'നിങ്ങൾ മരണ മാസ്സ് ആണ് മക്കളെ'; സിഇടി വിദ്യാർത്ഥികളെ പ്രശംസിച്ച് ഹരീഷ് ശിവരാമകൃഷ്ണൻ
ബെഞ്ച് വെട്ടിയവരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകരം എന്നും നിങ്ങൾ മരണ മാസ്സ് ആണ് മക്കളെ എന്നുമാണ് ഹരീഷ് കുറിച്ചത്.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി(CET) കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇതിനിടെ വിദ്യാർത്ഥികളെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ (Harish Sivaramakrishnan). ബെഞ്ച് വെട്ടിയവരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകരം എന്നും നിങ്ങൾ മരണ മാസ്സ് ആണ് മക്കളെ എന്നുമാണ് ഹരീഷ് കുറിച്ചത്.
ഹരീഷ് ശിവരാമകൃഷ്‌ണന്റെ വാക്കുകൾ
CET പിള്ളേരെ - നിങ്ങൾ മരണ മാസ്സ് ആണ് മക്കളെ … ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകർ ഹേ …ps : നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്താൽ നിനക്കു ഓക്കേ ആണോ എന്ന് ചോദിക്കാൻ വരുന്ന k7 അങ്കിൾസ് … എന്റെ വീട്ടിലെ പെണ്ണുങ്ങൾ ഒക്കെ സ്വയം തീരുമാനം എടുക്കാൻ കഴിവുള്ള ആളുകൾ ആണ് കേട്ടോ … അതിൽ എന്റെ പെർമിഷൻ വേണ്ടാ അവർക്ക്.
ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സറ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തിൽ പ്രതിഷേധവുമായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ (സിഇടി) വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. അടുത്തിരിക്കാൻ വിലക്കുമായെത്തിയവർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ മടിയിലിരുന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും. തിരുവനന്തപുരം സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ചൊവ്വാഴ്ച വിദ്യാർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ആൺ കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാനാണ് സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മടിയിലിരുന്ന് പ്രതിഷേധിച്ചത്. അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയിൽ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാർത്ഥികൾ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിന്റെ ചിത്രം മുൻ എംഎൽഎ കെ എസ് ശബരീനാഥനടക്കമുള്ളവരും പങ്കുവച്ചിട്ടുണ്ട്. സിഇടി പൂർവ്വവിദ്യാർത്ഥിയാണ് ശബരീനാഥൻ.