നാദം നിലയ്ക്കാത്ത മന്ദാരച്ചെപ്പ്; ജോണ്‍സണ്‍ ഇല്ലാത്ത 13 വര്‍ഷങ്ങള്‍
ലാളിത്യമാണ് ജോണ്‍സന്‍റെ സംഗീതത്തെ ഇത്രയും ഹൃദയഹാരിയും ജനപ്രിയവുമാക്കിയത്
മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മമായിട്ട് ഇന്നേയ്ക്ക് 13 വര്‍ഷങ്ങള്‍. സഹൃദയരെ സംബന്ധിച്ച് അദ്ദേഹം പോയിട്ട് ഇത്രയും കാലം ആയി എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. കാരണം നിത്യജീവിതത്തില്‍ മലയാളി സ്വന്തം വികാരങ്ങളെ വിനിമയം ചെയ്യാന്‍ ഇത്രയും ആശ്രയിക്കുന്ന മറ്റൊരു സംഗീതം ഉണ്ടാവില്ല. ആലഭാരങ്ങളൊന്നുമില്ലാത്ത തെളിനീര് പോലുള്ള ആ സംഗീതം കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ നിത്യജീവിതത്തില്‍ ഇപ്പോഴും ഉണ്ടാവില്ല.
തൃശൂര്‍ നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ ക്വയറില്‍ നിന്നാണ് ജോണ്‍സന് ലഭിക്കുന്ന ആദ്യ പരിശീലനം. ഗായകനായിരുന്ന അദ്ദേഹത്തിന് അവിടെനിന്ന് ഹാര്‍മോണിയത്തിലും പരിശീലനം ലഭിച്ചു. 1968 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് തുടങ്ങിയ വോയ്സ് ഓഫ് തൃശൂര്‍ എന്ന ക്ലബ്ബ് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ഏറ്റവും അറിയപ്പെടുന്ന സംഗീത സംഘമായി മാറി. ഇവിടെ ഹാര്‍മോണിയത്തിന് പുറമെ ഗിത്താറും ഫ്ലാട്ടും ഡ്രംസും വയലിനുമൊക്കെ ജോണ്‍സണ്‍ വായിക്കുമായിരുന്നു. ജയചന്ദ്രനും മാധുരിയുമൊത്തെ പാടുന്ന ഷോകളില്‍ പലപ്പോഴും കോറസ് പാടാനും വോയ്സ് ഓഫ് തൃശൂരിലെ കലാകാരന്മാര്‍ക്ക് അവസരം ലഭിച്ചു. ജയചന്ദ്രനാണ് ദേവരാജന്‍ മാസ്റ്റര്‍ക്ക് ജോണ്‍സണെ പരിചയപ്പെടുത്തുന്നത്. ആ പരിചയപ്പെടുത്തലാണ് പില്‍ക്കാലത്ത് ജോണ്‍സണെ മലയാളികളുടെ പ്രിയ സംഗീത സംവിധായകനാക്കി മാറ്റിയത്.
ഗാനങ്ങള്‍ക്ക് മുന്‍പേ പശ്ചാത്തല സംഗീതം നല്‍കിക്കൊണ്ടാണ് സിനിമയിലേക്കുള്ള ജോണ്‍സന്‍റെ വരവ്. ഭരതന്‍റെ ആരവം (1978) ആയിരുന്നു ചിത്രം. പിന്നീട് കാലത്തെ മറികടന്ന, മലയാളികള്‍ ഇന്നും മൂളുന്ന നിരവധി ഹിറ്റ് ഗാനങ്ങള്‍. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ പവിഴം പോല്‍ പവിഴാധരം പോല്‍, ദശരഥത്തിലെ മന്ദാരച്ചെപ്പുണ്ടോ, ഞാന്‍ ഗന്ധര്‍വ്വനിലെ ദേവാംഗണങ്ങള്‍ അങ്ങനെ പാടിയാല്‍ തീരാത്തത്ര ഗാനങ്ങള്‍.
ലാളിത്യമാണ് ജോണ്‍സന്‍റെ സംഗീതത്തെ ഇത്രയും ഹൃദയഹാരിയും ജനപ്രിയവുമാക്കിയത്. സംഗീതത്തിലെ തന്‍റെ അറിവ് കേള്‍വിക്കാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒട്ടുമേ ആഗ്രഹമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലെ വലിയ അറിവ് അദ്ദേഹത്തെ മിനിമലിസ്റ്റ് ആക്കുകയാണ് ചെയ്തത്. പാട്ടുകള്‍ക്ക് പുറമെ പശ്ചാത്തല സംഗീതത്തിലും മികവ് തെളിയിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് ഈ അറിവ് കൂടിയാണ്.
ദേവരാജന്‍ മാസ്റ്റര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് സംഗീതമൊരുക്കിയത് ജോണ്‍സണ്‍ ആയിരുന്നു. രണ്ട് തവണയാണ് പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു മലയാളിയും ജോണ്‍സണ്‍ തന്നെ. 2011 ഓഗസ്റ്റ് 18 ന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ജോണ്‍സന്‍റെ 13-ാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹം പശ്ചാത്തലമൊരുക്കിയ ഒരു ചിത്രം റീ റിലീസ് ആയി തിയറ്ററുകളിലുണ്ട് എന്നത് കൗതുകമാണ്. പശ്ചാത്തലസംഗീതത്തില്‍ ജോണ്‍സന്‍റെ നോട്ടബിള്‍ വര്‍ക്കുകളിലൊന്നായ മണിച്ചിത്രത്താഴാണ് ആ ചിത്രം. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആ ഈണം ഇവിടെയൊക്കെത്തന്നെയുണ്ടാവും എന്നതിന് തെളിവ് കൂടിയാവുന്നു അത്.
ALSO READ : ബിഗ് ബജറ്റില്‍ 'ഹാല്‍'; ഷെയ്ന്‍ നിഗം ചിത്രത്തിന്‍റെ ടീസര്‍ എത്തി