റഹ്‍മാന്‍റെ ഈണം, മണി രത്നത്തിന്‍റെ ദൃശ്യപ്പൊലിമ; പൊന്നിയിന്‍ സെല്‍വനിലെ 'ദേവരാളന്‍ ആട്ടം': വീഡിയോ
13 ഗായകര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്
വന്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയെത്തുന്ന ചിത്രങ്ങള്‍ പ്രേക്ഷകപ്രതീക്ഷ കാക്കുക എന്നത് അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണ്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് അതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. മണി രത്നം എന്ന ബിഗ് സ്ക്രീനിലെ മജീഷ്യന്‍ തന്‍റെ സ്വപ്ന ചിത്രം എന്ന് വിശേഷിപ്പിച്ചു എന്നത് മാത്രം മതിയായിരുന്നു പ്രേക്ഷകപ്രതീക്ഷ വാനോളം ഉയരാന്‍. ഒപ്പം തമിഴ് ജനത ഹൃദയത്തിലേറ്റിയ, കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്‍റെ ചലച്ചിത്ര രൂപം എന്നതും വന്‍ താരനിരയും ചിത്രത്തിന് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. ഏതൊരു മണി രത്നം ചിത്രവും പോലെ സംഗീതത്തിനും ദൃശ്യവിന്യായത്തിനുമൊക്കെ പ്രാധാന്യമുണ്ടായിരുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ദേവരാളന്‍ ആട്ടം എന്ന വീഡിയോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇലങ്കോ കൃഷ്ണന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. ഒന്നും രണ്ടുമല്ല 13 ഗായകര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. നാരായണന്‍, ദീപക് സുബ്രഹ്‍മണ്യം, ജിതിന്‍ രാജ് ജി ആര്‍, സന്തോഷ് ഹരിഹരന്‍ തുടങ്ങിയവരൊക്കെ ആ സംഘത്തില്‍ ഉണ്ട്.
രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ്. ഫ്രാഞ്ചൈസിയിലെ രണ്ട് ഭാഗങ്ങളുടെയും കൂടിയുള്ള നിര്‍മ്മാണച്ചെലവ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തി.