'ചെക്കേലടിക്കുന്നുണ്ടേ'; കൊവിഡ് പോരാളികള്‍ക്ക് ഹൃദയാഭിവാദ്യവുമായി അഭിരാമിയുടെ പാട്ട്
അമൃതം ഗമയ മുന്‍പ് പല വേദികളിലും അവതരിപ്പിച്ചിട്ടുള്ള 'ചെക്കേലടിക്കുന്നുണ്ടേ' എന്ന് തുടങ്ങുന്ന നാടന്‍പാട്ടിന്‍റെ പുതിയ വെര്‍ഷനാണ് അഭിരാമി പാടി പുറത്തിറക്കിയിരിക്കുന്നത്.
ഈ കാലവും നമ്മള്‍ കടന്നുപോകുമെന്ന ധൈര്യം പകരുകയാണ് പുതിയ ആലാപനത്തിലൂടെ അഭിരാമി സുരേഷ്. അമൃതം ഗമയ മുന്‍പ് പല വേദികളിലും അവതരിപ്പിച്ചിട്ടുള്ള 'ചെക്കേലടിക്കുന്നുണ്ടേ' എന്ന് തുടങ്ങുന്ന നാടന്‍പാട്ടിന്‍റെ പുതിയ വെര്‍ഷനാണ് അഭിരാമി പാടി പുറത്തിറക്കിയിരിക്കുന്നത്. ലോകമെമ്പാടും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് ഗാനത്തിന്‍റെ സമര്‍പ്പണം.
ഉച്ചസ്ഥായിയിലുള്ള ആലാപനമാണ് അമൃതം ഗമയ തന്നെ മുന്‍ വേദികളില്‍ ഈ ഗാനത്തിന് നല്‍കിയിരുന്നതെങ്കില്‍ അഭിരാമിയുടെ പുതിയ വെര്‍ഷന്‍ മെലഡിയാണ്. ആകാശ് മേനോനാണ് ഗിറ്റാറിസ്റ്റ്. കീബോര്‍ഡ് കൈകാര്യം ചെയ്‍തിരിക്കുന്നത് പ്രഷ്യസ് പീറ്ററും. വീഡിയോയുടെ ഛായാഗ്രഹണം അവന്തിക ബാലകുമാര്‍. എഡിറ്റിംഗ് അശ്വന്ത് രാജീവ്. റെക്കോര്‍ഡിംഗ് എന്‍ജിനീയര്‍ സായ് പ്രകാശ്. അമൃതം ഗമയയുടെ യുട്യൂബ് ചാനലിലൂടെ ഇന്നലെ പുറത്തുവിട്ട വീഡിയോയ്ക്ക് ഇതിനകം 23,000ല്‍ അധികം കാഴ്‍ചകള്‍ ലഭിച്ചിട്ടുണ്ട്.