ഓഡിയോ കാസറ്റിൽ പാട്ടുകളൊരുക്കാൻ 'ഹൃദയം' ടീം; കേവലം നൊസ്റ്റാൾജിയ അല്ലെന്ന് വിനീത് ശ്രീനിവാസൻ
ഹൃദയം സിനിമയിലെ പാട്ടുകൾ എല്ലാം ഓഡിയോ കാസറ്റായും ഓഡിയോ സിഡി രൂപേണയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവത്തകർ.
കാലങ്ങൾക്ക് മുമ്പ് സംഗീത പ്രേമികളുടെ ശേഖരങ്ങളിൽ ഒന്നായിരുന്നു കാസറ്റുകൾ. പലരും തങ്ങളുടെ ഇഷ്ട ഗാനങ്ങളുടെ കാസറ്റുകൾ വാങ്ങി സൂക്ഷിച്ചിരുന്നു. എന്നാൽ കാലം മാറിയതോടെ ഏത് പാട്ടും വിരൽ തുമ്പിൽ ലഭിക്കും എന്ന നിലയിലായി. ഇപ്പോഴിതാ ആ പഴയ കാലം തിരികെ എത്തിക്കാൻ ഒരുങ്ങുകയാണ് 'ഹൃദയം' ടീം.
ഹൃദയം സിനിമയിലെ പാട്ടുകൾ എല്ലാം ഓഡിയോ കാസറ്റായും ഓഡിയോ സിഡി രൂപേണയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവത്തകർ. മോഹൻലാൽ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘ടേപ്പ് റെക്കോർഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസ്സറ്റ് പ്ലേ ചെയ്തു പാട്ടു കേൾക്കുന്നവർ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാൾജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തിൽ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവർ. ഇവർക്കുള്ള ഞങ്ങളുടെ സ്നേഹസമ്മാനമാണ്’, എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്.
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം‘. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍.
എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona