ നിന്നും തിരിച്ചുവരാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയതുമില്ല. പ്രിയ ഗായിക തിരിച്ചുവരണമെന്ന് ഓരോ മലയാളികളും മനസുരുകി പ്രാർത്ഥിച്ചു. അന്നും ഇന്നും എന്നും ചിത്രയ്ക്ക് താങ്ങും തണലുമായി നിന്നത് ഭർത്താവ് വിജയ് ശങ്കര്‍ ആണ്. ജോലി പോലും ഉപേക്ഷിച്ച് അദ്ദേഹം ചിത്രയ്ക്ക് ധൈര്യം പകർന്ന് ഒപ്പം നിന്നു.
തനിക്ക് ഒട്ടും പരിചയമില്ലാത്ത ആളുകൾ പോലും തനിക്ക് വേണ്ടി വഴിപാടുകൾ ചെയ്‍ത് വീട്ടിലേക്ക് പ്രസാദം അയക്കുമായിരുന്നുവെന്ന് ചിത്ര അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തെറാപ്പിസ്റ്റ് രേഖ ചന്ദ്രൻ, രവീന്ദ്രൻ മാഷിന്റെ ഭാര്യ ശോഭ ഉൾപ്പടെ ഉള്ള നിരവധി പേർ ചിത്രയ്ക്ക് ധൈര്യവും ആത്മവിശ്വാസവും നൽകി. ഒടുവിൽ ഞാൻ ഇങ്ങനെ ഇരുന്നാൽ ഭർത്താവിന്റെ ജീവിതം എന്താകും ? തന്റെ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥ എന്താകും തുടങ്ങിയ കാര്യങ്ങൾ ചിത്രയെ അലട്ടിക്കൊണ്ടേയിരുന്നു.
'എന്റെ മകളുടെ മരണത്തോടുകൂടി ഞാൻ ഒരു കാര്യം മനസിലാക്കി, നമുക്ക് വരാനുള്ളത് എന്തായാലും വരും, എന്നാൽ ഇത്തരം സന്ദർഭങ്ങൾ മറികടക്കാനുള്ള ധൈര്യമാണ് നമുക്ക് ദൈവത്തിൽ നിന്ന് കിട്ടുന്നത്. അതൊരു തിരിച്ചറിവായിരുന്നു. പിന്നീട് ഞാനിങ്ങനെ ഒറ്റപ്പെട്ടിരിക്കുമ്പോൾ എന്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടിയാണ് ഞാൻ കാരണം വിഷമത്തിൽ ആകുന്നതെന്ന് മനസിലാക്കി', എന്നാണ് ചിത്ര ഒരിക്കൽ ബിഹൈന്‍ഡ് വുഡ്സിനോട് പറഞ്ഞത്. ഈ ചിന്തകളും പിന്തുണയും ആയിരുന്നു ചിത്രയെ സംഗീത ലോകത്തേക്ക് തിരിച്ചെത്തിച്ചതും.
ഒടുവിൽ പിന്നണിഗാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്ര സമ്മാനിച്ചത് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ. അവയെല്ലാം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. ഓരോ പാട്ടും ഓരോരുത്തരുടെയും പേഴ്സണൽ ഫേവറേറ്റുകളായി മാറി. ചിത്ര ഇപ്പോള്‍ അറുപതിന്റെ നിറവിൽ നിൽക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് മലയാളികൾ നെഞ്ചേറ്റിയ ആ സ്വരമാധുരി ഇന്നും എന്നും കാലാനുവർത്തിയായി നിലകൊള്ളുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..