പ്രണവിന്റെ 'വർഷങ്ങൾക്കു ശേഷം'; സംഗീതം ഒരുക്കാൻ ബോംബെ ജയശ്രീയുടെ മകന്‍
'ഹൃദയം' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം.
ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം ആയിരുന്നു പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം. ആകാംക്ഷകൾക്ക് ഒടുവിൽ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചപ്പോൾ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. 'വർഷങ്ങൾക്കു ശേഷം' എന്നാണ് ചിത്രത്തിന്റെ പേര്. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് വിനീത്.
ചിത്രത്തിന് സംഗീത ഒരുക്കാൻ കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ് എത്തുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിനീത് ശ്രീനിവാസൻ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിനീതിനൊപ്പം പ്രവർത്തിക്കുന്നതിന്റെ സന്തോഷം അമൃതും പങ്കുവച്ചിട്ടുണ്ട്. 'എന്റെ ഏറ്റവും വലിയ സ്വപ്നം, യാഥാർത്ഥ്യമാകുന്നു', എന്നാണ് 'വർഷങ്ങൾക്കു ശേഷ'ത്തിന്റെ അനൗൺസ്മെന്റ് പങ്കുവച്ച് അമൃത് കുറിച്ചത്. എന്റെ മ്യൂസിക് ഡയറക്ടർ എന്ന് പറഞ്ഞാണ് വിനീത് അമൃതിനെ പരിചയപ്പെടുത്തിയത്.
സൂപ്പർ ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം ആ ടീം തന്നെ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വർഷങ്ങൾക്കു ശേഷം'. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും. വിനീതിന്റെ ആറാമത്തെ സംവിധാന സംരംഭം കൂടിയാണ് 'വർഷങ്ങൾക്കു ശേഷം'.
മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഹൃദയവും നിര്‍മിച്ചത് വൈശാഖ് ആയിരുന്നു. മേരിലാന്റ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. 2022 ജനുവരിയില്‍ റിലീസ് ചെയ്ത ഹൃദയം വന്‍ ഹിറ്റായിരുന്നു. പ്രണവിനൊപ്പം കല്യാണിയും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 100 ദിവസങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പാട്ടുകള്‍ക്ക് പ്രധാന്യമുണ്ടായിരുന്ന ചിത്രത്തില്‍ ഹിഷാം ആയിരുന്നു സംഗീതം ഒരുക്കിയത്.
'നല്ല മൂർച്ചയായിരുന്നു അതിന്, മമ്മൂക്ക സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു'; സുമിത് നവൽ
അമൃത് രാംനാഥിന്‍റെ 'മനസേ..' അല്‍ബം സോംഗ്