പ്രണയ ജോഡികളായി വരുണ്‍ ധവാന്‍, കിയാര അദ്വാനി; 'ജഗ്‍ജഗ് ജീയോ'യിലെ ഗാനം
ജൂണ്‍ 24ന് ചിത്രം തിയറ്ററുകളിലെത്തും
വരുണ്‍ ധവാന്‍, കിയാര അദ്വാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് മെഹ്‍ത സംവിധാനം ചെയ്‍ത ജഗ്‍ജഗ് ജീയോയിലെ (JugJugg Jeeyo) പുതിയ ഗാനം പുറത്തെത്തി. നേനെ താ ഹീരേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഗുലാം മുഹമ്മദ് ഖവര്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് വിശാല്‍ ഷെല്‍കെ. ഗുരു രണ്‍ധാവയും അസീസ് കൗറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ദുപ്പട്ട എന്ന ഗാനം യുട്യൂബില്‍ തരംഗം തീര്‍ത്തിരുന്നു.
അനില്‍ കപൂര്‍, നീതു കപൂര്‍, മനീഷ് പോള്‍, പ്രജക്ത കോലി, ടിസ്ക ചോപ്ര, വരുണ്‍ സൂദ്, എല്‍നാസ് നുറൂസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. റിഷഭ് ശര്‍മ്മ, അനുരാഗ് സിംഗ്, സുമിത് ബതേജ, നീരജ് ഉദ്ധ്വാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അനുരാഗ് സിംഗിന്‍റേതാണ് കഥ. റിഷഭ് ശര്‍മ്മയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജേ ഐ പട്ടേല്‍ ആണ് ഛായാഗ്രഹണം. ധര്‍മ്മ പ്രൊഡക്ഷന്‍സും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. ജൂണ്‍ 24ന് ചിത്രം തിയറ്ററുകളിലെത്തും.
ബോളിവുഡില്‍ വീണ്ടും താരയുദ്ധം; അക്ഷയ്, ആമിര്‍ ചിത്രങ്ങള്‍ ഒരേ ദിവസം
തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് പണം വാരുമ്പോള്‍ പഴയ പ്രതാപം തുടരാനാവാത്ത സ്ഥിതിയിലാണ് ബോളിവുഡ്. സൂപ്പര്‍താര ചിത്രങ്ങളടക്കം ബോക്സ് ഓഫീസില്‍ മൂക്കുകുത്തുന്നത് തുടര്‍ക്കഥയാവുകയാണ്. അക്ഷയ് കുമാറിന്‍റെ (Akshay Kumar) സാമ്രാട്ട് പൃഥ്വിരാജും കങ്കണ റണൌത്തിന്‍റെ ധാക്കഡുമൊക്കെയാണ് ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേദിവസം തിയറ്ററുകളിലെത്തുകയാണ്. ആമിര്‍ ഖാന്‍റെ (Aamir Hkan) ലാല്‍ സിംഗ് ഛദ്ദയും (Laal Singh Chaddha) അക്ഷയ് കുമാറിന്‍റെ രക്ഷാബന്ധനുമാണ് (Raksha Bandhan) ആ ചിത്രങ്ങള്‍.
ഇരു ചിത്രങ്ങളും ഓഗസ്റ്റ് 11ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്. രണ്ട് ചിത്രങ്ങളും നേരത്തേ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നതാണ്. ഇത് മാറാന്‍ സാധ്യതയുണ്ടെന്ന് സിനിമാ വ്യവസായത്തിലുള്ളവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രക്ഷാബന്ധന്‍ റിലീസ് തീയതിയില്‍ മാറ്റമില്ലെന്ന് അണിയറക്കാര്‍ അറിയിച്ചതോടെയാണ് തിയറ്ററുകളിലെ താരപ്പോരിന്‍റെ കാര്യത്തില്‍ ഉറപ്പായത്. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ പലകുറി റിലീസ് മാറ്റിവച്ച ചിത്രമാണ് ആമിറിന്‍റെ ലാല്‍ സിംഗ് ഛദ്ദ. ആ ചിത്രം ഇനി ഒരിക്കല്‍ക്കൂടി മാറ്റിവെക്കാനുള്ള സാധ്യത തുലോം വിരളമാണ്. അതേസമയം രണ്ട് ചിത്രങ്ങളും ഒരേ ദിവസം എത്തുന്നതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. രണ്ട് ചിത്രങ്ങള്‍ക്കും ഇത് നെഗറ്റീവ് ആണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ബോളിവുഡ് വ്യവസായത്തിന് ഇത് ആത്യന്തികമായി നല്ലതാണെന്ന് വാദിക്കുന്നവരും ഉണ്ട്.