'എന്റെ ജീവിതത്തിലിതാദ്യം'; ഷാർജയിൽ പാടുന്നതിനിടെ വൻ സർപ്രൈസ്, സന്തോഷം പങ്കിട്ട് എം ജി ശ്രീകുമാർ
ഷാർജയിലെ ഒരു സംഗീത പരിപാടിയ്ക്കിടെ നടന്ന സംഭവത്തെ കുറിച്ച് എം ജി ശ്രീകുമാർ എഴുതിയ കുറിപ്പ് നിലവിൽ ശ്രദ്ധനേടുകയാണ്.
കാലമെത്ര കഴിഞ്ഞാലും എം ജി ശ്രീകുമാറും അദ്ദേഹത്തിന്റെ പാട്ടുകളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇന്നും ആവർത്തിച്ച് കേരളക്കര കേൾക്കുന്ന ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇനിയും ഒട്ടനവധി ഗാനങ്ങൾ വരാനുമിരിക്കുന്നു. ഗാനരംഗത്ത് നാൽപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ എം ജി ശ്രീകുമാർ, ഷാർജയിലെ ഒരു സംഗീത പരിപാടിയ്ക്കിടെ നടന്ന സംഭവത്തെ കുറിച്ച് എഴുതിയ കുറിപ്പ് നിലവിൽ ശ്രദ്ധനേടുകയാണ്. ഷാർജ ഭരണാധികാരിയുടെ ഉപദേശകനായ എച്ച്. ഇ. മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂഖി, എം ജി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഡയറക്ടർ ബോർഡ് മെമ്പർ ആയി പ്രഖ്യാപിച്ച സന്തോഷമാണ് അദ്ദേഹം പങ്കുവച്ചത്.
"ഞാനിപ്പോൾ ഗാനരംഗത്ത് നാല്പത്തിയഞ്ച് വർഷം പിന്നിട്ടു കഴിഞ്ഞു. എങ്കിലും നാല്പതാം വർഷത്തിന്റെ ഒരു പ്രോഗ്രാം കലിഡിയോ സ്കോപ് മീഡിയ ഈവന്റ് എന്ന് പറയുന്ന കമ്പനി ഷാർജയിൽ നടത്തി. ഒട്ടേറെ ആൾക്കാരുണ്ടായിരുന്നു വേദിയിൽ. ആ പരിപാടി ഉദ്ഘാടനം ചെയ്തത് മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂഖി ആയിരുന്നു. ഷാർജ ഭരണാധികാരിക്ക് ഒട്ടനവധി സ്കൂളുകളുണ്ട്. അതെല്ലാം മാനേജ് ചെയ്യുന്നത് ഇദ്ദേഹമാണ്. 'സ്വാമിനാഥ പരിപാലയ..' ആണ് ഞാൻ വേദിയിൽ പാടിയത്. അത് കേട്ട ഉടൻ അദ്ദേഹം സ്റ്റേജിലെത്തി, പ്രശംസിച്ചു. ശേഷം അദ്ദേഹത്തിന്റെ സ്കൂളിന്റെ ഒരു പങ്കാളിയാക്കുകയും എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിൽ എന്നെ ഒരു ഡയറക്ടർ ബോർഡ് മെമ്പറുമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നുള്ള കാര്യങ്ങളുടെ ചർച്ചകൾ ഇനി ഉണ്ടാകുമായിരിക്കാം", എന്നാണ് ഇക്കാര്യത്തെ കുറിച്ച് എം ജി ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചത്.
'എന്റെ ജീവിതം'; അദിതിയെ നെഞ്ചോടു ചേർത്ത് സിദ്ധാർത്ഥ്, പിറന്നാൾ ആഘോഷമാക്കി താരങ്ങൾ
"എന്റെ ജീവിതത്തിൽ ഇന്നുവരെ ഇത്തരമൊരു മൊമന്റ് ഉണ്ടായിട്ടില്ല. കേരളത്തിനകത്തും പുറത്തും ഒട്ടേറെ പ്രോഗ്രാം ചെയ്തിട്ടുള്ളൊരു ആളാണ് ഞാൻ. മുൻപെങ്ങും ഇത്തരമൊരു കാര്യം നടന്നിട്ടില്ല. ഇങ്ങനെ ഒരു വലിയ അംഗീകാരം ഷാർജ എച്ച്. ഇ. മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂഖി എനിക്ക് തന്നതിൽ ഒരുപാടു സന്തോഷം", എന്നും എം ജി ശ്രീകുമാർ കൂട്ടിച്ചേർത്തു. ഈ സന്തോഷ വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രിയ ഗായകന് ആശംസയുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം