BTS|'ആ പാട്ട് നശിച്ചു പോയി’; ആരാധകരെ നിരാശയിലാക്കി ബിടിഎസിന്‍റെ വെളിപ്പെടുത്തല്‍
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ 'ഡൈനമൈറ്റ്' എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീർക്കാൻ ബിടിഎസിന് സാധിച്ചിരുന്നു.
ലോകം മുഴുവൻ ആരാധകരുള്ള സംഗീത ബാൻഡ്(music band) ആണ് ബിടിഎസ്(K-pop group BTS). ബിടിഎസിന്റെ പുതിയ വീഡിയോകൾക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. എന്നാൽ ഈ ആരാധകരെയെല്ലാം നിരാശയിലാഴ്ത്തുന്ന വെളിപ്പെടുത്തലാണ് ബിടിഎസ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
പുറത്തിറക്കാൻ തയ്യാറാക്കി വച്ചിരുന്ന പാട്ടിന്റെ ഫയൽ നഷ്ടപ്പെട്ടു പോയി എന്ന വിവരമാണ് ഇപ്പോൾ ബാൻഡ് പുറത്തു വിട്ടത്. ബാൻഡിലെ ആർഎം(കിം നാജൂൻ) ആണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. കമ്പ്യൂട്ടറിലെ ചില ഡോക്യുമെന്റുകൾ നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുതിയ പാട്ടിന്റെ ഫയലുകളും ഡിലീറ്റ് ആയിപ്പോയെന്നും പൂർണമായും തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണതെന്നും ആർഎം പറയുന്നു.
ആ പാട്ട് നശിച്ചു പോയെന്നും ഇനിയൊരു വീണ്ടെടുപ്പില്ലെന്നും കുറിച്ച ആർഎം, തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇതെന്നും കൂട്ടിച്ചേർത്തു. പാട്ടിന്റെ അറുപതോളം ഓഡിയോ ട്രാക്കുകളും നഷ്ടപ്പെട്ടെന്നും അതുകൊണ്ടു തന്നെ ഇനി ആ പാട്ടിനെ പുനസൃഷ്ടിക്കുക സാധ്യമല്ലെന്നും ആർഎം വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് ആശ്വാസവാക്കുകളുമായി സമൂഹമങ്ങളിലൂടെയും അല്ലാതെയും എത്തുന്നത്. ബിടിഎസിന്റെ കഠിനാധ്വാനം വിഫലമായതിൽ പലരും ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ 'ഡൈനമൈറ്റ്' എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീർക്കാൻ ബിടിഎസിന് സാധിച്ചിരുന്നു. ഈ മ്യൂസിക് വീഡിയോയിലൂടെ തങ്ങളുടെതന്നെ മുന്‍ റെക്കോര്‍ഡാണ് ബിടിഎസ് മറികടന്നത്.