പുതിയ നേട്ടത്തിലേക്ക് കുതിച്ച് 'റൗഡി ബേബി', സന്തോഷം പങ്കുവച്ച് ധനുഷും സായിയും
റൗഡി ബേബി ഈ നേട്ടം കൈവരിക്കുമ്പോൾ ധനുഷിന് സന്തോഷിക്കാൻ മറ്റൊന്നു കൂടിയുണ്ട്. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ധനുഷിന്റെ കൊലവെറി പാട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം പൂർത്തിയാകുകയാണ്.
ധനുഷും സായ്പല്ലവിയും കിടിലൻ നൃത്ത ചുവടുകളുമായി ആരാധകരെ ഞെട്ടിച്ച 'റൗഡി ബേബി'യ്ക്ക് വീണ്ടും അംഗീകാരം. യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ വണ്‍ ബില്യൺ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡാണ് റൗഡി ബേബിക്ക് സ്വന്തമായത്. റെക്കോർഡുകൾ ഭേദിച്ചാണ് മാരി 2 വിലെ ഈ ഗാനം ജൈത്രയാത്ര തുടർന്നത്.
ധനുഷും സായി പല്ലവിയും ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. റൗഡി ബേബി ഈ നേട്ടം കൈവരിക്കുമ്പോൾ ധനുഷിന് സന്തോഷിക്കാൻ മറ്റൊന്നു കൂടിയുണ്ട്. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ധനുഷിന്റെ കൊലവെറി പാട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം പൂർത്തിയാകുകയാണ്. ഇതേ ദിവസം തന്നെ റൗഡി ബേബിയും ചരിത്രം സൃഷ്ടിച്ചതിന്റെ സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വീഡിയോ എന്ന നേട്ടം റൗഡി ബേബി സ്വന്തമാക്കിയിരുന്നു. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി2വിലെതാണ് ഗാനം. യുവൻ ശങ്കർരാജ സംഗീതം നിർവ്വഹിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടേതാണ് കൊറിയോഗ്രാഫി.
ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു സായ് ഗാനരംഗത്തിൽ കാഴ്ചവച്ചത്. അതുതന്നെയാണ് ഈ ഗാനത്തിന്റെ ആകർഷണവും. ഈ ഗാനം ഇറങ്ങിയ സമയത്ത് തന്നെ വൈറലായിരുന്നു. യൂട്യൂബിൽ റെക്കോർഡുകളാണ് ആദ്യ ആഴ്ചയിൽ തന്നെ ഗാനം കൈവരിച്ചത്.
അനിരുദ്ധ് രവിചന്ദറും ധനുഷും ചേർന്നാണ് കൊലവെറി ഗാനം ഒരുക്കിയത്. 3 എന്ന ചിത്രത്തിന് വേണ്ടി ധനുഷ് തന്നെയാണ് ഗാനം പാടിയതും. സംഗീത സംവിധായകനെന്ന നിലയിൽ അനിരുദ്ധിന്റെ ആദ്യ ഗാനമായിരുന്നു അത്.