ഇട്ടിമാണിക്കായി പാട്ട് പാടി എം ജി ശ്രീകുമാർ; മോഹൻലാൽ ചിത്രത്തിലെ പാട്ടെത്തി
ഫോർ മ്യൂസിക്കാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 'ബൊമ്മ' എന്ന തുടങ്ങുന്ന ഗാനം മലയാളവും ചൈനീസ് ഭാഷയും ചേർത്താണ് ഒരുക്കിയിരിക്കുന്നത്
മോഹൻലാൽ ചിത്രത്തിനായി എം ജി ശ്രീകുമാർ പാടിയ പാട്ടുകളെല്ലാം ഹിറ്റുകളാണ്. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുകയാണ്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' എന്ന ചിത്രത്തിനായാണ് എം ജി ശ്രീകുമാർ ഗാനം ആലപിക്കുന്നത്. ഫോർ മ്യൂസിക്കാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 'ബൊമ്മ' എന്ന തുടങ്ങുന്ന ഗാനം മലയാളവും ചൈനീസ് ഭാഷയും ചേർത്താണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമ്മയാണ് ഗാനം രചിച്ചിരിക്കുന്നത്.
എം.ജി. ശ്രീകുമാറിനെ കൂടാതെ വൃന്ദ ഷമീഖ് ഘോഷ്, മാസ്റ്റർ ആദിത്യൻ, ലിയു ഷുവാങ്ങ്, തെരേസ റോസ് ജിയോ എന്നിവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചൈനീസ് വരികൾ എഴുതിയിരിക്കുന്നത് ലിയു ഷുവാങ്ങാണ്.'ലൂസിഫറി'ന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'. തൃശൂരാണ് കഥാപശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്‌റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.