കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി 'ഇള', പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
കോവിഡ് മുന്നണിപ്പോരാളികളെ പ്രതിനിധീകരിക്കുന്ന ഇള എന്ന ഡോക്ടറുടെ ജീവിതത്തിലൂടെയാണ് ഗാനചിത്രം കടന്നു പോകുന്നത്.
കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ മ്യൂസിക് ഫീച്ചര്‍ 'ഇള' റിലീസ് ചെയ്തു. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറില്‍ അപര്‍ണ ബാലമുരളിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതസംവിധായകന്‍ ബിജിബാലിനും കഥകളി കലാകാരന്‍ പീശപ്പള്ളി രാജീവനുമൊപ്പം ഹരിനാരായണനും ഇളയില്‍ അഭിനയിച്ചിരിക്കുന്നു. കോവിഡ് മുന്നണിപ്പോരാളികളെ പ്രതിനിധീകരിക്കുന്ന ഇള എന്ന ഡോക്ടറുടെ ജീവിതത്തിലൂടെയാണ് ഗാനചിത്രം കടന്നു പോകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും എ.സി. മൊയ്ദീന്‍ എംഎല്‍എയും ചേര്‍ന്നായിരുന്നു ഇളയുടെ യൂട്യൂബ് റിലീസ് നിര്‍വഹിച്ചത്. മ്യൂസിക്കല്‍ ഫീച്ചറൈറ്റ് പ്രകാശം ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കൊവിഡ് പ്രതിസന്ധിയുടെ നാളുകളില്‍ മനുഷ്യജീവനുകള്‍ കാക്കുന്നതിനായി സ്വന്തം സുരക്ഷ അവഗണിച്ചുകൊണ്ട് പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
മിഥുന്‍ ജയരാജാണ് ഗാനചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.വൈബ്‌സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണ്‍ ആണ് നിര്‍മാണം. ഛായാഗ്രഹണം മനേഷ് മാധവന്‍, എഡിറ്റിങ് പ്രവീണ്‍ മംഗലത്ത്, ആര്‍ട്ട് ഇന്ദുലാല്‍ കാവീട് എന്നിവര്‍ നിര്‍വഹിക്കുന്നു. ലിജുപ്രഭാകര്‍, ധനുഷ് നായനാര്‍, ജയറാംരാമചന്ദ്രന്‍, അവണാവ് നാരായണന്‍ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശില്പികള്‍