ഐക്കോണിക് തീം മ്യൂസിക്; ‘സിബിഐ 5‘ൽ സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്
കൊവിഡ് പ്രതിസന്ധി മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറക്കാരുടെ ആലോചന.
1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. ഓരോ സിനിമകളിലെയും കഥാപാത്രങ്ങളെ പോലെ തന്നെ മലയാളികൾ എക്കാലത്തും ഓർത്തിരിക്കുന്നത് ചിത്രത്തിലെ പശ്ചാത്തല സംഗീതമാണ്. ഈ നാല് ഭാഗങ്ങൾക്കും സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. സിബിഐ അഞ്ചാം ഭാഗം ഒരുങ്ങുമ്പോൾ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.
ജേക്സ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഭാഗമാകാൻ സാധിക്കുന്നതിലെ സന്തോഷം അറിയിച്ചത്.‘ശ്യാം സാർ ഒരുക്കിയ ഐകോണിക് തീം മ്യൂസിക് വീണ്ടും ഒരുക്കുന്നത് ഒരു അംഗീകാരമായി കാണുന്നു. കെ മധു സാർ, എസ് എൻ സ്വാമി സാർ, സ്വർഗ്ഗചിത്ര അപ്പച്ചൻ എന്നിവർക്കൊപ്പസ്എം വർക്ക് ചെയ്യാൻ തീർത്തും അക്ഷമനായി കാത്തിരിക്കുകയാണ്. ഈ വ്യാധി ഉടൻ അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മമ്മൂക്ക സേതുരാമയ്യർ സിബിഐ ആയി വീണ്ടും തകർത്താടുന്നത് കാണാൻ കാത്തിരിക്കുന്നു‘, എന്ന് ജേക്സ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, സിബിഐ 5ൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ആശ ശരത്താണ്. കൊവിഡ് പ്രതിസന്ധി മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറക്കാരുടെ ആലോചന. എറണാകുളത്തായിരിക്കും ചിത്രീകരണത്തിന് തുടക്കമിടുക. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുകയാണെന്നും നിലവിലെ പ്രതിസന്ധി നീങ്ങിയാല്‍ ചിത്രീകരണത്തിന് തുടക്കമാവുമെന്നും കെ മധു പറഞ്ഞു. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona