സിനിമാ സ്റ്റൈൽ നീക്കം; ഗായകനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കാർ തടഞ്ഞ് പിടിച്ച് തമിഴ്‌നാട് പൊലീസ്
ലോക സംഗീത ദിനത്തിന്‍റെ ഭാഗമായി ചെന്നൈ നുംഗബാക്കത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് തമിഴ് യുവാക്കളുടെ പ്രിയ റാപ്പ് ഗായകനെ തട്ടിക്കൊണ്ടുപോയത്
ചെന്നൈ: ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവ ഗായകനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ വച്ച് അക്രമി സംഘത്തെ കാർ തടഞ്ഞാണ് പൊലീസ് പിടികൂടിയത്. ഈ കാറിലുണ്ടായിരുന്ന ദേവ് ആനന്ദിനെ രക്ഷപ്പെടുത്താനും പൊലീസിന് സാധിച്ചു. ദേവാനന്ദിനൊപ്പം കാറിലുണ്ടായിരുന്ന നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തംഗ സംഘമാണ് ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി ചെന്നൈയിൽ വച്ചാണ് സംഭവം. കത്തി ചൂണ്ടിയാണ് ദേവാനന്ദുമായി സംഘം കടന്നത്.
ലോക സംഗീത ദിനത്തിന്‍റെ ഭാഗമായി ചെന്നൈ നുംഗബാക്കത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് തമിഴ് യുവാക്കളുടെ പ്രിയ റാപ്പ് ഗായകനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ദേവ് ആനന്ദ്. ചെന്നൈ - ബെംഗളൂരു ദേശീയ പാതയിലേക്ക് കയറിയ കാർ തിരുവേർകാട് എന്ന സ്ഥലത്തെത്തിയപ്പോൾ പിന്നാലെ വന്ന ഇരുചക്ര വാഹനം കാറിൽ തട്ടി.
Read More: തമിഴ് റാപ് ഗായകൻ ദേവാനന്ദിനെ കത്തിചൂണ്ടി തട്ടിക്കൊണ്ടുപോയി
കാറിന് തകരാറുണ്ടോയെന്ന് പരിശോധിക്കാനായി ദേവ് ആനന്ദിന്‍റെ സുഹൃത്ത് പുറത്തിറങ്ങി. പെട്ടെന്ന് ഇവർക്കടുത്തേക്ക് പാഞ്ഞെത്തിയ എസ്‌യുവി കാറിൽ നിന്ന് പത്ത് പേരുടെ സംഘം പുറത്തിറങ്ങി. ഇവർ കത്തി കാട്ടി ദേവ് ആനന്ദിനെ കാറിൽ നിന്ന് പിടിച്ചിറക്കി തങ്ങളുടെ വാഹനത്തിലേക്ക് കയറ്റിയ ശേഷം പാഞ്ഞുപോവുകയായിരുന്നു.
സുഹൃത്തുക്കളാണ് സംഭവത്തിൽ തിരുവേര്‍കാട് പൊലീസിൽ പരാതി നൽകിയത്. മധുര സ്വദേശിയായ ദേവ് ആനന്ദിന്റെ സഹോദരൻ ചിരഞ്ജീവി പലരിൽ നിന്നായി രണ്ടര കോടി രൂപയോളം വാങ്ങിയിരുന്നു. ഈ കടം തിരികെ കൊടുത്തിരുന്നില്ല. ഇവരാണ് പണത്തിന് വേണ്ടി യുവഗായകനെ തട്ടിക്കൊണ്ട് പോയതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതികളെ കണ്ടെത്തിയതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.